എറണാകുളം: നടി മഞ്ജു വാര്യരെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ അറസ്റ്റിലായ സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം. ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സനൽകുമാറിന്‍റെ ഫോൺ പൊലീസ് കോടതിയിൽ ഹാജരാക്കി. ഇന്നലെയായിരുന്നു സനൽകുമാർ അറസ്റ്റിലായത്. അതേസമയം കേസിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തും.
നേരത്തെ സ്‌റ്റേഷൻ ജാമ്യം നൽകാമെന്ന് പൊലീസ് അറിയിച്ചിരുന്നെങ്കിലും സനൽകുമാർ ഇത് നിരസിച്ചിരുന്നു. തുടർന്നാണ് കോടതിയിൽ ഹാജരാക്കിയത്. എന്തുകൊണ്ട് സ്റ്റേഷൻ ജാമ്യം നിരസിച്ചുവെന്ന ചോദ്യത്തിന് ചിലത് പറയാനുണ്ടെന്ന് സനൽകുമാർ കോടതിയെ അറിയിക്കുകയായിരുന്നു. പൊലീസിനെതിരെ എന്തെങ്കിലും പരാതിയുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി.
തനിക്കെതിരെ തുടർച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടർന്ന് ഭീഷണിപ്പെടുത്തി എന്നുമായിരുന്നു സനൽകുമാറിനെതിരെ മഞ്ജുവിന്റെ പരാതി. കേസിൽ മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം എളമക്കര പൊലീസ് കേസ് എടുക്കുകയായിരുന്നു. തുടർന്ന് തിരുവനന്തപുരത്ത് വച്ച് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. മഞ്ജു വാര്യരുടെ ജീവൻ അപകടത്തിൽ ആണന്നും അവർ ചിലരുടെ തടങ്കലിലാണെന്നും സൂചിപ്പിച്ചുകൊണ്ട് സംവിധായകൻ സനൽകുമാർ ശശിധരൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റുകൾ വിവാദമായിരുന്നു.