മാമുക്കോയക്ക് മലയാള സിനിമയുടെ ആദരം. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം ഉള്‍പ്പെടെ മലയാള സിനിമയിലെ നിരവധി പ്രമുഖര്‍ പ്രിയ നടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തെത്തി. നാട്യങ്ങളില്ലാത്ത നന്മയുടെ നിറകുടം എന്നാണ് മാമുക്കോയയെ മോഹന്‍ലാല്‍ വിശേഷിപ്പിച്ചത്.
ഫേസ്‌ബുക്കിലൂടെയായിരുന്നു മാമുക്കോയക്ക് അനുശോചനം രേഖപ്പെടുത്തി മോഹന്‍ലാല്‍ രംഗത്തെത്തിയത്. നിരവധി സിനിമകളില്‍ മാമുക്കോയക്കൊപ്പം തനിക്ക് അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചുവെന്നും മോഹന്‍ലാല്‍ കുറിച്ചു. മാമുക്കോയയുടെ ഒരു ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">
'നാട്യങ്ങളില്ലാത്ത, നന്മയുടെ നിറകുടമായിരുന്നു പ്രിയപ്പെട്ട മാമുക്കോയ. മലബാർ ശൈലിയെ തനിമ ചോരാതെ തികച്ചും സ്വാഭാവികമായി ഈ അതുല്യ പ്രതിഭ വെള്ളിത്തിരയിൽ അവതരിപ്പിച്ചു. 'ദൂരെ ദൂരെ ഒരു കൂടുകൂട്ടാം' എന്ന സിനിമ മുതൽ അടുത്തിടെ പ്രിയദർശൻ സംവിധാനം ചെയ്‌ത 'ഓളവും തീരവും' വരെ എത്രയെത്ര ചിത്രങ്ങളിലാണ് ഒന്നിച്ചഭിനയിക്കാൻ എനിക്ക് ഭാഗ്യം ഉണ്ടായത്. ആ നിഷ്‌കളങ്കമായ ചിരി ഒരിക്കലും മായാതെ എന്നെന്നും മനസിൽ നിറഞ്ഞു നിൽക്കും. മലയാള സിനിമയ്ക്ക് തീരാനഷ്‌ടമായി മാറിയ അദ്ദേഹത്തിൻ്റെ വേർപാടിൽ ആദരാഞ്ജലികൾ...'-ഇപ്രകാരമാണ് മോഹന്‍ലാല്‍ കുറിച്ചത്.
- " class="align-text-top noRightClick twitterSection" data="">
മമ്മൂട്ടിയും മാമുക്കോയക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. 'പ്രിയപ്പെട്ട മാമുക്കോയക്ക് ആദരാഞ്ജലികൾ' -എന്നാണ് മമ്മൂട്ടി ഫേസ്‌ബുക്കില്‍ കുറിച്ചത്. രണ്ടായി പിളര്‍ന്ന ചുവന്ന ഹാര്‍ട്ട് ഇമോജികള്‍ക്കൊപ്പം മാമുക്കോയയുടെ ചിരിക്കുന്ന ചിത്രം ഫേസ്‌ബുക്കില്‍ പങ്കുവച്ചുകൊണ്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ അനുശോചനം രേഖപ്പെടുത്തിയത്.
Also Read: മാമുക്കോയ: നമ്മുടെ ചിരിയും കണ്ണീരും വയറ്റുപ്പിഴപ്പും പ്രതിഫലിപ്പിച്ച കണ്ണാടി
'കുരുതി' സിനിമയിലെ മാമുക്കോയക്കൊപ്പമുള്ള അനുഭവം പങ്കുവച്ച് കൊണ്ടായിരുന്നു പൃഥ്വിരാജിന്‍റെ അനുശോചനം. പൃഥ്വിരാജും ഫേസ്‌ബുക്കിലൂടെയാണ് പ്രിയനടന് അനുശോചനം രേഖപ്പെടുത്തിയത്. 'നിത്യശാന്തി നേരുന്നു മാമുക്കോയ സര്‍! നിരവധി തവണ അങ്ങേയ്‌ക്കൊപ്പം സ്‌ക്രീന്‍ പങ്കിടാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. എന്നാല്‍ കുരുതിയില്‍ മൂസ എന്ന കഥാപാത്രമായി അങ്ങ് അഴിഞ്ഞാടുന്നത് ഏറ്റവും അടുത്തു നിന്ന് കാണാന്‍ കഴിഞ്ഞതിന്‍റെ ഓര്‍മ ഞാന്‍ എന്നും ഹൃദയത്തോട് ചേര്‍ത്തു വയ്‌ക്കും' -ഇപ്രകാരമാണ് പൃഥ്വിരാജ് കുറിച്ചത്. ലെജന്‍ഡ്, കുരുതി, മൂസ എന്നീ ഹാഷ്‌ടാഗുകള്‍ക്കൊപ്പമായിരുന്നു പൃഥ്വിരാജിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്.
- " class="align-text-top noRightClick twitterSection" data="
">
മാമുക്കോയയെ അനുസ്‌മരിച്ച് സുപ്രിയയും സോഷ്യല്‍ മീഡിയയിലെത്തി. 'കുരുതിയുടെ സെറ്റില്‍ ഷോട്ടുകള്‍ക്കിടയില്‍ അദ്ദേഹം പുറത്ത് വിശ്രമിക്കുമ്പോഴാണ് ഞാനീ ചിത്രം എടുത്തത്. സഹായികള്‍ ഇല്ല, പരിവാരങ്ങള്‍ ഇല്ല, ബഹളം ഇല്ല, ഷോട്ടുകള്‍ക്കിടയില്‍ കാരവാനിലേയ്‌ക്കുള്ള പോക്കില്ല. ഏകമനസോടെ ജോലിയോടുള്ള സമര്‍പ്പണം മാത്രം. എത്ര മനോഹരമായ ആത്മാമാണ് അദ്ദേഹം. ബഹുമാനം മാത്രം സര്‍, സമാധാനമായി വിശ്രമിക്കൂ' -സുപ്രിയ മേനോന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
'ആ നിറഞ്ഞ ചിരിയും മാഞ്ഞു, ഹൃദയം കൊണ്ട് ഒരു സുഹൃത്തിനെപ്പോലെ, സഹോദരനെ പോലെ സ്നേഹിച്ച ചിരിയുടെ സുൽത്താന് വിട' -എന്നാണ് ദിലീപ് എഴുതിയത്. 'പ്രിയപ്പെട്ട മാമുക്കോയക്ക് ആദരാഞ്ജലികൾ.. മറക്കില്ല മലയാളികൾ...ഒരിക്കലും' -എന്ന് സുരേഷ് ഗോപിയും കുറിച്ചു. 'ചില നല്ല ഓർമകൾ ബാക്കിവച്ച് മറ്റൊരു ഇതിഹാസം വിടപറയുന്നു.... മാമുക്കോയ ചേട്ടന്‍' -കുഞ്ചാക്കോ ബോബന്‍ പങ്കുവച്ചു.
ഇവരെ കൂടാതെ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സലിം കുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങിയ താരങ്ങളും പ്രിയ നടന് ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചു.
Also Read: വിട പറഞ്ഞത് മലയാളികളുടെ പ്രിയപ്പെട്ട ഗഫൂര്‍ക്കാ ദോസ്‌ത്