ഒമര്‍ ലുലുവിന്‍റെ 'ഒരു അഡാര്‍ ലവ്' എന്ന സിനിമയിലെ 'ഫ്രീക്ക് പെണ്ണെ' എന്ന ഗാനം മോഷ്‌ടിച്ചുവെന്ന ആരോപണത്തിന് മറുപടിയുമായി സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാന്‍ രംഗത്ത്. താന്‍ ഒരിക്കലും സ്വന്തമായി ചിട്ടപ്പെടുത്തിയിട്ടില്ലാത്ത ഗാനങ്ങളുടെ അവകാശം ഏറ്റെടുക്കാറില്ലെന്ന് ഷാന്‍ റഹ്‌മാന്‍ തുറന്നു പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ വികാര നിര്‍ഭരമായ നീണ്ട കുറിപ്പുമായാണ് ഷാന്‍ റഹ്‌മാന്‍ രംഗത്തെത്തിയത്.
'ഒരു ഫ്രീക്ക് പെണ്ണ് കഥ' എന്ന തലക്കെട്ടോടു കൂടിയാണ് ഷാന്‍ റഹ്‌മാന്‍ തന്‍റെ കുറിപ്പ് ആരംഭിക്കുന്നത്. 'ഫ്രീക്ക് പെണ്ണെ' ഗാനം താന്‍ പ്രൊഡ്യൂസ് ചെയ്യുക മാത്രമാണ് ചെയ്‌തതെന്നും സത്യജിത്തിന്‍റെ പേര് കമ്പോസര്‍ ആയും തന്‍റെ പേര് മ്യൂസിക് പ്രൊഡ്യൂസറായും വയ്‌ക്കാനാണ് താന്‍ ഓഡിയോ കമ്പനിയോട് പറഞ്ഞതെന്നും ഷാന്‍ റഹ്‌മാന്‍ തന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റില്‍ പറയുന്നു.
'ഒരു ഫ്രീക്ക് പെണ്ണേ കഥ
ഒരു അഡാർ ലവ്' എന്ന ചിത്രം വന്നപ്പോൾ, സോഷ്യൽ മീഡിയയിൽ കണ്ടൊരു ഗാനം തന്‍റെ സിനിമയില്‍ അവതരിപ്പിക്കാൻ ആഗ്രഹമുണ്ടെന്ന് സംവിധായകൻ ഒമർ ലുലു അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ കണ്ട ഈ പുതുമുഖത്തിന് ഒരു അവസരം നൽകണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഞങ്ങൾ അതുമായി മുന്നോട്ട് പോയി.
കാക്കനാട്ടെ എന്‍റെ വീട്ടിൽ വച്ച് സത്യജിത്തിനെ (പുതുമുഖം) കണ്ടു. അവിടെ വച്ച് സത്യജിത്ത് എന്നെ പാട്ട് കേൾപ്പിക്കുകയും ചെയ്‌തു. എനിക്ക് അത് ഇഷ്‌ടപ്പെടുകയും ചെയ്‌തു. ഈ ഗാനത്തിലെ യഥാര്‍ഥ വരികള്‍ നിലനിര്‍ത്തി കൊണ്ട്, അത് പ്രൊഡ്യൂസ് ചെയ്യാന്‍ സമ്മതിക്കുകയും സത്യജിത്തിന്‍റെ ശബ്‌ദത്തില്‍ എന്‍റെ സ്‌റ്റുഡിയോയില്‍ വച്ച് ഗാനം റെക്കോഡ് ചെയ്യുകയും ചെയ്‌തു.
സോഷ്യല്‍ മീഡിയയിലെ ഇത്തരം നിരവധി ഗാനങ്ങള്‍ക്കിടയില്‍ നഷ്‌ടപ്പെടുമായിരുന്ന ഒരു ഗാനം പ്രൊഡ്യൂസ് ചെയ്യാന്‍ സഹായിക്കുക മാത്രമായിരുന്നു ഞാനും ഒമറും ചെയ്‌തത്. ഞാൻ ചിട്ടപ്പെടുത്താത്ത ഗാനങ്ങളുടെ ക്രെഡിറ്റ് ഒരിക്കലും ഞാൻ എടുത്തിട്ടില്ല. ഇതേ സിനിമയിലെ 'മാണിക്യ മലരായ പൂവി' എന്ന ഗാനം ഉൾപ്പെടെ.
പരിചയമില്ലാത്തവർക്കായി- ഇത്തരം വിഭാഗങ്ങളിലെ കലാകാരന്മാരെ റാപ്/റാപ്പേഴ്‌സ് (RAP/ RAPPERS) ആയാണ് കണക്കാക്കുന്നത്. സംഗീത സംവിധായകരായി അവര്‍ക്ക് ക്രെഡിറ്റ് നല്‍കാറില്ല. പകരം അവരെ ഗായകരായും ഗാന രചയിതാക്കളായുമായാണ് ക്രെഡിറ്റ് നൽകുന്നത്. നിങ്ങൾ എമിനമിനെ (Eminem) (എമിനം- അമേരിക്കന്‍ റാപ്പറും, ഗാനരചയിതാവും) സംഗീത സംവിധായകന്‍ എന്നല്ല, റാപ്പര്‍ എന്ന് വിളിക്കുന്നത് പോലെ. 'ജേക്കബിന്‍റെ സ്വർഗരാജ്യ'ത്തിലെ 'എന്നിലെരിഞ്ഞ് തുടങ്ങുന്ന തീക്കനൽ', 'കിംഗ് ഓഫ് കൊത്ത'യിലെ ടൈറ്റില്‍ ട്രാക്ക് ചെയ്‌ത Rzee, Fejo തുടങ്ങി നിരവധി റാപ്പർമാർക്കൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. അവര്‍ക്ക് ക്രെഡിറ്റുകളും നല്‍കിയിരുന്നു.
ഫ്രീക്ക് പെണ്ണെ ഗാനം അതിന്‍റെ മ്യൂസിക്ക് പ്രൊഡക്ഷനെ വളരെയധികം ആശ്രയിക്കുന്ന ഒരു ഗാനമാണ്. അല്ലെങ്കിൽ ആ പാട്ട് നടക്കില്ലായിരുന്നു. ഞാൻ പൂർണ്ണമായി ആസ്വദിച്ച് ചെയ്‌ത ഒരു ഗാനം കൂടിയാണത്. ഇതൊരു റാപ്പ് ഗാനമാണ്. സത്യജിത്താണ് എഴുതി അവതരിപ്പിച്ചത്. മാണിക്യ മലരായ പൂവി ഒരു നിശ്ചിത രചന ആയിരുന്നു. ഈ ഗാനത്തിന് ഞങ്ങൾ സംഗീത സംവിധായകന് ക്രെഡിറ്റ് നല്‍കി.
പാട്ട് റിലീസ് ചെയ്‌തപ്പോൾ, എന്തോ കാരണത്താല്‍ ഡിസ്‌ലൈക്കുകൾ ലഭിച്ചത് വളരെ വേദനാജനകമായിരുന്നു. മ്യൂസിക് 24/7 എന്ന ഓഡിയോ കമ്പനിയോട് സത്യജിത്തിന്‍റെ പേര് കമ്പോസർ ആയും എന്‍റെ പേര് മ്യൂസിക് പ്രൊഡ്യൂസർ ആയും ഇടാൻ ഞാൻ പറഞ്ഞിരുന്നു. ഇന്ന് മുതല്‍ യൂട്യൂബില്‍ പരിഷ്‌കരണങ്ങള്‍ നടക്കും. ബാക്കിയുള്ള ഓണ്‍ലൈന്‍ മ്യൂസിക് പ്ലാറ്റ്‌ഫോമുകളില്‍ വരും ദിവസങ്ങളിലും പരിഷ്‌കരണങ്ങള്‍ നടക്കും.
ഒരുപാട് ഡിസ്‌ലൈക്കുകൾ കണ്ടപ്പോൾ വേദന തോന്നിയതിനാൽ ആദ്യ ദിനം ഞാന്‍ യൂട്യൂബിൽ പാട്ട് കണ്ടില്ല. അടിസ്ഥാനപരമായി ഓഡിയോ കമ്പനികൾക്ക് 'സംഗീതം രചിച്ചതും നിർമിച്ചതും ക്രമീകരിച്ചതും ഷാൻ റഹ്‌മാൻ' എന്ന് ഇടുന്ന ഒരു പൊതു ടെംപ്ലേറ്റ് ഉണ്ട്. അതിലെ എല്ലാ പാട്ടുകൾക്കും അവർ അത് ഇടുന്നു. ഗായകരുടെ പേരുകളും വിവരങ്ങളും ചലച്ചിത്ര നിർമാതാക്കളാണ് ശ്രദ്ധിക്കേണ്ടത്. ഇന്ന് മുതൽ എല്ലാം മാറും. സത്യജിത്ത് സമാധാനം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഞങ്ങൾ അവസരങ്ങൾ നൽകുമ്പോൾ ആളുകൾ അത് നിസ്സാരമായി എടുക്കുന്നത് കാണുമ്പോൾ ശരിക്കും സങ്കടമുണ്ട്. ഭാവിയിൽ ഇത്തരം അവസരങ്ങൾ നൽകുന്നതിന് മുമ്പ് ഈ സംഭവം എന്നെ രണ്ടു തവണ ചിന്തിക്കാൻ പ്രേരിപ്പിക്കും. അതിശയകരമായ ഗാനങ്ങൾ സൃഷ്‌ടിക്കാനും മികച്ച കരിയര്‍ ഉണ്ടാക്കാനും സത്യജിത്തിന് എന്‍റെ ആത്മാർത്ഥമായ ആശംസകൾ..
നിങ്ങൾക്കെല്ലാം വേണ്ടി ഞാൻ ഒരുപാട് പാട്ടുകൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. 'പട്ടണത്തിൽ ഭൂതം' മുതൽ 'മലർവാടി', 'തട്ടം', 'ജെഎസ്ആർ', 'ഗോദ', 'മിന്നൽ', 'ജിമിക്കി', 'കുടുക്ക്'... അടിച്ചു മാറ്റി എന്ന പദം ഞാൻ ഇതുവരെ കേള്‍പ്പിച്ചിട്ടില്ല. ഞാൻ ചെയ്‌ത എല്ലാ പാട്ടുകള്‍ക്കുമിടയില്‍ ഫ്രീക്ക് പെണ്ണ് ഒരു അടിച്ചു മാറ്റൽ ആണെങ്കിൽ, എനിക്കത് തിരുത്തണം.
2018 സെപ്റ്റംബർ 29ന് ഈ ടൈംസില്‍ പ്രസിദ്ധീകരിച്ച സത്യജിത്തിന്‍റെ ഒരു അഭിമുഖം ഞാൻ ഇവിടെ അറ്റാച്ചു ചെയ്യുന്നു (ടൈംസ് ഓഫ് ഇന്ത്യയുടെ ഓൺലൈൻ പതിപ്പ്). നിങ്ങൾക്ക് കൂടുതൽ വ്യക്തത ലഭിക്കും. ഇവിടെ ഞാന്‍ നിര്‍ത്തുന്നു. നിങ്ങൾക്കെല്ലാവർക്കും നല്ലൊരു സായാഹ്നം ആശംസിക്കുന്നു. കൂടുതൽ മികച്ച സംഗീതത്തിനായി ആശംസകള്‍. സ്നേഹത്തോടെ, ഷാൻ റഹ്‌മാന്‍.' -ഷാന്‍ റഹ്‌മാന്‍ കുറിച്ചു.
Also Read: 'പ്രതിഫലം കിട്ടിയോന്ന് അറിയാന്‍ ചില മാധ്യമങ്ങള്‍ എന്നെ വിളിച്ചിരുന്നു': ഷാന്‍ റഹ്മാന്‍