'ആന്‍റണി എന്ന പേരിൽ നിന്ന് പെപ്പെ എന്ന വിളിയിലേക്ക് മാറിയിട്ട് ഇന്നേക്ക് ആറ് വർഷം'.. ചെമ്പൻ വിനോദിന്‍റെ തിരക്കഥയിൽ ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്‌ത 'അങ്കമാലി ഡയറീസ്' എന്ന ചിത്രത്തിന് ഇന്ന് ആറാം പിറന്നാൾ. തിയേറ്ററുകൾ പൂരപ്പറമ്പാക്കിയ ലിജോ ജോസ് പെല്ലിശേരി മാജിക്ക്.
2017ൽ പുറത്തിറങ്ങിയ ക്രൈം ഡ്രാമ ചലച്ചിത്രമായിരുന്നു ' ഒരു കട്ട ലോക്കൽ പടം' എന്ന ടാഗ് ലൈനിൽ പുറത്തിറങ്ങിയ അങ്കമാലി ഡയറീസ്. ടാഗ് ലൈൻ പോലെതന്നെ ശബ്‌ദകോലാഹലങ്ങളും കളർഫുളും ആയി ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. 86 പുതുമുഖങ്ങളെ അണിനിരത്തിയാണ് ലിജോ ജോസ് പെല്ലിശേരി ചിത്രമൊരുക്കിയത്.
മനോഹരമായ വിഷ്വലുകളും തകർപ്പൻ സംഗീതവും സ്വാഭാവിക പ്രകടനങ്ങളും ഒന്നിച്ചെത്തിയപ്പോൾ തിയേറ്ററുകൾ പൂരപ്പറമ്പായി. ലിജോ ജോസ് പെല്ലിശേരിയുടെ അഞ്ചാമത്തെ ചിത്രമായിരുന്നു ഇത്. 11 മിനിട്ടിൽ സിംഗിൾ ടേക്കിൽ ചിത്രീകരിച്ച ചിത്രത്തിന്‍റെ ക്ലൈമാക്‌സ് സംവിധായകന്‍റെ കരിയറിലെ ഏറ്റവും മികച്ച വർക്കായിരുന്നു.
അങ്കമാലിക്കാരുടെ ഭാഷ, ഭക്ഷണം, സംഗീതം, സംസ്‌കാരം എന്നിവയൊക്കെ ചിത്രത്തില്‍ തനതായി അവതരിപ്പിച്ചു. തിയേറ്ററില്‍ സിനിമ കാണാനെത്തിയവർ 131 മിനിട്ടുകൾ അങ്കമാലിയിൽ ചെലവഴിച്ചു. പള്ളിപ്പെരുന്നാളും പോർക്കും പൊടിപാറുന്ന കൂട്ടത്തല്ലുമൊക്കെയായി ചോരത്തിളപ്പിന്‍റെ പുറത്ത് എടുത്തുചാടുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയായിരുന്നു ചിത്രം പറഞ്ഞുവച്ചത്.
സിനിമയിലെ പാചകവും പാട്ടും പ്രണയവും പ്രണയ പരാജയങ്ങളുമൊക്കെ പ്രേക്ഷകനെ പിടിച്ചിരുത്തി. ഒരു തുടക്കക്കാരനായ ആന്‍റണി വർഗീസിന് മലയാള സിനിമയിലേക്ക് കിട്ടിയ മികച്ച എൻട്രിയായിരുന്നു ചിത്രം. വിൻസെന്‍റ് പെപ്പെ എന്ന നായക കഥാപാത്രത്തെയാണ് ചിത്രത്തിൽ ആന്‍റണി അവതരിപ്പിച്ചത്.
'എന്‍റെ പേര് വിന്‍സെന്‍റ് പെപ്പെ.. ഞാൻ ഒരു അങ്കമാലിക്കാരനാണ്' എന്ന ഡയലോഗ് തിയേറ്ററുകളെ ഒന്നടങ്കം ഇളക്കിമറിച്ചു. പിന്നീട് ആന്‍റണി വർഗീസ് മലയാളികളുടെ സ്വന്തം പെപ്പെയായി മാറി. അപ്പാനി രവി എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച് ശരത് കുമാർ അപ്പാനി ശരത് ആയി.
ബാബുജി, യു ക്ലാമ്പ് രാജൻ, പോർക്ക് വർക്കി, ലിച്ചി, മരംകൊത്തി സിജോ, ഭീമൻ എന്നിങ്ങനെയുള്ള കഥാപാത്രങ്ങളെ കൂടി അരങ്ങിലെത്തിച്ച് സിനിമ ശരാശരിക്കാരുടെ ജീവിതം വരച്ചുകാട്ടി. സിനിമയ്‌ക്ക് യോജിച്ച തരത്തിൽ സംഗീതസംവിധായകൻ പ്രശാന്ത് പിള്ളയുടെ വേറിട്ട ഗാനങ്ങൾ ചിത്രത്തിന്‍റെ മാറ്റ് കൂട്ടി. സിനിമയിലെ ഓരോ കഥാപാത്രത്തെയും പിന്തുടർന്ന ഗിരീഷ് ഗംഗാധരന്‍റെ കാമറയും ഷമീർ മുഹമ്മദിന്‍റെ എഡിറ്റിങ്ങും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ചിത്രത്തിന്‍റെ കാസ്റ്റിങ്ങും മികച്ചതായിരുന്നു. ആന്‍റണി വർഗീസ്, അപ്പാനി ശരത് എന്നിവരെ കൂടാതെ, അന്ന രേഷ്‌മ രാജൻ, കിച്ചു ടെല്ലസ്, ഉല്ലാസ് ജോസ് ചെമ്പൻ, വിനീത് വിശ്വം, ബിറ്റോ ഡേവിസ്, ടിറ്റോ വിൽസൺ, ശരത് കുമാർ, സിനോജ് വർഗീസ് എന്നിവർ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ഫ്രൈഡേ ഫിലിംസിന്‍റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമിച്ചത്. മൂന്ന് കോടി മുതൽമുടക്കി നിർമിച്ച ചിത്രം ബോക്‌സ് ഓഫിസിൽ 20 കോടിയിലധികം കലക്‌ഷൻ നേടി.