താരസംഘടനയായ അമ്മയില്‍ നിന്ന് മമ്മൂട്ടി തന്നെ പിന്തുണച്ചുവെന്ന് ഷമ്മി തിലകന്‍. അതേസമയം അമ്മയുടെ പ്രസിഡന്‍റ് മോഹന്‍ലാലിന് താന്‍ പല തവണ കത്തുകള്‍ നല്‍കിയിരുന്നെങ്കിലും ഒന്നിനും മറുപടി നല്‍കിയില്ലെന്ന് ഷമ്മി തിലകന്‍ തുറന്നടിച്ചു. അമ്മ സ്വീകരിച്ച നടപടിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷമ്മി തിലകന്‍.
അമ്മ സംഘടനയില്‍ നിന്നും പുറത്താക്കാന്‍ മാത്രമുള്ള ഒരു തെറ്റും താന്‍ ചെയ്‌തിട്ടില്ല. അച്ഛനോടുള്ള ചിലരുടെ വൈരാഗ്യമാണ് നടപടിക്ക് പിന്നിലെന്നും ഷമ്മി പറയുന്നു. 'എനിക്കെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ജനറല്‍ ബോഡി എക്‌സിക്യുട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നോട് വിശദീകരണം ചോദിച്ചു.
ഓരോ വാക്കിനും മറുപടി നല്‍കിയിരുന്നതാണ്. ഈ മറുപടി തൃപ്‌തികരമല്ലെന്ന് എന്നെ അറിയിച്ചില്ല. പുറത്താക്കല്‍ നടപടിയിലേക്ക് പോകും എന്ന് കരുതിയില്ല. ശാസനയോ മാപ്പെഴുതി വാങ്ങലോ ഉണ്ടാകുമെന്നാണ് കരുതിയത്. തെറ്റ് ചെയ്‌തിട്ടുണ്ടെങ്കില്‍ നടപടി ഏറ്റുവാങ്ങാന്‍ തയ്യാറാണ്. കാര്യം ബോധ്യപ്പെട്ടാല്‍ അവര്‍ പുറത്താക്കും എന്ന നിലപാടില്‍ നിന്ന് പിന്‍മാറുമെന്നാണ് പ്രതീക്ഷ.
അമ്മയിലെ ഭൂരിഭാഗം അംഗങ്ങള്‍ക്കും കാര്യങ്ങള്‍ എന്തെന്ന് മനസ്സിലായിട്ടില്ല. അതിനാലാണ് പുറത്താക്കണമെന്ന ആവശ്യം പലരും ഉന്നയിച്ചത്. സംഘടനയെ മാഫിയാസംഘം എന്ന് വിളിച്ചിട്ടില്ല. മമ്മൂട്ടി എന്നെ പിന്തുണച്ചു എന്നാണ് കരുതുന്നത്. അമ്മ സംഘടനയോട് എനിക്ക് ഒരു വിരോധവുമില്ല.അമ്മയുടെ പ്രസിഡന്‍റിന് പല കത്തുകളും നല്‍കിയിരുന്നെങ്കിലും ഒന്നിനും മറുപടി കിട്ടിയില്ല. അമ്മ സംഘടനയെ സ്വന്തം അമ്മയെ പോലെയാണ് കാണുന്നത്'- ഷമ്മി തിലകന്‍ പറഞ്ഞു.