ജിയോ ബേബി സംവിധാനം ചെയ്‌ത 'കാതൽ' സിനിമയ്‌ക്കായി സിനിമാസ്വാദകർ കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളേറെയായി. ഇനിയിതാ ആ കാത്തിരിപ്പ് അവസാനിക്കാൻ വെറും അഞ്ച് ദിനങ്ങൾ മാത്രം. മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്ന 'കാതൽ' നവംബർ 23ന് തിയറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കെ സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
'കാതൽ' റിലീസിന് ഇനി അഞ്ച് ദിവസങ്ങൾ മാത്രമെന്ന് കുറിച്ചുകൊണ്ടാണ് പുതിയ പോസ്റ്റർ പങ്കുവച്ച് അണിയറക്കാർ സിനിമാസ്വാകരുടെ പ്രതീക്ഷകൾ ഇരട്ടിയാക്കിയത്. മമ്മൂട്ടിയും ജ്യോതികയും അണിനിരക്കുന്ന പോസ്റ്റർ ശ്രദ്ധ നേടുകയാണ്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ പോസ്റ്ററുകളും ഗാനവും ട്രെയിലറുമെല്ലാം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു, ഇപ്പോഴിതാ പുതിയ പോസ്റ്ററും ആരാധകർ ആഘോഷമാക്കുകയാണ്.
'കണ്ണൂർ സ്‌ക്വാഡ്' എന്ന ചിത്രത്തിന്‍റെ വൻ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ എത്തുന്ന സിനിമയാണ് 'കാതൽ ദി കോർ'. 'നൻപകൽ നേരത്ത് മയക്കം', 'റോഷാക്ക്', 'കണ്ണൂർ സ്‌ക്വാഡ്' എന്നിവയ്‌ക്ക് ശേഷം മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമെന്ന നിലയിലും 'കാതൽ' സിനിമയുടെ പ്രതീക്ഷകൾ ഏറെയാണ്. പ്രേക്ഷകർക്ക് വ്യത്യസ്‌തമായൊരു കാഴ്‌ചാനുഭവം ചിത്രം സമ്മാനിക്കും എന്ന് തന്നെയാണ് പ്രതീക്ഷ.
മമ്മൂട്ടി, മാത്യു ദേവസ്സി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജ്യോതികയും പ്രേക്ഷകരെ ഞെട്ടിക്കുമെന്ന് തന്നെയാണ് വിലയിരുത്തൽ. ഇതാദ്യമായാണ് മമ്മൂട്ടിയും ജ്യോതികയും ഒരു സിനിമയിൽ ഒന്നിക്കുന്നത്. 'സീതാകല്യാണ'ത്തിന് ശേഷം ജ്യോതിക വേഷമിടുന്ന രണ്ടാമത്തെ മലയാള ചിത്രം കൂടിയാണ് 'കാതൽ'.
മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്‌സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ചേർന്നാണ് 'കാതലി'നായി തിരക്കഥ ഒരുക്കിയത്. സാലു കെ തോമസാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ.
അൻവർ അലി, ജാക്വിലിൻ മാത്യു എന്നിവരുടെ വരികൾക്ക് മാത്യൂസ് പുളിക്കൻ സംഗീതം പകരുന്നു. ഫ്രാൻസിസ് ലൂയിസ് ചിത്രസംയോജനം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്. ജോർജ് ആണ്. ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്.
'കാതൽ' സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ: കലാസംവിധാനം - ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ - സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ - ഡിക്‌സൺ പൊടുത്താസ്, സൗണ്ട് ഡിസൈൻ - ടോണി ബാബു, വസ്ത്രാലങ്കാരം - സമീറ സനീഷ്, മേക്കപ്പ് - അമൽ ചന്ദ്രൻ, കോ - ഡയറക്‌ടർ - അഖിൽ ആനന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - മാർട്ടിൻ എൻ. ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് - അസ്ലാം പുല്ലേപ്പടി, സ്റ്റിൽസ് - ലെബിസൺ ഗോപി, ഓവർസീസ് വിതരണം - ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിങ് - വിഷ്‌ണു സുഗതൻ, പബ്ലിസിറ്റി ഡിസൈനർ - ആന്‍റണി സ്റ്റീഫൻ.
READ ALSO: വിസ്‌മയിപ്പിക്കാന്‍ മമ്മൂട്ടി വീണ്ടും, കൂടെ ജ്യോതികയും, 'കാതൽ ദി കോർ' ട്രെയിലർ പുറത്ത്