തെന്നിന്ത്യയിൽ മാത്രമല്ല, ബോളിവുഡിലും ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത താരമാണ് ശ്രുതി ഹാസൻ. നടിയായും ഗായികയായുമെല്ലാം പ്രേക്ഷകരുടെ ഇഷ്‌ടം സമ്പാദിക്കാൻ ശ്രുതി ഹാസന് കഴിഞ്ഞു. തന്‍റെ വ്യക്തി ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ തുറന്ന് പറയാൻ ശ്രുതി മടികാണിക്കാറില്ല. അത്തരത്തിൽ ശ്രുതി ഹാസൻ നടത്തിയ ചില തുറന്നു പറച്ചിലുകളാണ് ശ്രദ്ധ നേടുന്നത്.
തനിക്കുണ്ടായിരുന്ന മദ്യപാനാസക്തിയെ കുറിച്ചാണ് ശ്രുതി ഹാസൻ മനസുതുറന്നത്. ഒരു ദേശീയ മാധ്യമത്തോടായിരുന്നു താരത്തിന്‍റെ വെളിപ്പെടുത്തൽ. താൻ എട്ടുവർഷം മദ്യത്തിന് അടിമയായിരുന്നെന്ന് ശ്രുതി ഹാസൻ പറയുന്നു. എന്തുകൊണ്ടാണ് മദ്യപാന ശീലം ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്നും ശാന്തതയിലേക്കുള്ള തന്‍റെ യാത്രയെക്കുറിച്ചും ശ്രുതി തുറന്നുപറഞ്ഞു.
'ഒരുപാട് പാർട്ടികൾ ചെയ്യാറുണ്ടോ' എന്നായിരുന്നു അവതാരകന്‍റെ ചോദ്യം. പണ്ട് അങ്ങനെ ആയിരുന്നുവെന്നും എന്നാൽ ഇപ്പോൾ എട്ടു വർഷമായി മദ്യപിക്കാറില്ലെന്നും ശ്രുതി ഹാസൻ മറുപടി നൽകി. മദ്യപിക്കാത്തപ്പോൾ പാർട്ടി സാഹചര്യങ്ങളിൽ ആളുകളെ സഹിക്കാൻ പ്രയാസമാണെന്നും അവർ പറഞ്ഞു.
'എനിക്ക് ഖേദമില്ല. ഹാംഗ് ഓവറും ഇല്ല. ശാന്തമായി ഇരിക്കുന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല കാര്യം'- ശ്രുതി പറയുന്നു. മദ്യപാനത്തിന്‍റെ പേരിൽ താൻ ആരെയും ജഡ്‌ജ് ചെയ്യാറില്ലെന്നും താരം ഊന്നിപ്പറഞ്ഞു. 'ഇത് ഒരു ഘട്ടമായിരിക്കാം, അല്ലെങ്കിൽ നിങ്ങളുടെ ജീവിതകാലം മുഴുവൻ ഇത് ചെയ്യാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം'- ശ്രുതി ഹാസൻ പറഞ്ഞു.
മദ്യപിക്കുമായിരുന്നെങ്കിലും ഒരിക്കലും മയക്കുമരുന്നിന് അടിമയായിരുന്നില്ല താനെന്നും താരം കൂട്ടിച്ചേർത്തു. 'ഞാൻ ഒരിക്കലും മയക്കുമരുന്നിന് അടിമയായിരുന്നില്ല, പക്ഷേ മദ്യം എന്‍റെ ജീവിതത്തിലെ ഒരു വലിയ കാര്യമായിരുന്നു. പക്ഷേ ഒരു ഘട്ടത്തിന് ശേഷം അത് ഒരു തരത്തിലും എനിക്ക് ഗുണം ചെയ്യുന്നില്ലെന്ന് മനസിലായി.
എപ്പോഴും സുഹൃത്തുക്കളോടൊപ്പം കുടിക്കാനായിരുന്നു ആഗ്രഹം...അതിനാൽ അത് എന്നെ കൂടുതൽ നിയന്ത്രിക്കുന്നതായി എനിക്ക് തോന്നി'. സിഗരറ്റായിരുന്നു ഏറ്റവും മോശമായ കാര്യമെന്നും ശ്രുതി ഹാസൻ പറഞ്ഞു. നിരന്തരം പാർട്ടികൾ ആവശ്യപ്പെട്ട്, തന്‍റെ മദ്യപാനശീലം കൂടുതൽ വഷളാക്കുന്ന പലരിൽ നിന്നും, പ്രത്യേകിച്ച് ഫ്രീലോഡർമാരിൽ നിന്നും അകന്നുനിൽക്കാനാണ് താൻ ഈ നടപടി സ്വീകരിച്ചതെന്നും ശ്രുതി പങ്കുവെച്ചു. 'ഇതും സുബോധത്തിന്‍റെ ഭാഗമാണ്', താരം കൂട്ടിച്ചേർത്തു.
മുതിർന്ന അഭിനേതാക്കളായ കമൽഹാസന്‍റെയും സരികയുടെയും മകൾ കൂടിയാണ് ശ്രുതി ഹാസൻ. കമൽഹാസൻ പ്രധാന വേഷത്തിൽ അഭിനയിച്ച 'തേവർ മകനു'വേണ്ടി ഇളയരാജ ഈണമിട്ട 'പോട്രി പാടാടി പൊന്നേ' എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ശ്രുതി സിനിമാ ലോകത്തേക്ക് കടന്നുവന്നത്. കമലിന്‍റെ 'ഹേ റാം' എന്ന ചിത്രത്തിലൂടെയാണ് ബിഗ് സ്‌ക്രീനിലേക്ക് താരം ചുവടുവച്ചത്.
അതേസമയം ശ്രുതി ഹാസനെ സംബന്ധിച്ചിടത്തോളം ഈ വർഷം മികച്ചതാണ്. രണ്ട് ബ്ലോക്ക്ബസ്റ്റർ തെലുഗു ചിത്രങ്ങളിലാണ് താരം പ്രധാന വേഷത്തിൽ എത്തിയത്. ബാലകൃഷ്‌ണയോടൊപ്പമുള്ള 'വീരസിംഹ റെഡ്ഡി'യും ചിരഞ്ജീവിക്കൊപ്പം വേഷമിട്ട 'വാൾട്ടയർ വീരയ്യ'യും വാണിജ്യപരമായി നേട്ടം കൊയ്‌ത ചിത്രങ്ങളാണ്. മറ്റൊരു നിരൂപക പ്രശംസ നേടിയ, ഹിറ്റ് സിനിമ 'ഹായ് നാണ്ണ'യിൽ അതിഥി വേഷത്തിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു.
കൂടാതെ ശ്രുതി ഹാസന്‍റെ മൂന്നാമത്തെ സോളോ ഗാനമായ "മോൺസ്റ്റർ മെഷീനും" ഈ വർഷമാണ് പുറത്തിറങ്ങിയത്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന 'സലാർ: പാർട്ട് 1 - സീസ്‌ഫയർ' ആണ് താരത്തിന്‍റേതായി ഈ വർഷം റിലീസിനൊരുങ്ങുന്ന പ്രധാന ചിത്രം. പ്രഭാസ് നായകനായ ഈ ചിത്രം ഡിസംബർ 22 ന് തിയേറ്ററുകളിലെത്തും. പൃഥ്വിരാജും 'സലാറി'ൽ സുപ്രധാന വേഷത്തിലുണ്ട്. കൂടാതെ അദിവി ശേഷ് നായകനാവുന്ന ചിത്രത്തിലും ശ്രുതി ഹാസനാണ് നായിക.
ALSO READ: വളരെ വലുതും ഗംഭീരവും; 'സലാർ - കെജിഎഫ്' താരതമ്യത്തിൽ പ്രതികരിച്ച് പൃഥ്വിരാജ്