സിനിമയില്‍ സജീവമല്ലെങ്കിലും ബോളിവുഡില്‍ എപ്പോഴും വാര്‍ത്തകളില്‍ നിറയാറുളള താരമാണ് മലൈക അറോറ. ഗ്ലാമര്‍ റോളുകളില്‍ ഹിന്ദിയില്‍ തിളങ്ങിയ താരത്തെ പിന്നീട് ടിവി പരിപാടികളിലാണ് കൂടുതല്‍ കണ്ടത്. റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായി മലൈക എത്താറുണ്ട്. ഒപ്പം സോഷ്യല്‍ മീഡിയയിലും സജീവമാണ് നടി.
മാതൃദിനത്തില്‍ മലൈകയുടെതായി വന്ന ഒരു കുറിപ്പ് ശ്രദ്ധേയമാവുകയാണ്. വര്‍ക്കിംഗ് മോം ആകാനായി താന്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ചുളള എഴുത്തുമായാണ് നടി എത്തിയത്. സല്‍മാന്‍റെ ഖാന്‍റെ സഹോദരനും സംവിധായകനുമായ അര്‍ബാസ് ഖാനാണ് മലൈകയെ വിവാഹം കഴിച്ചത്. അര്‍ഹാന്‍ ഖാനാണ് ഇവരുടെ മകന്‍. 1998ല്‍ വിവാഹിതരായ മലൈകയും അര്‍ബാസും 2017ല്‍ വേര്‍പിരിഞ്ഞു.
മലൈക തന്‍റെ 28ാം വയസിലാണ് മകന് ജന്മം നല്‍കിയത്. കുഞ്ഞിനായി കാത്തിരിക്കുന്ന സമയത്ത് തന്റെ കരിയര്‍ അവസാനിച്ചു എന്നാണ് അന്ന് പലരും പറഞ്ഞതെന്ന് നടി തന്‍റെ കുറിപ്പില്‍ പറയുന്നു. എന്നാല്‍ 20 വര്‍ഷത്തിന് ശേഷവും താന്‍ ഇവിടെ തന്നെയുണ്ടെന്ന് മലൈക പറയുന്നു. സ്വതന്ത്രരായിരിക്കണമെന്ന് വാദിക്കുന്ന സ്ത്രീകളാൽ വളർത്തപ്പെട്ടതിനാൽ, മാതൃത്വം എനിക്ക് അറിയാമായിരുന്നു, മാതൃത്വം എന്റെ കരിയര്‍ അവസാനിക്കുന്നതല്ല എന്ന് എനിക്ക് അറിയാമായിരുന്നു.
എന്റെ ഗർഭാവസ്ഥയിലും ഞാൻ ജോലി ചെയ്തു. ഷോകളും അതിന്റെ റിഹേഴ്‌സലുകളും എല്ലാം ചെയ്‌തു. ആ വിജയകരമായ ഷോയ്ക്ക് ശേഷം എന്നെകുറിച്ച് ഞാന്‍ തന്നെ അഭിമാനിച്ചത് ഓര്‍ക്കുന്നു. പ്രസവം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം ഒരു സിനിമയ്ക്ക് പോലും ഞാന്‍ യെസ് പറഞ്ഞു. അർഹാൻ ജനിച്ചപ്പോൾ ഞാൻ അവനു വേണ്ടിയുളള സമയം കണ്ടെത്തുമെന്ന് തീരുമാനിച്ചിരുന്നു.
ഞാൻ സ്വയം തീരുമാനിച്ചു. അമ്മ എന്ന പ്രക്രിയയിൽ എനിക്ക് എന്റെ ഐഡന്റിറ്റി നഷ്ടപ്പെടില്ല. അന്നുമുതൽ, ഞാൻ രണ്ട് വാഗ്ദാനങ്ങളും പാലിച്ചു. അര്‍ഹാന് ജന്മം നല്‍കി രണ്ട് മാസം കഴിഞ്ഞപ്പോള്‍ ഒരു അവാര്‍ഡ് ഷേയില്‍ പെര്‍ഫോം ചെയ്ത് ഞാന്‍ തിരിച്ചുവന്നു. കൂടാതെ കരണ്‍ ജോഹറിന്റെ നിര്‍മ്മാണത്തില്‍ വന്ന ഖാല്‍ എന്ന ചിത്രത്തില്‍ കാല്‍ ധമാല്‍ എന്ന ഗാനരംഗത്തില്‍ നൃത്തം ചെയ്‌തതും നടി ഓര്‍ത്തെടുത്തു.
എന്നാല്‍ ജോലി ചെയ്യുന്ന അമ്മ എന്ന കുറ്റബോധം അന്ന് തന്നെ വേട്ടയാടിയതായി മലൈക പറയുന്നു. താന്‍ അന്ന് മുതല്‍ അര്‍ഹാനൊപ്പമുളള സമയം കൂട്ടാന്‍ തീരുമാനിച്ചു. എല്ലാ രാവിലെകളിലും ഞാന്‍ അവനായി മലയാളം പാട്ടുകള്‍ പാടി. എന്‍റെ അമ്മ എനിക്ക് പാടിതന്ന പാട്ടുകളായിരുന്നു അത്. തുടർന്ന്, ജോലിക്ക് പോകുന്നതിന് മുമ്പ് ഞാൻ അവനെ ഒരുക്കുകയും ജോലികൾ ചെയ്യുകയും ചെയ്യും.
അവന്‍റെ കാര്യങ്ങള്‍ നോക്കാന്‍ ഞാൻ എപ്പോഴും കൃത്യസമയത്ത് തന്നെ വീട്ടിലേക്ക് മടങ്ങി. കുടുംബത്തിലുളള എല്ലാവരുടെയും പിന്തുണ അന്ന് എനിക്ക് ലഭിച്ചു. ഞാനും അർബാസും വീട്ടില്‍ നിയമങ്ങൾ നിശ്ചയിച്ചിരുന്നു. ഞങ്ങളില്‍ ഒരു രക്ഷിതാവ് എപ്പോഴും അവനൊപ്പം ഉണ്ടായിരുന്നു. അവന്‍റെ പിടിഐ മീറ്റിംഗുകളോ വാർഷിക പരിപാടികളോ ഒന്നും ഞങ്ങള്‍ മിസ് ആക്കിയില്ല..
ഞാൻ അവനെ എപ്പോഴും കൂട്ടിക്കൊണ്ടുപോകുകയോ സ്കൂളിൽ വിടുകയോ ചെയ്തു. താമസിയാതെ, അത് എന്റെ ദിനചര്യ ആയി മാറി. ഞാൻ അർഹാനുമായി എല്ലാ കാര്യങ്ങളും സംസാരിച്ചു, താനും അര്‍ബാസും വേര്‍പിരിയലിനെ കുറിച്ച് മകനേട് പറഞ്ഞു. അവന് അത് മനസിലായി. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ഹാനാണ് തന്‍റെ പ്രിയപ്പെട്ട സുഹൃത്ത്.
രാവിലെകളിലെ പാട്ട് പാടല്‍ ശീലം പിന്നീട് ഞായറാഴ്ചകളിലെ പാചക സമയത്തായി മാറി. ഇപ്പോള്‍ അവന്‍ പുറത്ത് പഠിക്കുകയാണ്. ഞാന്‍ അവനെ മിസ് ചെയ്യുന്നു. എന്‍റെ രണ്ടാമത്തെ പ്രോമിസ് ഞാന്‍ പാലിച്ചത് നല്ല കാര്യമായി തോന്നുന്നു. അമ്മയായപ്പോള്‍ സ്വന്തം കാര്യം മറക്കാതിരിക്കുക. എനിക്ക് എന്റെ ജോലിയുണ്ട്, സുഹൃത്തുക്കളുണ്ട്, ജീവിതമുണ്ട്. അതുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുക. അതിന് ശേഷം ജോലിക്ക് പോവുക.
സന്തോഷമില്ലാതെ വിവാഹ ജീവിതമാണെങ്കില്‍ അതില്‍ നിന്നും ഒഴിയുക. നിങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക. ഒരു അമ്മയാകുക എന്നതിനര്‍ഥം നിങ്ങള്‍ നിങ്ങളാകുന്നത് നിര്‍ത്തുക എന്നല്ല. മാതൃത്വം അവസാനമല്ല. ആവശ്യമെങ്കില്‍ അതിനെ ഒരു അര്‍ദ്ധ വിരാമമായി പരിഗണിക്കുക. എന്നാല്‍ ഒരിക്കലും ഒരു ഫുള്‍സ്റ്റോപ്പായി കാണരുത്, ഹ്യൂമന്‍സ് ഓഫ് ബോംബൈ പേജില്‍ എഴുതിയ കുറിപ്പില്‍ മലൈക അറോറ പറയുന്നു.