മമ്മൂട്ടി ആരാധകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കാതല്‍'. തെന്നിന്ത്യന്‍ താരം ജ്യോതിക നായികയായെത്തുന്ന ചിത്രത്തിന്‍റെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. സിനിമയുടേതായി പുറത്തിറങ്ങിയ ഒരു പോസ്‌റ്ററാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.
'കാതലി'ന്‍റെ സെക്കന്‍ഡ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. മുഖത്തോട് മുഖം നോക്കിയിരിക്കുന്ന മമ്മൂട്ടിയെയും ജ്യോതികയെയുമാണ് പോസ്‌റ്ററില്‍ കാണാനാവുക. മമ്മൂട്ടിയാണ് തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ സെക്കന്‍ഡ് ലുക്ക് ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. പങ്കുവച്ച് നിമിഷ നേരം കൊണ്ട് തന്നെ പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി.
- " class="align-text-top noRightClick twitterSection" data="">
രസകരമായ കമന്‍റുകള്‍ കൊണ്ട് പലരും കമന്‍റ് ബോക്‌സുകളും നിറച്ചു. 'അടുത്തിടെ ഒരു സിനിമയ്‌ക്ക് വേണ്ടി ഇത്ര കാത്തിരുന്നിട്ടില്ല', 'ഈ റൊമാന്‍റിക് ചിത്രത്തിനായി ഇനിയും കാത്തിരിക്കാനാവില്ല. രണ്ടു പേരും ഒന്നിച്ചുള്ള അപൂര്‍വ കോമ്പോയുള്ള സിനിമയുടെ റിലീസിനായി വളരെ നാളായി കാത്തിരിക്കുകയാണ്.' 'എനിക്ക് ഉറപ്പുണ്ട്, ആളുകള്‍ ഈ സിനിമയെ ഇഷ്‌ടപ്പെടുമെന്ന്. നമുക്ക് നോക്കാം ഇനി എന്താണ് സംഭവിക്കുന്നതെന്ന്. ആശംസകള്‍' -തുടങ്ങി നിരവധി കമന്‍റുകളാണ് സെക്കന്‍ഡ് ലുക്കിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സിനിമയില്‍ മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ വേഷമാണ് ചിത്രത്തില്‍ മമ്മൂട്ടിക്ക്.
Also Read: 'കണ്ണൂര്‍ സ്‌ക്വാഡു'മായി മമ്മൂട്ടി ; പുതിയ ചിത്രം വെളിപ്പെടുത്തി താരം
നേരത്തെ മമ്മൂട്ടി (മാത്യു ദേവസി)യുടെ ഫ്ലക്‌സ് ബോര്‍ഡുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. തീക്കോയി ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡ് ഇടത് സ്ഥാനാര്‍ഥി മാത്യു ദേവസിയെ വിജയിപ്പിക്കുക എന്നെഴുതിയ ഫ്ലക്‌സ് ബോര്‍ഡുകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ തരംഗമായത്.
മമ്മൂട്ടി, ജ്യോതിക എന്നിവരെ കൂടാതെ ലാലു അലക്‌സ്, മുത്തുമണി, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, ആദര്‍ശ് സുകുമാരന്‍, ജോസി സിജോ, അനഘ അക്കു തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.
സാലു കെ തോമസ് ആണ് ഛായാഗ്രഹണം. ഫ്രാന്‍സിസ് ലൂയിസ് എഡിറ്റിങ് നിര്‍വഹിക്കും. മാത്യൂസ് പുളിക്കല്‍ ആണ് സംഗീതം. മമ്മൂട്ടി കമ്പനിയാണ് സിനിമയുടെ നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറെര്‍ ഫിലിംസ് വിതരണവും നിര്‍വഹിക്കും.
മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് 'കാതല്‍'. ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുള്ള 'നന്‍പകല്‍ നേരത്ത് മയക്കം' ആണ് മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ഒരുങ്ങിയ ആദ്യ ചിത്രം. 'റോഷാക്ക്' ആയിരുന്നു ഈ പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ ഒരുങ്ങിയ രണ്ടാമത്തെ ചിത്രം.
അതേസമയം 'ക്രിസ്‌റ്റഫറി'ന് ശേഷമുള്ള മമ്മൂട്ടിയുടെ ചിത്രം കൂടിയാണ് 'കാതല്‍'. 'നന്‍പകല്‍ നേരത്ത് മയക്കം' ആയിരുന്നു 'ക്രിസ്‌റ്റഫറി'ന് മുമ്പ് മമ്മൂട്ടിയുടേതായി തിയേറ്ററുകളിലെത്തിയ ചിത്രം. രാജ്യാന്തര ചലച്ചിത്ര മേളയില്‍ നന്‍പകല്‍ നേരത്ത് മയക്കത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചിരുന്നു. മേളയില്‍ പ്രേക്ഷക നിരൂപക പ്രശംസകള്‍ ഏറ്റുവാങ്ങിയ ശേഷമായിരുന്നു നന്‍പകല്‍ നേരത്ത് മയക്കം തിയേറ്ററുകളില്‍ എത്തിയത്.
Also Read: മമ്മൂട്ടി - ജ്യോതിക കാതല്‍ മെയില്‍ എത്തില്ല; റിലീസ് മാറ്റിവച്ചു