സിനിമാസ്വാദകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ചലച്ചിത്രാനുഭവം സമ്മാനിച്ച, കാലത്തോടും വ്യവസ്ഥിതിയോടും നിരന്തരം കലഹിച്ചുകൊണ്ടേയിരിക്കുന്ന സംവിധായകൻ മാരി സെല്‍വരാജിന്‍റെ ഏറ്റവും പുതിയ ചിത്രം 'മാമന്ന'ന്‍റെ ട്രെയിലർ പുറത്ത്. കാണികളെ കോരിത്തരിപ്പിക്കുന്ന ട്രെയിലർ അവരെ ആകാംക്ഷയുടെയും അമ്പരപ്പിന്‍റെയും കൊടുമുടിയില്‍ തനിച്ചാക്കിയാണ് മടങ്ങുന്നത്.
- " class="align-text-top noRightClick twitterSection" data="">
മാരി സെല്‍വരാജിന് മാത്രം സാധ്യമാകുന്ന കഥ പറച്ചിലില്‍ കാണികൾ വീണ് പോകാറുണ്ട്- പരിയേറും പെരുമാള്‍ പോലെ... കര്‍ണന്‍ പോലെ... അക്കൂട്ടത്തിലേക്ക് ചേർക്കപ്പെടാൻ മറ്റൊരു മാരി സെല്‍വരാജ് മാജിക്ക് കൂടി വരികയാണ്, മാമന്നൻ. ജൂൺ 29ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിനായുള്ള സിനിമാസ്വാദകരുടെ കാത്തിരിപ്പ് ഇരട്ടിയാക്കുന്നതാണ് ട്രെയിലർ.
വടിവേലു, ഉദയനിധി സ്റ്റാലിൻ, ഫഹദ് ഫാസിൽ, കീർത്തി സുരേഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വെള്ളിത്തിരയില്‍ ഇതുവരെ നാം കണ്ട വടിവേലുവില്‍ നിന്നും തീർത്തും വേറിട്ട് നില്‍ക്കുന്നതാണ് 'മാമന്ന'നിലെ താരത്തിന്‍റെ പ്രകടനം. തമിഴകത്തെ ഹാസ്യരംഗത്ത് പതിറ്റാണ്ടുകളായി മുടിചൂടാ മനന്നനായി തുടരുന്ന വടിവേലു 'മാമന്ന'നില്‍ പ്രേക്ഷകരെ ഞെട്ടിക്കുമെന്ന് അടിവരയിടുന്നതാണ് ഇപ്പോൾ പുറത്ത് വന്ന ട്രെയിലർ.
വടിവേലുവിന്‍റെ ഇന്നോളമുള്ള കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാകും 'മാമന്ന'നിലേത് എന്നതില്‍ തർക്കമുണ്ടാവില്ല. ചിത്രത്തില്‍ ഫഹദ് ഫാസില്‍ വില്ലനായി എത്തുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. അത്തരം വാർത്തകളെ ശരിവയ്‌ക്കുന്നതാണ് ട്രെയിലർ. പ്രതി നായക വേഷത്തിലുള്ള ഫഹദിന്‍റെ പ്രകടനത്തിന് സാക്ഷ്യം വഹിക്കാൻ കാത്തിരിപ്പാണ് ആരാധകർ.
നടനും രാഷ്‌ട്രീയ പ്രവർത്തകനുമായ ഉദയനിധി സ്റ്റാലിനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. കഴിഞ്ഞ ഡിസംബറിൽ തമിഴ്‌നാട്ടിലെ യുവജനക്ഷേമ- കായിക- വികസന മന്ത്രിയായി അധികാരത്തിലേറിയതിന് പിന്നാലെ ഉദയനിധി തന്‍റെ അവസാന സിനിമയായി പ്രഖ്യാപിച്ച ചിത്രമാണ് ‘മാമന്നൻ’. രാഷ്‌ട്രീയ പ്രവർത്തനത്തിൽ സജീവമായി നിൽക്കാൻ വേണ്ടിയാണ് താൽക്കാലികമായി അഭിനയരംഗത്ത് നിന്നും അദ്ദേഹം മാറി നിൽക്കുന്നതെന്നാണ് വിവരം.
സംഗീതത്തില്‍ അത്ഭുതം തീർക്കുന്ന എ ആർ റഹ്മാനാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് എന്നതും മാമന്നന്‍റെ സവിശേഷതകളില്‍ ഒന്നാണ്. തേനി ഈശ്വർ ഛായാഗ്രാഹകനാകുന്ന ചിത്രം പ്രശസ്‌ത പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കമ്പനി ആയ റെഡ് ജയന്‍റ് ആണ് നിർമിക്കുന്നത്. 'ആര്‍ആര്‍ആര്‍, വിക്രം, ഡോണ്‍, വെന്ത് തുനിന്തത് കാട്, വിടുതലൈ' തുടങ്ങിയ സിനിമകള്‍ വിതരണം ചെയ്‌ത ഷിബു തമീൻസിന്‍റെ എച്ച് ആര്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം കേരളത്തില്‍ ചിത്രം വിതരണത്തിനെത്തിക്കുന്നത്.
ചിത്രം ശക്തമായ രാഷ്‌ട്രീയമാണ് സംസാരിക്കുന്നതെന്ന് സംവിധായകന്‍ മാരി സെല്‍വരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു. വടിവേലുന്‍റെ കഥാപാത്രം എല്ലാവരെയും ഞെട്ടിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തമിഴ്‌നാട്ടിലെ ജാതി രാഷ്‌ട്രീയം പ്രമേയമാക്കിയ തന്‍റെ മുന്‍കാല സിനിമകൾക്ക് സമാനമായ കഥാപശ്ചാത്തലമാണ് മാരിസെല്‍വരാജ് മാമന്നിലും തുടരുന്നതെന്നും ട്രെയിലര്‍ സൂചന നല്‍കുന്നുണ്ട്.
അതേസമയം അടുത്തിടെ പുറത്തുവിട്ട 'മാമന്നനി'ലെ ലിറിക്കല്‍ വിഡിയോകള്‍ക്കും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്. ഇപ്പോഴിതാ ട്രെയിലറും യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുകയാണ്.
ALSO READ: 'തീയേ ദാഹമോ...'; ഫഹദ് ഫാസിലിന്‍റെ 'ധൂമം' ലിറിക്കല്‍ വീഡിയോ സോങ് പുറത്ത്