മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കാതല്‍' (Kaathal). പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ സിനിയുടെ ഓരോ അപ്‌ഡേറ്റുകളും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ സിനിമയുടെ റിലീസ് സംബന്ധിച്ച് പുതിയ അപ്‌ഡേറ്റാണ് പുറത്തുവരുന്നത്. നവംബര്‍ 24-നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത് (Kaathal Release).
തെന്നിന്ത്യന്‍ താര സുന്ദരി ജ്യോതിക ആണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. ഇതാദ്യമായാണ് മമ്മൂട്ടിയും ജ്യോതികയും ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുന്നത്. അതേസമയം ജ്യോതികയുടെ ആദ്യ മലയാള ചിത്രമല്ല 'കാതല്‍'. 12 വര്‍ഷങ്ങള്‍ക്ക് ശേഷം 'കാതലി'ലൂടെയാണ് ജ്യോതിക വീണ്ടും മലയാളത്തിലേയ്‌ക്ക് തിരിച്ചുവരുന്നത്.
ഇതിനോടകം തന്നെ കാതല്‍ പോസ്‌റ്ററുകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു (Kaathal Posters). 'കാതലി'ന്‍റെ ഫസ്‌റ്റ് ലുക്ക്, സെക്കന്‍ഡ് ലുക്ക് പോസ്‌റ്ററുകള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. 'കാതലി'ല്‍ മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ വേഷമാണ് ചിത്രത്തില്‍ മമ്മൂട്ടിക്ക്.
നേരത്തെ മമ്മൂട്ടി (മാത്യു ദേവസി)യുടെ ഫ്ലക്‌സ് ബോര്‍ഡുകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. തീക്കോയി ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡ് ഇടത് സ്ഥാനാര്‍ഥി മാത്യു ദേവസിയെ വിജയിപ്പിക്കുക എന്നെഴുതിയ ഫ്ലക്‌സ് ബോര്‍ഡുകളായിരുന്നു അത്.
Also Read: അല്‍പം ഗൗരവത്തില്‍ മമ്മൂട്ടിയും ജ്യോതികയും; കാതല്‍ സെക്കന്‍ഡ് ലുക്ക് ശ്രദ്ധേയം
ലാലു അലക്‌സ്, സുധി കോഴിക്കോട്, മുത്തുമണി, ചിന്നു ചാന്ദിനി, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍, അനഘ അക്കു തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ രചന. സാലു കെ തോമസ് ഛായാഗ്രഹണവും ഫ്രാന്‍സിസ് ലൂയിസ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. മാത്യൂസ് പുളിക്കല്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.
മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് സിനിമയുടെ നിര്‍മാണം. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് 'കാതല്‍'. ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുള്ള 'നന്‍പകല്‍ നേരത്ത് മയക്കം' ആണ് മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ഒരുങ്ങിയ ആദ്യ ചിത്രം. 'റോഷാക്ക്' ആയിരുന്നു മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ഒരുങ്ങിയ രണ്ടാമത്തെ ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറെര്‍ ഫിലിംസാണ് കാതല്‍ തിയേറ്ററുകളില്‍ വിതരണത്തിനെത്തിക്കുക.
കണ്ണൂര്‍ സ്‌ക്വാഡ് ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. കണ്ണൂര്‍ സ്‌ക്വാഡിന് മുമ്പായി 'ക്രിസ്‌റ്റഫര്‍', 'നന്‍പകല്‍ നേരത്ത് മയക്കം' എന്നിവയാണ് മമ്മൂട്ടിയുടേതായി തിയേറ്ററുകളില്‍ എത്തിയ ചിത്രങ്ങള്‍.