എറണാകുളം : മലയാള സിനിമയിൽ വാർത്താപ്രചാരണത്തിന്‍റെ 26 വർഷങ്ങൾ പിന്നിടുകയാണ് പ്രശസ്‌ത പിആർഒ എ എസ് ദിനേശ്. മലയാള സിനിമയുടെ വാർത്താപ്രചാരകർ ആരൊക്കെ എന്ന് ചോദിച്ചാൽ സാധാരണക്കാർക്ക് അറിയാവുന്ന പേരുകളിൽ ഒന്ന് എഎസ് ദിനേശിന്‍റേത് തന്നെയാകും. 26 വർഷത്തെ തന്‍റെ സിനിമ അനുഭവങ്ങൾ ഇടിവി ഭാരതിനോട് പങ്കുവയ്ക്കുകയാണ് അദ്ദേഹം.
എ എസ് ദിനേശിനെ നേരിൽ കാണുകയോ ഫോണിലൂടെ ബന്ധപ്പെടുകയോ ചെയ്‌താൽ ആദ്യം കേൾക്കുന്ന വാചകമാണിത്. നമസ്‌കാരം ദിനേശാണ്, പിആർഒ. അതിപ്പോൾ പരിചയം ഉള്ള ആളാണെങ്കിലും അല്ലെങ്കിലും ഈ രീതിയിൽ അഭിസംബോധന ചെയ്‌തുകൊണ്ടാണ് അദ്ദേഹം സംസാരിച്ചുതുടങ്ങാറ്. വരാനിരിക്കുന്നത് സിനിമ ജീവിതത്തിന്‍റെ 27-ാമത്തെ വർഷമാണെന്ന് ദിനേശ് പറയുന്നു.
ജീവിതത്തിൽ ഒരു നടനോ സംവിധായകനോ ആകണമെന്ന് ആഗ്രഹിച്ചിരുന്നില്ല. അറിയപ്പെടുന്ന ഒരു എഴുത്തുകാരൻ ആകണമെന്ന് പത്താംതരം പാസായപ്പോൾ തന്നെ മനസിൽ മോഹം ഉദിച്ചു. ഒപ്പം പത്രപ്രവർത്തന രംഗത്തേക്ക് കടന്നുവരാനും ആഗ്രഹമുണ്ടായിരുന്നു. കുട്ടിക്കാലം മുതൽ തന്നെ സിനിമ വളരെയധികം ഇഷ്‌ടമുള്ള മേഖലയായിരുന്നു.
യൗവന കാലത്ത് തന്നെ അക്ഷരങ്ങളുമായി ചങ്ങാത്തം കൂടാൻ ആരംഭിച്ചു. നൃത്തം ചിത്രരചന അങ്ങനെ പല മേഖലകളിലും കലാവാസന പ്രകടിപ്പിച്ചു. പിതാവിന് ഒരു ചായക്കട ഉണ്ടായിരുന്നു, അവിടെ അച്ഛനെ സഹായിക്കുക പതിവായി. അതോടൊപ്പം തന്നെ കേരള പ്രസ് അക്കാദമി ആരംഭിച്ചപ്പോൾ ജേണലിസം എന്ന മോഹവുമായി അവിടേക്ക് ചേക്കേറി.
പ്രസ് അക്കാദമിയിൽ പഠിക്കുമ്പോൾ തന്നെ പല മാഗസിനുകളിലും പത്രങ്ങളിലും ലേഖനങ്ങൾ എഴുതുക പതിവായിരുന്നു. കായികരംഗവും രാഷ്‌ട്രീയവും ഇഷ്‌ടം കുറഞ്ഞ മേഖലകളാണ്. ബാക്കി പല വിഷയങ്ങളിലും അക്ഷരങ്ങളിലൂടെ ജനങ്ങളുമായി സംവദിച്ചു. എല്ലാ വിഷയങ്ങളെക്കുറിച്ചും ഒരു ധാരണ ഉണ്ടാക്കാൻ ശ്രമിക്കുമായിരുന്നു. അങ്ങനെയുള്ള ശ്രമത്തിനിടയിൽ ഒരല്പം ജ്യോതിഷവും വശത്താക്കി.

ആ ഇടയ്‌ക്ക് സിനിമ വല്ലാതെ ഭ്രമിപ്പിച്ചു. പ്രസ് അക്കാദമിയിൽ ഒപ്പമുണ്ടായിരുന്ന ശ്രീകുമാർ അരീക്കുറ്റി അക്കാലത്ത് മലയാള സിനിമയിൽ വാർത്താപ്രചാരണം കൈകാര്യം ചെയ്യുന്നുണ്ടായിരുന്നു. ശ്രീകുമാർ അരീക്കുറ്റി പിൽക്കാലത്ത് തിരക്കഥാകൃത്ത് ആയി മാറി. ശ്രീകുമാർ അരീക്കുറ്റിയാണ് എ എസ് ദിനേശിനെ പ്രശസ്‌ത സംവിധായകൻ തമ്പി കണ്ണന്താനത്തിന് പരിചയപ്പെടുത്തുന്നത്. ശേഷം തമ്പി കണ്ണന്താനത്തിനെ കുറിച്ച് ഒരു മാഗസിനിൽ ലേഖനം എഴുതി പ്രസിദ്ധീകരിച്ചു.
ആ ലേഖനത്തിലൂടെ ജീവിതം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയായിരുന്നു. ലേഖനത്തിന്‍റെ ഭാഷ തമ്പി കണ്ണന്താനത്തെ ആകർഷിച്ചു. ഒപ്പം കൂടുന്നോ എന്ന് ഒറ്റ ചോദ്യം. മറിച്ച് ഒന്നും ചിന്തിച്ചില്ല. തമ്പി കണ്ണന്താനം നിർമാതാവായ 'പഞ്ചലോഹം' എന്ന മലയാള ചിത്രത്തിന്‍റെ ഔദ്യോഗിക പിആർഒ ആയി മലയാള സിനിമയിലേക്ക് കാലെടുത്തുവച്ചു.
ആദ്യകാലത്ത് വാർത്താപ്രചാരണം ഇന്നത്തെപ്പോലെ മികച്ചതായിരുന്നില്ലെന്ന് ദിനേശ് പറയുന്നു. തൊഴിലിന് ധാരാളം പോരായ്‌മകൾ ഉണ്ടായിരുന്നു. സാമ്പത്തികമില്ലായ്‌മ, അവഗണന ഇതൊക്കെ പതിവാണ്. എങ്കിലും എഴുതാനും യാത്ര ചെയ്യാനുമുള്ള ഇഷ്‌ടവും സിനിമയോടുള്ള അഗാധമായ ആഗ്രഹവും ഈ മേഖലയിൽ തന്നെ തുടരാൻ പ്രേരിപ്പിച്ചു.
സിനിമയിലെ പിആർഒമാർക്കുള്ള മോശം സ്ഥാനം മനസിലാക്കി പലരും ഈ മേഖലയിൽ നിന്ന് പിന്മാറാൻ തന്നെ ഉപദേശിക്കുമായിരുന്നുവെന്നും അദ്ദേഹം ഓർത്തു. സിനിമയുമായി ബന്ധപ്പെട്ട് വാർത്താപ്രചാരണം നടത്തുമ്പോൾ തന്നെ അക്കാലത്ത് പ്രചാരത്തിൽ ഉണ്ടായിരുന്ന ഓഡിയോ കാസറ്റുകളുടെയും വാർത്താപ്രചാരണത്തിന്‍റെ ഭാഗമായി. ഈസ്റ്റ് കോസ്റ്റ്, സർഗം ഓഡിയോസ്, ജോണി സാഗരിക, സത്യം ഓഡിയോസ് തുടങ്ങിയ വലിയ ഓഡിയോ കമ്പനികളുടെ സ്ഥിരം വാർത്താപ്രചാരകനാകാൻ അവസരം ലഭിച്ചുതുടങ്ങി.
വലിയ ഓഡിയോ ലോഞ്ചുകൾ സിനിമയിലെ സുസ്ഥിരമായ ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കുവാൻ സഹായിച്ചു. ജോണി സാഗരിക, സർഗം ഓഡിയോസ്, ഈസ്റ്റ് കോസ്റ്റ് തുടങ്ങിയ കമ്പനികൾ പിൽക്കാലത്ത് സിനിമ നിർമാണ മേഖലയിലേക്ക് കടന്നതോടുകൂടി അവരുടെയൊക്കെ സിനിമകളുടെയും സ്ഥിരം വാർത്താപ്രചാരകനായി. ആദ്യകാലത്ത് വാർത്താപ്രചാരണം ഒരു കൊറിയർ സർവീസ് പോലെയായിരുന്നു സിനിമയിൽ.
വെറുതെ വാർത്തകൾ ഉണ്ടാക്കുക, മാധ്യമങ്ങൾക്ക് കൈമാറുക എന്നതിലുപരി മറ്റൊന്നും തന്നെ ചെയ്യാനില്ല. പിൽക്കാലത്ത് തന്‍റേതായ മാറ്റങ്ങൾ കൊണ്ടുവന്ന് ഈ മേഖലയിൽ പരീക്ഷിച്ച് വിജയിപ്പിച്ചു. ആയിരത്തോളം സിനിമകളുടെ വാർത്താപ്രചാരകനായി മാറി. ഇപ്പോഴത്തെ യുവതലമുറയുടെ തുടക്കകാലത്തും സ്ഥിരം വാർത്താപ്രചരണം നടത്തുകയും ചെയ്‌തു.
സിനിമാരംഗത്ത് ഇതിന് വലിയ പ്രാധാന്യമുണ്ടെങ്കിലും പ്രേക്ഷകരിൽ പലർക്കും ഈ തൊഴിലിനെ കുറിച്ച് ധാരണയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു സിനിമയുടെ ആദ്യ വിവരങ്ങൾ ജനങ്ങൾക്ക് ലഭിക്കുന്നത് തങ്ങളിലൂടെയാണ്. പ്രൊജക്‌ട് ആരംഭിക്കുന്നത് മുതൽ തന്നെ ജോലി തുടങ്ങണം. പോസ്റ്ററുകൾ ജനങ്ങളുടെ കണ്ണിലെത്തുന്നതിന് മുന്നേ തന്നെ സിനിമയെക്കുറിച്ച് അവരില്‍ ധാരണ ഉണ്ടാക്കണം.
നിസാരപ്പെട്ട ജോലിയല്ല അത്. കാലം മാറുന്നതനുസരിച്ച് ഈ മേഖലയ്ക്കും പുരോഗതി ഉണ്ടായിട്ടുണ്ട്. അഞ്ചിൽ താഴെ മാത്രം വാർത്താപ്രചാരകർ ഉണ്ടായിരുന്ന മലയാള സിനിമയ്‌ക്ക് ഇപ്പോൾ മുപ്പതിലധികം വാർത്താപ്രചാരകരും എണ്ണിയാൽ ഒടുങ്ങാത്ത പിആർ ഏജൻസികളും മുതൽക്കൂട്ടാണ്. ആദ്യകാലത്തെ അവഗണന പിന്നീട് അംഗീകാരമായി മാറി.
ഇപ്പോൾ മികച്ച പ്രതിഫലവും ലഭിക്കുന്നുണ്ട്. മികച്ച വാർത്താപ്രചാരണം ഉണ്ടായതുകൊണ്ട് മാത്രം ഒരു സിനിമ തിയേറ്ററിൽ വിജയിക്കണമെന്നില്ല. മൗത്ത് പബ്ലിസിറ്റിക്കും പരിമിതികൾ ഉണ്ട്. ഒരു സിനിമയുടെ ആശയം മികച്ചതായിരുന്നാൽ മാത്രമേ ചിത്രം ജനഹൃദയങ്ങളിൽ ഇടംപിടിക്കുകയുള്ളൂവെന്നും ദിനേശ് പറയുന്നു.
സിനിമ വാർത്താപ്രചരണത്തിൽ മാത്രം അധിഷ്ഠിതമായ സംഗതിയല്ല. പ്രമേയം തന്നെയാണ് മുഖ്യം. ബാക്കിയെല്ലാം പിന്നിൽ നിൽക്കുന്ന കാര്യങ്ങളാണ്. പല മാധ്യമങ്ങളുടെയും നിലനിൽപ്പ് പോലും സിനിമയെ അടിസ്ഥാനപ്പെടുത്തിയാണ്. അതിപ്പോൾ പലരും മറന്നുപോകുന്നു.
വാർത്താപ്രചാരണത്തിൽ ഒരിക്കലും മനഃസാക്ഷിക്ക് അതീതമായി ഒന്നും ചെയ്യാറില്ല. ഇനി ചെയ്യുകയുമില്ല. ഒരു പിആർഒ തൊഴിൽ ചെയ്യുന്ന വ്യക്തിക്ക് എല്ലാത്തരത്തിലുള്ള സ്വാതന്ത്ര്യവും അനുവദിച്ചുകൊടുത്ത സംവിധായകരിൽ ഒരാളാണ് മേജർ രവിയെന്ന് തന്‍റെ അനുഭവത്തിൽ നിന്നും ദിനേശ് പറഞ്ഞു.
'കീർത്തിചക്ര' മുതലുള്ള സിനിമകളിൽ അദ്ദേഹത്തോടൊപ്പം ജോലി ചെയ്‌തിരുന്നു. അക്കാലത്ത് ജമ്മു കശ്‌മീരിൽ ചിത്രീകരണം നടക്കുമ്പോൾ കേരളത്തിലെ മാധ്യമ പ്രവർത്തകരെ അവിടെ എത്തിച്ച് വാർത്താപ്രചാരണം നടത്തിയ ചരിത്രമുണ്ട്. അതിൽ ദൃശ്യമാധ്യമങ്ങളും ഉൾപ്പെടുന്നു.
പലരും കരുതുന്നത് താൻ പ്രിന്‍റ് മീഡിയയുടെ ഭാഗം മാത്രമാണ് എന്നാണ്. പക്ഷേ അങ്ങനെയല്ല, വാർത്താപ്രചാരണത്തിന്‍റെ എല്ലാ മേഖലകളിലും പ്രാവീണ്യമുണ്ട്. കഴിഞ്ഞ ദിവസം മുതൽ ഒരു സിനിമയ്‌ക്ക് തിരക്കഥ എഴുതി തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ നിന്ന് എറണാകുളം നഗരത്തിലേക്ക് സിനിമാമോഹവുമായി കടന്നുവരുമ്പോൾ അക്കാലത്ത് തിരക്കഥ എഴുതാൻ തിരക്ക് കൂട്ടിയ ജനക്കൂട്ടത്തെ കണ്ട് മാധ്യമപ്രവർത്തനത്തിലേക്ക് തിരിച്ചുപോയ ആളാണ് ഞാൻ.
അതുകൊണ്ടാകാം എഴുതാൻ ഒരൽപം വൈകിയത്. സിനിമാമേഖലയിൽ അവസരങ്ങൾ തേടി അലയുന്ന ആയിരങ്ങളെ കണ്ട് ഭയന്നുവെന്നത് വാസ്‌തവം. ആദ്യമായി എഴുതാൻ പോകുന്ന പുസ്‌തകത്തിന്‍റെ പേരും ജീവിതവുമായി ചേർന്ന് നിൽക്കുന്നു. 'നമസ്‌കാരം, ദിനേശാണ് പിആർഒ' എന്നുതന്നെയാണ് പുസ്‌തകത്തിന്‍റെ പേരും.
ഒരിക്കലും ഒരു സിനിമയെ ആവശ്യമില്ലാതെ പുകഴ്‌ത്തി പറഞ്ഞിട്ടില്ല. ഇഷ്‌ടപ്പെട്ടിട്ടില്ലെങ്കിൽ അത് തുറന്നുപറയും. പക്ഷേ അത് സിനിമയ്‌ക്ക് ദോഷം ചെയ്യുന്ന രീതിയിൽ എവിടെയും പ്രസിദ്ധീകരിക്കാറില്ല. എല്ലാ വ്യക്തികൾക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടല്ലോ. അപ്പോൾ പിന്നെ കള്ളം പറയേണ്ട കാര്യമില്ല.
എറണാകുളത്തെ പഴയ ഫിലിം സൊസൈറ്റികളുടെയൊക്കെ ഭാഗമായിരുന്നു. എല്ലാ സിനിമകളും കാണും. ഇന്ത്യയിലെ എല്ലാ ഫിലിം ഫെസ്റ്റിവലുകളുടെയും ഭാഗമാകും. ഇനിയും അങ്ങനെയൊക്കെ തന്നെ തുടരണം എന്ന് തന്നെയാണ് ആഗ്രഹം. എഴുത്തുകാരനായി കൂടുതൽ ഉയരാൻ ശ്രമം നടത്തുന്നു.
READ ALSO: സംസ്ഥാന പുരസ്‌കാരം, മമ്മൂക്കയുടെ വിളിയിൽ മാറിയ പേര്; വിശേഷങ്ങളുമായി വിൻസി അലോഷ്യസ്
സിനിമ മേഖലയിൽ നിന്ന് പരിചയമുള്ള ആരുടെയോ ഒരു ഫോൺ കോൾ ആ സമയം എ എസ് ദിനേശിന്‍റെ ശ്രദ്ധ തിരിച്ചു. ചിരിച്ചുകൊണ്ട് ഫോൺ എടുക്കുമ്പോൾ കാണുന്നവർക്ക് മനസിലാകും, പരിചയമുള്ള ആരോ ആണ് മറുതലയ്‌ക്കൽ എന്ന്. പക്ഷേ ഹലോ എന്ന് അഭിസംബോധന ചെയ്യും മുമ്പേ പതിവ് ശൈലിയിൽ ദിനേശ് തുടങ്ങി, 'നമസ്‌കാരം, എ എസ് ദിനേശാണ്, പിആർഒ'.