മധുരഗാനങ്ങള്‍ കൊണ്ട് അതിശയിപ്പിച്ച ഗാനരചയിതാവായിരുന്നു ബീയാര്‍ പ്രസാദ്. ലളിതസംഗീതത്തിന്‍റെ സാധ്യതകളെ അത്രമേല്‍ ഭാവാര്‍ദ്രമായാണ് അദ്ദേഹം പാട്ടുകളിലേക്ക് സന്നിവേശിപ്പിച്ചത്. കാവ്യഭംഗി തുളുമ്പുന്ന പദവിന്യാസത്തിലൂടെ പാട്ടുകള്‍ക്ക് ദൃശ്യചാരുത തുന്നിയ പ്രതിഭാവിലാസമായിരുന്നു ആ തൂലിക.
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങിയ 'കിളിച്ചുണ്ടന്‍ മാമ്പഴ'ത്തിനുവേണ്ടി (2003) പാട്ടെഴുതിക്കൊണ്ടായിരുന്നു ബീയാര്‍ പ്രസാദിന്‍റെ സിനിമ അരങ്ങേറ്റം. ചിത്രത്തിലെ 'ഒന്നാം കിളി പൊന്നാണ്‍കിളി', 'കസവിന്‍റെ തട്ടമിട്ട് ...' തുടങ്ങിയ ഗാനങ്ങള്‍ കഥാഭൂമികയുടെ വൈവിധ്യം വരച്ചിട്ടു. പ്രമേയപരിചരണത്തോട് ഇഴചേര്‍ന്ന പാട്ടുകളുമായിരുന്നു ഇവ. കഥാപശ്ചാത്തലത്തിലേക്ക് അനുവാചകനെ വലിച്ചിടുന്നതില്‍ ഈ ഗാനങ്ങള്‍ നിര്‍ണായകമാവുകയും ചെയ്‌തു.
ജലോത്സവത്തിലെ 'കേരനിരകളാടും ഹരിതചാരുതീരം' എന്ന ഗാനം അത്രമേല്‍ ഭാവ-താള-ദൃശ്യാത്മകമായത് അദ്ദേഹത്തിന്‍റെ ജീവിതം കുട്ടനാട്ടില്‍ നാട്ടപ്പെട്ടതുകൊണ്ടുകൂടിയാണ്. ആലപ്പുഴയുടെ വിശേഷിച്ച് കുട്ടനാടിന്‍റെ സവിശേഷ ഹരിതഭംഗിയും കായലോളങ്ങളുടെ ലയതാളവും അവിടുത്തെ ജീവിതവും ഇതിലേറെ മനോഹരമായി എങ്ങനെ വരച്ചിടും. വെട്ടം എന്ന ചിത്രത്തിലെ, 'മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി' എന്ന ഗാനവും ലളിത സംഗീതത്തിന്‍റെ സൗന്ദര്യാത്‌മകതയുടെ ഇഴയടുക്കുള്ളതാണ്.
വിദ്യാസാഗര്‍, മോഹന്‍ സിത്താര, രവീന്ദ്രന്‍ മാസ്‌റ്റര്‍, ബേണി ഇഗ്‌നേഷ്യസ്, ഇളയരാജ, എം.ജയചന്ദ്രന്‍ തുടങ്ങി നിരവധി പ്രശസ്‌ത സംഗീത സംവിധായകര്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 'കിളിച്ചുണ്ടന്‍ മാമ്പഴം', 'പട്ടണത്തില്‍ സുന്ദരന്‍', 'ഇവര്‍', 'ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി', 'വെട്ടം', 'ജലോത്സവം', 'വാമനപുരം ബസ് റൂട്ട്', 'ഇരുവട്ടം മണവാട്ടി', 'സര്‍ക്കാര്‍ ദാദ', 'ഹായ്', 'ഒരാള്‍', 'ലങ്ക', 'ജയം', 'സ്വര്‍ണം', 'സീതാകല്യാണം', 'കുഞ്ഞളിയന്‍', 'തത്സമയം ഒരു പെണ്‍കുട്ടി', 'കള്ളന്‍റെ മകന്‍', 'കാള്‍ മീ അറ്റ്', 'മോനായി അങ്ങനെ അങ്ങനെ', 'ശേഷം കഥാഭാഗം', 'തട്ടുമ്പുറത്ത് അച്യുതന്‍' തുടങ്ങിയ ചിത്രങ്ങള്‍ക്ക് അദ്ദേഹം പാട്ടെഴുതി.
Also Read: 'സിഐ സുനു നേരിട്ട് ഹാജരാകണം' ; നോട്ടിസ് നല്‍കി ഡിജിപി, നീക്കം പിരിച്ചുവിടലിന്‍റെ ഭാഗമായി
മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്‌കാരം നേടിയ 'ജോണി'യുടെ (1993) തിരക്കഥാകൃത്തായിരുന്നു. 2001ല്‍ ജയറാം, സുഹാസിനി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'തീര്‍ത്ഥാടനം' എന്ന ചിത്രത്തില്‍ നാരായണന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇരുപത് വര്‍ഷങ്ങളാണ് മലയാള സിനിമയില്‍ അദ്ദേഹം സജീവമായിരുന്നത്. ഇക്കാലയളവില്‍ അദ്ദേഹം പാട്ടെഴുതിയത് അറുപതോളം സിനിമകള്‍ക്കും.
ആലപ്പുഴ ജില്ലയിലെ കുട്ടനാട് മങ്കൊമ്പിലായിരുന്നു ജനനം. മലയാള സാഹിത്യത്തില്‍ ബിരുദം നേടി. ദീര്‍ഘകാലം വിവിധ ചാനലുകളില്‍ അവതാരകനായിരുന്നു. കഥകളിക്ക് വേണ്ടി ലിബ്രെറ്റോകള്‍ രചിച്ചിട്ടുണ്ട്.