ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ സംഘട്ടന സംവിധായകൻ ജോളി ബാസ്റ്റ്യൻ (ജോളി മാസ്റ്റർ) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്, സ്വദേശമായ ആലപ്പുഴയിൽ വച്ചായിരുന്നു അന്ത്യം (Stunt Master Jolly Bastian dies of cardiac arrest). 53 വയസായിരുന്നു. ആലപ്പുഴ സ്വദേശിയാണെങ്കിലും കന്നഡ സിനിമയിലാണ് ഇദ്ദേഹം ഏറ്റവും കൂടുതൽ പ്രവർത്തിച്ചിട്ടുള്ളത്.
വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിലായി 900ലധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ 'കണ്ണൂർ സ്‌ക്വാഡ്', ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'അങ്കമാലി ഡയറീസ്' തുടങ്ങിയ സിനിമകൾക്ക് സംഘട്ടനം ഒരുക്കിയത് ഇദ്ദേഹമായിരുന്നു. സിനിമാസ്വാദകർക്ക് അവിസ്‌മരണീയമായ ആക്ഷൻ സ്വീക്വൻസുകൾ സമ്മാനിച്ച പ്രിയപ്പെട്ട ഫൈറ്റ് മാസ്റ്ററുടെ അകാലവിയോഗത്തിന്‍റെ ഞെട്ടലിലാണ് ആരാധകരും സിനിമാലോകവും.
1987-ൽ തന്‍റെ 17-ാം വയസിലാണ് ജോളി ബാസ്റ്റ്യൻ സിനിമാലോകത്തേക്ക് ചുവടുവയ്‌ക്കുന്നത്. രവിചന്ദ്രൻ നായകനായ കന്നഡ ചിത്രം 'പ്രേമലോകം' ആണ് ആദ്യ ചിത്രം. രവിചന്ദ്രന്‍റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. രവിചന്ദ്രന്‍റെ ബൈക്ക് സ്റ്റണ്ടുകളിൽ ഡ്യൂപ്പായി എത്തിയതും ജോളിയായിരുന്നു.
പിന്നീട് 7 വർഷക്കാലം സിനിമകളിൽ ചെറിയ സ്റ്റണ്ടുകൾ ചെയ്‌തു. ഒടുക്കം ഒരു വലിയ ബ്രേക്ക് ലഭിക്കുന്നത് 1995ൽ പുറത്തിറങ്ങിയ രവിചന്ദ്രന്‍റെ തന്നെ 'പുട്ടൻജ' എന്ന ചിത്രത്തിലൂടെയാണ്. തുടർന്ന് ദക്ഷിണേന്ത്യയിൽ വിവിധ ഇൻഡസ്‌ട്രികളിലും ബോളിവുഡിലും അദ്ദേഹം തന്‍റെ സാന്നിധ്യം അറിയിച്ചു.
ഉയർന്ന അപകട സാധ്യതയുള്ള 300-ലധികം സ്‌ഫോടന സീക്വൻസുകളിൽ പ്രവർത്തിച്ചും ജോളി കയ്യടിയും അംഗീകാരവും നേടി. 2013ൽ 'നീനഗഗി കതിരുവേ' എന്ന ചിത്രത്തിലൂടെ സംവിധായകനായും അദ്ദേഹം അരങ്ങേറ്റം കുറിച്ചു. മറ്റൊരു കന്നഡ ചിത്രം സംവിധാനം ചെയ്യാനും അദ്ദേഹത്തിന് പദ്ധതിയുണ്ടായിരുന്നു.
കർണാടക സ്റ്റണ്ട് ഡയറക്‌ടേഴ്‌സ് ആൻഡ് പ്രൊഫഷണൽസ് അസോസിയേഷൻ പ്രസിഡന്‍റ് കൂടിയായിരുന്നു ജോളി. കൂടാതെ, മികച്ച ഗായകനുമായിരുന്നു ഇദ്ദേഹം. 24ഓളം ഇവന്‍റുകൾ നടത്തിയ ഒരു ഓർക്കസ്ട്ര ഗ്രൂപ്പും അദ്ദേഹത്തിനുണ്ടായിരുന്നു. ഓർക്കസ്ട്രയുടെ പ്രധാന ഗായകനും ഇദ്ദേഹം ആയിരുന്നു.
ജോളിയുടെ മകൻ അമിത്തും സ്റ്റണ്ട്മാനാണ്. അദ്ദേഹത്തിന്‍റെ മറ്റൊരു മകൻ വിഹാൻ, പ്രജ്വൽ ദേവരാജ് ചിത്രം 'മാഫിയ'യിൽ വില്ലനായി അരങ്ങേറ്റം കുറിച്ചിരുന്നു. ഏകാംഗി, സൂപ്പർ രംഗ, ഷൈലു, ഗാലിപത, പോപ്‌കോൺ മങ്കി ടൈഗർ, മാസ്റ്റർപീസ് (കന്നഡ) എന്നിവ അദ്ദേഹത്തിന്‍റെ അവിസ്‌മരണീയ ചിത്രങ്ങളിൽ ചിലതാണ്. മലയാളത്തിൽ ബട്ടർഫ്ലൈസ്, ജോണി വാക്കർ, അയാളും ഞാനും തമ്മിൽ, ഒരു കുട്ടനാടൻ ബ്ലോഗ്, ബാംഗ്ലൂർ ഡേയ്‌സ്, മാസ്റ്റർ പീസ്, കമ്മട്ടിപ്പാടം, കലി, എറിഡ, ഓപ്പറേഷൻ ജാവ, അങ്കമാലി ഡയറീസ്, കണ്ണൂർ സ്‌ക്വാഡ് തുടങ്ങിയ ചിത്രങ്ങൾക്ക് അദ്ദേഹം സംഘട്ടനം ഒരുക്കിയിട്ടുണ്ട്.
അന്നയ്യ, നക്ഷത്രം (തെലുങ്ക്), നട്ടുക്ക് ഒരു നല്ലവൻ, എറിഡ (തമിഴ്), ദി ബോഡി (ഹിന്ദി), ചാച്ചി 420 (പഞ്ചാബി) ചിത്രങ്ങളിലൂടെയും ജോളി മാസ്റ്റർ കയ്യടി നേടി.