തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്‌കാരിക വകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സംവിധായകന്‍ വിനയന്‍ നേരിട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി.
വിനയന്‍ സംവിധാനം ചെയ്‌ത '19-ാം നൂറ്റാണ്ട്' എന്ന ചിത്രത്തിന് അവാര്‍ഡ് നല്‍കാതിരിക്കാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണവുമായി വിനയന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനുള്ള തെളിവുകളും വിനയന്‍ പുറത്തു വിട്ടിരുന്നു. അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട് രഞ്ജിത്തിനതെിരെ ജൂറി അംഗങ്ങളായ നേമം പുഷ്‌പരാജും ജെന്‍സി ഗ്രിഗറിയും സംസാരിക്കുന്നതിന്‍റെ ശബ്‌ദ സന്ദേശങ്ങളാണ് വിനയന്‍ പുറത്തുവിട്ടത്. ഈ സംഭാഷണങ്ങളും പരാതിക്കൊപ്പം സംവിധായകൻ തെളിവായി നല്‍കുകയും ചെയ്‌തിരുന്നു. ഇതേതുടര്‍ന്നാണ് മുഖ്യമന്ത്രി അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയത്.
ഇത് സംബന്ധിച്ച് വിനയന്‍ ആരോപണം ഉന്നയിച്ചപ്പോള്‍ രഞ്ജിത്തിനെ സംരക്ഷിക്കുന്ന നിലപാടാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ സ്വീകരിച്ചത്. അര്‍ഹമായവര്‍ക്കാണ് അവാര്‍ഡ് നല്‍കിയതെന്നും ഒരു ഇടപെടലും ഉണ്ടായില്ലെന്നുമായിരുന്നു മന്ത്രിയുടെ നിലപാട്. എന്നാല്‍ മന്ത്രി സജി ചെറിയാന്‍റെ നിലപാട് പൂര്‍ണമായി തള്ളിയ വിനയന്‍ ജൂറി അംഗങ്ങളെ രഞ്ജിത്ത് ഫോണില്‍ വിളിച്ചതിന്‍റെ ശബ്‌ദ സന്ദേശവും പുറത്തു വിടുകയായിരുന്നു. ഇതിനു പിന്നാലെ മുഖ്യമന്ത്രിക്ക് തന്നെ നേരിട്ട് പരാതിയും നല്‍കി.
കഴിഞ്ഞ ഫിലിം അവാര്‍ഡിലും രഞ്ജിത്ത് ഇടപെട്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പ്രാഥമിക ജൂറി തഴഞ്ഞ ചിത്രത്തെ വീണ്ടും പരിഗണിപ്പിച്ച് വേണ്ടപ്പെട്ടവര്‍ക്ക് അവാര്‍ഡ് നല്‍കി എന്നായിരുന്നു ആരോപണം. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഇത്തരത്തില്‍ ആരോപണം ഉയര്‍ന്നതിനെ ഗൗരവമായാണ് മുഖ്യമന്ത്രിയുടെ ഓഫിസും കാണുന്നത്.
അതേസമയം 19-ം നൂറ്റാണ്ട് എന്ന തന്‍റെ ചിത്രത്തിനെതിരെ നടി ഗൗതമിയെ വിട്ട് രഞ്ജിത്ത് അഭ്യാസം കാണിച്ചു എന്നായിരുന്നു വിനയന്‍ ആദ്യ ഫേസ് ബുക്ക് പോസ്റ്റില്‍ ആരോപിച്ചത്. സിനിമയ്‌ക്ക് സെറ്റിട്ടത് ശരിയായില്ലെന്നും കാര്‍ഡ് ബോര്‍ഡ് തെളിഞ്ഞ് കാണുന്നുണ്ടെന്നും ആയിരുന്നു ഗൗതമിയുടെ ആരോപണം. എന്നാല്‍ നടി ഗൗതമി 19ാം നൂറ്റാണ്ട് തന്നെയാണോ കണ്ടതെന്ന് അവരോട് ചോദിക്കണമെന്നും വിനയന്‍ പരാമര്‍ശിച്ചിരുന്നു.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തെ രഞ്ജിത്ത് തരംതാണ അവസ്ഥയിൽ എത്തിച്ചിരിക്കുകയാണെന്നും അദ്ദേഹം പുരസ്‌കാര നിര്‍ണയ വിഷയങ്ങളില്‍ നിരന്തരം ഇടപെടുന്നതായി ജൂറിയിലെ സീനിയറായ അംഗം സാംസ്‌കാരിക മന്ത്രിയോട് പരാതി പറഞ്ഞിരുന്നെങ്കിലും വിഷയത്തില്‍ യാതൊരുവിധ നടപടികളും ഉണ്ടായില്ലെന്നും വിനയന്‍ പറഞ്ഞു. രഞ്ജിത് ചലച്ചിത്ര പുരസ്‌കാര നിർണയ ജൂറിയിലെ ഒരംഗത്തെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും ആ ഒറ്റ കാരണത്താൽ തന്നെ രഞ്ജിത് അധികാര ദുർവിനിയോഗം നടത്തിയിരിക്കുന്നു എന്നും വിനയൻ ആരോപിച്ചിരുന്നു. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഇക്കാര്യത്തിൽ മറുപടി പറയേണ്ടതുണ്ടെന്നും വിനയൻ ആവശ്യപ്പെട്ടിരുന്നു.