അമ്മയും അഭിനേത്രിയും എന്നതിലുപരി ഒരു സംരംഭക കൂടിയാണ് ബോളിവുഡ് താര സുന്ദരി ആലിയ ഭട്ട്. 30 കാരിയായ താരം 2021ൽ കുട്ടികൾക്കായി ഒരു പരിസ്ഥിതി സൗഹൃദ വസ്‌ത്ര ബ്രാന്‍ഡിന്‍റെ സ്വന്തം ശേഖരം ആരംഭിച്ചിരുന്നു. സിനിമ മേഖലയിലെ ആലിയയുടെ സുഹൃത്തുക്കൾക്ക് അവളുടെ ശേഖരത്തിൽ നിന്നും പലപ്പോഴും മനോഹരമായ സമ്മാനങ്ങൾ ലഭിക്കാറുമുണ്ട്.
ബോളിവുഡ് താരം സോനം കപൂറാണ് ഈ പട്ടികയിൽ ഏറ്റവും പുതുതായി ചേർന്നത്. സോനം കപൂറിന്‍റെ മകന് ആലിയ സമ്മാനങ്ങള്‍ നല്‍കിയിരിക്കുകയാണ്. തന്‍റെ മകന്‍ വായുവിന് ആലിയ അയച്ച സമ്മാനങ്ങളുടെ ചിത്രം സോനം കപൂര്‍ തന്‍റെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവച്ചിട്ടുണ്ട്.
'അമ്മയുടെ മകന്‍', 'ചുറ്റും സിംഹം മാത്രം' തുടങ്ങി മനോഹരമായ വാക്യങ്ങളോടു കൂടിയ നീല ബോക്‌സിലാണ് ആലിയ സോനം കപൂറിന്‍റെ മകന് സമ്മാനങ്ങൾ അയച്ചത്. സമ്മാനങ്ങൾക്കൊപ്പം വീടിന്‍റെ ആകൃതിയിലുള്ള ഒരു കാർഡും ഉണ്ടായിരുന്നു. കാര്‍ഡില്‍ 'വായു' എന്ന് എഴുതിയിട്ടുണ്ട്.
ഇതിന്‍റെ ചിത്രങ്ങളാണ് സോനം കപൂര്‍ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവച്ചത്. ആലിയ ഭട്ടിനെയും ആലിയയുടെ വസ്ത്ര ബ്രാൻഡിനെയും ടാഗ് ചെയ്‌തു കൊണ്ടാണ് സോനം കപൂര്‍ ചിത്രം പങ്കിട്ടത്. 'വളരെ മനോഹരം, നന്ദി'. ആലിയയും തന്‍റെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ സോനം കപൂറിന്‍റെ പോസ്‌റ്റ് ഷെയര്‍ ചെയ്‌തിട്ടുണ്ട്.
നേരത്തെ 'ആര്‍ആര്‍ആര്‍' താരം ജൂനിയര്‍ എന്‍ടിആറിന്‍റെ മക്കളായ അഭയ്, ഭാര്‍ഗവ എന്നിവര്‍ക്കും ആലിയ തന്‍റെ വസ്‌ത്ര ശേഖരത്തില്‍ നിന്നും സാധനങ്ങള്‍ നിറച്ച രണ്ട് ബാഗുകള്‍ സമ്മാനിച്ചിരുന്നു. ഇതിന് പിന്നാലെ ആലിയക്ക് നന്ദി പറഞ്ഞ് ജൂനിയർ എൻടിആറും രംഗത്തെത്തിയിരുന്നു. മക്കള്‍ക്ക് ലഭിച്ച സമ്മാനങ്ങളുടെ ചിത്രങ്ങള്‍ അടങ്ങിയ ചിത്രം ഇൻസ്‌റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവയ്‌ക്കുകയായിരുന്നു താരം.
രണ്ട് ബാഗുകളിലും 'നിങ്ങൾ എന്‍റെ പ്രിയപ്പെട്ട മനുഷ്യൻ' എന്ന് ആലിയ എഴുതിയിരുന്നു. 'നന്ദി ആലിയ ഭട്ട്, അഭയയുടെയും ഭാർഗവയുടെയും മുഖത്ത് എപ്പോഴും പുഞ്ചിരി വിടുക... എന്‍റെ പേരുള്ള ഒരു ബാഗ് ഉടൻ കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നു.' -ഇപ്രകാരമാണ് ചിത്രം പങ്കുവച്ച് ജൂനിയര്‍ എന്‍ടിആര്‍ കുറിച്ചത്.
കരൺ ജോഹർ സംവിധാനം ചെയ്യുന്ന 'റോക്കി ഔർ റാണി കി പ്രേം കഹാനി' ആണ് ആലിയയുടെ പുതിയ പ്രോജക്‌ടുകളിലൊന്ന്. ചിത്രത്തില്‍ രണ്‍വീര്‍ സിംഗാണ് ആലിയയുടെ നായകനായെത്തുന്നത്. ഷബാന ആസ്‌മി, ധർമേന്ദ്ര എന്നിവരും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഹോളിവുഡ് ചിത്രമായ 'ഹാർട്ട് ഓഫ് സ്‌റ്റോൺ' ആണ് ആലിയയുടെ മറ്റൊരു പുതിയ പ്രോജക്‌ട്. തന്‍റെ ഹോളിവുഡ് അരങ്ങേറ്റം കൂടിയാണ് 'ഹാർട്ട് ഓഫ് സ്‌റ്റോൺ'.
അതേസമയം ഷോം മഖിജയുടെ ക്രൈം ത്രില്ലർ 'ബ്ലൈന്‍ഡ്' ആണ് സോനം കപൂറിന്‍റെ പുതിയ പ്രോജക്‌ട്. പുരബ് കോലി, വിനയ് പഥക്, ലില്ലെറ്റ് ദുബെ എന്നിവരും ചിത്രത്തില്‍ അണിനിരക്കും.