മലയാളി സിനിമാസ്വാദകർക്ക് ഏറെ പരിചിതമായ പേരാണ് ഷാനവാസ് കെ ബാവക്കുട്ടിയുടേത്. 'കിസ്‌മത്ത്', 'തൊട്ടപ്പൻ' എന്നി മികച്ച രണ്ട് ചിത്രങ്ങളിലൂടെ തന്നെ മലയാള സിനിമയിൽ തന്‍റേതായ അടയാളപ്പെടുത്തൽ നടത്താൻ ഷാനവാസ് കെ ബാവക്കുട്ടിയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ പുതിയ ചിത്രവുമായി വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ് അദ്ദേഹം.
ഹക്കിം ഷാ, പ്രിയംവദ കൃഷ്‌ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ഷാനവാസ് പുതിയ ചിത്രം ഒരുക്കുന്നത്. ഈ മാസം 17ന് ചിത്രത്തിന് തുടക്കമാവും. 'ആനക്കള്ളൻ', 'ആനന്ദം പരമാനന്ദം' എന്നീ ചിത്രങ്ങൾ നിർമിച്ച സപ്‌തതരംഗ് ക്രിയേഷൻസും വിക്രമാദിത്യൻ ഫിലിംസും ചേർന്നാണ് പൂർണമായും ഒരു റൊമാൻ്റിക് കോമഡി ത്രില്ലർ ആയി അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിന്‍റെ നിർമാണം.
ഒരു പോഷ് നഗരത്തിൽ ജീവിക്കുന്ന മൂന്നു പേരിലൂടെയാണ് ചിത്രം കടന്നുപോവുന്നത്. ഇവരുടെ തീവ്ര പ്രണയത്തിൻ്റെ കഥയാണ് നർമവും സസ്‌പെൻസും ത്രില്ലറും നിറഞ്ഞ കഥാപശ്‌ചാത്തലത്തിൽ അവതരിപ്പിക്കുന്നത്. വിജയരാഘവൻ, ഷമ്മി തിലകൻ, ജനാർദ്ദനൻ, ശ്രുതി രാമചന്ദ്രൻ, ഗണപതി, ജാഫർ ഇടുക്കി, അസീസ് നെടുമങ്ങാട്, മനോഹരി ജോയ്, ഉണ്ണിരാജ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നു.
മലയാള സാഹിത്യത്തിലും സിനിമയിലും തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച രഘുനാഥ് പലേരിയാണ് ഈ ചിത്രത്തിനായി തിരക്കഥ രചിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ ത്രിമാന ചിത്രമായ മൈഡിയർ കുട്ടിച്ചാത്തൻ, മഴവിൽക്കാവടി, പൊൻമുട്ടയിടുന്ന താറാവ്, പിൻഗാമി, മേലേപ്പറമ്പിൽ ആൺവീട് , ദേവദൂതൻ തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ രഘുനാഥ് പലേരി തിരക്കഥാകൃത്തായി വീണ്ടും എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമാണ്. ഒന്നു മുതൽ പൂജ്യം വരെ, വിസ്‌മയം എന്നിവ ഇദ്ദേഹം തിരക്കഥ രചിച്ച് സംവിധാനം ചെയ്‌ത ചിത്രങ്ങളാണ്.
ഷാനവാസ് കെ ബാവക്കുട്ടിയുടെ 'തൊട്ടപ്പനി'ൽ അഭിനേതാവായും അദ്ദേഹം എത്തിയിരുന്നു. പിന്നീട് 'ലളിതം, സുന്ദരം, ഓ ബേബി' എന്നീ ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു. അതേസമയം തന്‍റെ പുതിയ ചിത്രത്തിലും രഘുനാഥ് പലേരി മികച്ച വേഷം അവതരിപ്പിക്കുന്നുണ്ടന്ന് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഹിഷാം അബ്‌ദുൾ വഹാബ് ആണ് ചിത്രത്തിന്‍റെ സംഗീതസംവിധാനം നിർവഹിക്കുന്നത്. എൽദോസ് നിരപ്പേൽ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്‍റെ എഡിറ്റർ മനോജ് സി. എസ്. ആണ്. കലാസംവിധാനം - അരുൺ കട്ടപ്പന, മേക്കപ്പ് - അമൽ ചന്ദ്രൻ, കോസ്റ്റ്യൂം, ഡിസൈൻ - നിസാർ റഹ്മത്ത്, നിർമാണ നിർവഹണം - എൽദോ സെൽവരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
ഷാനവാസ് കെ ബാവക്കുട്ടിയുടെ പുതിയ ചിത്രത്തിനായി ഏറെ പ്രതീക്ഷകളോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്. 'കിസ്‌മത്ത്' എന്ന ആദ്യ ചിത്രത്തിലൂടെ 2017ലെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്ക്കാരം അദ്ദേഹം നേടിയിരുന്നു. പിന്നീട് സംവിധാനം ചെയ്‌ത 'തൊട്ടപ്പൻ' എന്ന ചിത്രം രണ്ട് സംസ്ഥാന പുരസ്‌കാരങ്ങൾക്ക് അർഹമായി. പ്രിയംവദ കൃഷ്‌ണന് മികച്ച നടിക്കുള്ള അവാർഡും പി. എസ്. റഫീഖിന് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരവുമാണ് ലഭിച്ചത്.