കാസർകോട്: 'ട്രെയിലര്‍ നന്നായിട്ടുണ്ട്...ബാക്കി കാര്യങ്ങള്‍ ഞാന്‍ ആശുപത്രിയില്‍ നിന്നും തിരിച്ച് വന്നിട്ട് നോക്കാം...', കാസർകോട് നിന്നും ചിത്രീകരിച്ച 'പൊറാട്ട് നാടകം' എന്ന സിനിമയുടെ സംവിധായകനോടും അണിയറ പ്രവർത്തകരോടും സംവിധായകൻ സിദ്ദിഖ് അവസാനമായി പറഞ്ഞത് ഇങ്ങനെയായിരുന്നു. പക്ഷെ വാക്ക് പാലിക്കാൻ അദ്ദേഹം തിരിച്ചു വന്നില്ല. പ്രിയ സംവിധായകനായി സിനിമ പ്രവര്‍ത്തകര്‍ കാത്തു നിന്നെങ്കിലും അദ്ദേഹത്തിന്‍റെ വിയോഗ വാർത്തയാണ് പിന്നീടവർക്ക് കേൾക്കാനായത്.
കാസര്‍കോടിന്‍റെ പശ്ചാത്തലത്തില്‍ നൗഷാദ് സഫ്രോണ്‍ സംവിധാനം ചെയ്‌ത സിനിമയാണ് 'പൊറാട്ട് നാടകം'. തന്‍റെ ശിഷ്യന്‍ കൂടിയായ നൗഷാദിന്‍റെ സിനിമ സിദ്ദിഖിന്‍റെ കൂടി മേല്‍നോട്ടത്തിലാണ് പൂർത്തീകരിച്ചത്. ജില്ലയിലെ നീലേശ്വരം പളളിക്കര, എരിക്കുളം, കാഞ്ഞിരപ്പൊയില്‍, വെള്ളൂട, എണ്ണപ്പാറ എന്നി സ്ഥലങ്ങളിൽ ആയിരുന്നു ചിത്രീകരണം.
മാര്‍ച്ച് അഞ്ചിന് കാഞ്ഞങ്ങാട് വെച്ച് നടന്ന ഓഡിഷനില്‍ അഭിനേതാക്കളെ തെരഞ്ഞെടുത്തതും സിദ്ദിഖ് ആയിരുന്നു. പിന്നീട് പാലക്കുന്ന് ക്ഷേത്രത്തില്‍ സിനിമയുടെ പൂജയ്‌ക്കും ഷൂട്ടിങിന്‍റെ ആദ്യ ദിവസങ്ങളിലും ഏവർക്കും ഊര്‍ജമേകി സിദ്ദിഖ് സെറ്റില്‍ ഉണ്ടായിരുന്നു.
തന്‍റെ സിനിമകള്‍ പോലെ തിയേറ്ററുകളില്‍ ചിരി നിറയ്‌ക്കുന്ന സിനിമയായിരിക്കും 'പൊറാട്ടുനാടകം' എന്ന് സിദ്ദിഖ് നേരത്തെ പറഞ്ഞിരുന്നു. സിനിമ റിലീസ് ചെയ്യും മുമ്പ് അദ്ദേഹം തങ്ങളെ വിട്ട് പോകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് സുനീഷ് വാരനാട് പറഞ്ഞു. 'പൊറാട്ട് നാടക'ത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ നടന്നു കൊണ്ടിരിക്കുന്നതിനിടെ ഡബ്ബിങ് സ്റ്റുഡിയോയിലും എഡിറ്റിങ് സ്റ്റുഡിയോയിലും പലതവണ എത്തി അനുഭവ പരിചയവും സിനിമയിലെ അറിവും ഓരോ നിമിഷവും നിര്‍ദേശങ്ങളായി കിട്ടിക്കൊണ്ടിരുന്നുവെന്ന് നിര്‍മാതാവ് വിജയന്‍ എമിറേറ്റ്‌സും ഓർമിച്ചു.
'പൊറാട്ട് നാടകം': വടക്കന്‍ കേരളത്തിലെ ഗോപാലപുര എന്ന ഗ്രാമത്തില്‍ 21 ദിവസം അരങ്ങേറുന്ന സംഭവങ്ങളാണ് ആക്ഷേപ ഹാസ്യത്തിലൂടെ 'പൊറാട്ട് നാടകം' എന്ന ഈ സിനിമ അവതരിപ്പിക്കുന്നത്. സിദ്ദിഖിന്‍റെ സഹ സംവിധായകനായി പ്രവർത്തിച്ചു പോന്നിരുന്നയാളാണ് ചിത്രത്തിന്‍റെ സംവിധായകൻ നൗഷാദ് സഫ്രോൺ.
ഉത്തര മലബാറിലെ ചില കലാരൂപങ്ങളുടെ പശ്ചാത്തലങ്ങളിലൂടെയുമാണ് ഈ ചിത്രത്തിന്‍റെ അവതരണം. കോതാമൂരിയാട്ടം, പൊറാട്ട് നാടകം തുടങ്ങിയ കലാരൂപങ്ങളാണ് സിനിമയിൽ പ്രധാന പശ്ചാത്തലമായി വരുന്നത്.
നായകനായി സൈജു കുറുപ്പ്: സൈജു കുറുപ്പാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നാട്ടിലെ ലൈറ്റ് ആൻഡ് സൗണ്ട് ഉടമയായ അബു എന്ന കഥാപാത്രത്തിനാണ് സൈജു കുറുപ്പ് ജീവൻ പകരുന്നത്. രാഹുൽ മാധവ്, ധർമ്മജൻ ബോൾഗാട്ടി, സുനിൽ സുഖദ, നിർമ്മൽ പാലാഴി, ബാബു അന്നൂർ, 'ന്നാ താൻ കേസ് കൊട്' ഫെയിം ഷുക്കൂർ, അനിൽ ബേബി, ചിത്ര ഷേണായ്, ഐശ്വര്യ മിഥുൻ കോറോത്ത്, ജിജിന, ചിത്ര നായർ, ഗീതി സംഗീത എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.
സുനീഷ് വാരനാടാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. നൗഷാദ് ഷെറീഫ് ഛായാഗ്രഹണവും രാജേഷ് രാജേന്ദ്രൻ എഡിറ്റിങും നിർവഹിക്കുന്നു. രാഹുൽ രാജാണ് ചിത്രത്തിന് സംഗീതം പകരുന്നത്.
കലാസംവിധാനം - സുജിത് രാഘവൻ, ലൊക്കേഷൻ മാനേജർ - പ്രസൂൽ അമ്പലത്തറ, മേക്കപ്പ് - ലിബിൻ മോഹൻ, കോസ്റ്റ്യും ഡിസൈൻ - സൂര്യ രവീന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - അനിൽ മാത്യൂസ് പൊന്നാട്ട്, സഹ സംവിധാനം - കെ. ജി. രാജേഷ് കുമാർ, പ്രൊഡക്ഷൻ മാനേജേഴ്‌സ് - ലിബു ജോൺ, മനോജ് കുമാർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - ആന്‍റണി കുട്ടമ്പുഴ, പ്രൊഡക്ഷൻ കൺട്രോളർ - ഷിഹാബ് വെണ്ണല, പിആർഒ - വാഴൂർ ജോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.