ആൻസൺ പോൾ, ആരാധ്യ ആന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജാസാഗർ സംവിധാനം ചെയ്യുന്ന 'താൾ' സിനിമയുടെ പ്രീ ലോഞ്ച് ഇവന്‍റും ഓഡിയോ റിലീസും നടന്നു. കൊച്ചി ഐ എം എ ഹൗസിൽ നടന്ന ചടങ്ങിൽ കേരള ഫിലിം ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ സെക്രട്ടറി എവർഷൈന്‍ മണി, ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്‍റും പ്രൊഡ്യൂസറുമായ ലിസ്റ്റിൻ സ്റ്റീഫൻ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എന്നിവർ മുഖ്യാതിഥികളായി.
ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്‍റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. ക്രിസ് തോപ്പിൽ, മറ്റ് നിർമാതാക്കളുടെ പ്രതിനിധികളായ റെമോണ, ജെയ്‌സണ്‍ പുത്തൻപുരയ്ക്കൽ, സരിൻ കമ്പാട്ടി എന്നിവർ പ്രീ ലോഞ്ച് - ഓഡിയോ റിലീസ് ഇവന്‍റിൽ പങ്കെടുത്തു.
ഒപ്പം സംവിധായകൻ രാജാസാഗർ, തിരക്കഥാകൃത്ത് ഡോ. ജി കിഷോർ, സംഗീത സംവിധായകൻ ബിജിബാൽ, ആൻസൺ പോൾ, ആരാധ്യ ആൻ, അരുൺ കുമാർ, നോബി മാർക്കോസ്, വിവിയ ശാന്ത്, ഗായകരായ സൂരജ് സന്തോഷ്, രഞ്ജിത്ത് ജയരാമൻ, ഗാനരചയിതാവ് രാധാകൃഷ്‌ണൻ കുന്നുംപുറം എന്നിവരും സന്നിഹിതരായിരുന്നു.
മനോരമ മ്യൂസിക് ആണ് ചിത്രത്തിന്‍റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയത്. രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന ക്യാമ്പസ് കഥയാണ് താൾ പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ആൻസൺ പോൾ, ആരാധ്യ ആന്‍ എന്നിവർ നായികാ - നായകന്മാരാകുന്ന ചിത്രത്തിൽ രാഹുൽ മാധവ്, രൺജി പണിക്കർ, രോഹിണി, ദേവി അജിത്ത്, സിദ്ധാർഥ് ശിവ, നോബി, ശ്രീധന്യ, വിവിയ ശാന്ത്, അരുൺ കുമാർ, മറീന മൈക്കിൾ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
'റാഹേൽ മകൻ കോര'യ്‌ക്ക് ശേഷം ആൻസൺ പോൾ നായകനായി എത്തുന്ന ചിത്രമാണ് 'താൾ'. നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മികച്ച പ്രതികരണം നേടിയിരുന്നു. യഥാർഥ സംഭവങ്ങളെ ആസ്‌പദമാക്കിയാണ് 'താൾ' ഒരുക്കിയിരിക്കുന്നത് എന്ന് പോസ്റ്ററിൽ നിന്നും വ്യക്തമായിരുന്നു. മലയാള സിനിമ ഇതുവരെ കൈകാര്യം ചെയ്യാത്ത പ്രമേയവുമായാണ് ചിത്രം എത്തുന്നതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് മാധ്യമപ്രവര്‍ത്തകനായ ഡോ. ജി. കിഷോര്‍ ആണ്. സിനു സിദ്ധാര്‍ത്ഥ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ബി കെ ഹരിനാരായണന്‍, രാധാകൃഷ്‌ണന്‍ കുന്നുംപുറം എന്നിവരുടെ വരികൾക്ക് ബിജിബാല്‍ ഈണം പകർന്നിരിക്കുന്നു. കല - രഞ്ജിത്ത് കോതേരി, സൗണ്ട് ഡിസൈന്‍ - കരുണ്‍ പ്രസാദ്, വിസ്‌ത ഗ്രാഫിക്‌സ്, വസ്‌ത്രാലങ്കാരം - അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - കിച്ചു ഹൃദയ് മല്ല്യ, ഡിസൈന്‍ - മാമി ജോ, പി ആർ ഒ - പ്രതീഷ് ശേഖർ.