ചെന്നൈ: വിജയ് നായകനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ലിയോ ഒക്‌ടോബർ 19ന് വെള്ളിത്തിരയിൽ എത്താനിരിക്കെ, ആരാധകർക്ക് ഗംഭീര സിനിമാ ആസ്വാദനം നല്‍കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ (Leo makers file petition in High Court). തമിഴ്‌നാട്ടിൽ ചിത്രം റിലീസ് ചെയ്യുന്ന ആദ്യ ദിവസം പുലർച്ചെ 4 മണിക്ക് ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സെവൻ സ്‌ക്രീൻ സ്റ്റുഡിയോസ് പ്രൊഡക്ഷൻ (Seven Screen Studios Production) മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി.
ഒക്‌ടോബർ 19 മുതൽ ഒക്‌ടോബർ 24 വരെ രാവിലെ 7 മണിക്ക് ലിയോയുടെ പ്രദർശനം അനുവദിക്കണമെന്ന് നിർമ്മാതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്‍റെ ഏറ്റവും പുതിയ ചിത്രമായ പഠാനും ജവാനും മുംബൈയിൽ ആറ് മുതൽ ഏഴ് വരെ ഷോകളോടെയും ഡൽഹിയിൽ ആറ് ഷോകളോടെയും നടന്നിട്ടുണ്ടെന്ന് ഹര്‍ജിക്കാരൻ പറഞ്ഞു. ഒരു സിനിമയുടെ വിജയം പ്രധാനമായും അത് ഉദ്ഘാടന ദിവസം നേടുന്ന കലക്ഷനെ ആശ്രയിച്ചിരിക്കുന്നു അതിനാൽ പ്രത്യേക ഷോകൾ നടത്തേണ്ടത് പ്രധാനമാണ്. ഹർജി മദ്രാസ് ഹൈക്കോടതി ചൊവ്വാഴ്‌ച പരിഗണിക്കും.
ലിയോ 2021 ലെ ബ്ലോക്ക്ബസ്റ്റർ മാസ്റ്ററിന് ശേഷം വിജയും ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്. നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം തൃഷ കൃഷ്‌ണനൊപ്പം വിജയ് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നേരത്തെ ഗില്ലി, കുരുവി, തിരുപ്പാച്ചി, ആദി തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചിരുന്നു. ലോകേഷ്, രത്‌ന കുമാർ, ദീരജ് വൈദി എന്നിവർ ചേർന്ന് എഴുതിയ ഈ ആക്ഷൻ ത്രില്ലറിൽ നടൻ സഞ്ജയ് ദത്തും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അർജുൻ സർജ, ഗൗതം വാസുദേവ് മേനോൻ, മിഷ്‌കിൻ, പ്രിയ ആനന്ദ്, മൻസൂർ അലി ഖാൻ എന്നിവരുൾപ്പെടെ മറ്റ് അഭിനേതാക്കളും ചിത്രത്തിൽ സഹ വേഷങ്ങളിൽ എത്തുന്നു.