നടനും ബിജെപി നേതാവുമായ കൃഷ്‌ണ കുമാര്‍ Krishna Kumar, ബിജെപി വിടുന്നു എന്ന പ്രചരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായുണ്ട്. അടുത്തിടെ സിനിമാരംഗത്തെ ഏതാനും പ്രമുഖര്‍ ബിജെപി BJP, വിട്ടിരുന്നു. സംവിധായകൻ രാജസേനൻ Rajasenan, സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍ (അലി അക്ബര്‍) Ramasimhan Aboobakker, നടൻ ഭീമൻ രഘു Bheeman Raghu എന്നിവര്‍ ഈ അടുത്തിടെയാണ് പാര്‍ട്ടി വിട്ടത്. അഭിപ്രായം സ്വതന്ത്രമായി രേഖപ്പെടുത്താൻ വേണ്ടിയാണ് താന്‍ രാജിവച്ചതെന്നാണ് രാമസിംഹൻ പ്രതികരിച്ചത്. അതേസമയം രാജസേനനും ഭീമന്‍ രഘുവും സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും അറിയിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് നടന്‍ കൃഷ്‌ണ കുമാറും ബിജെപി വിടുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. എന്നാലിപ്പോള്‍ വാര്‍ത്തകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കൃഷ്‌ണ കുമാര്‍. ബിജെപിയോട് താന്നെന്നും പ്രതിജ്ഞാബദ്ധനായിരിക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി കൊണ്ടായിരുന്നു നടന്‍റെ പ്രതികരണം. ഒരു സമർപ്പിത ബിജെപി പ്രവർത്തകനെന്ന നിലയിൽ, തിരുവനന്തപുരത്തിന്‍റെയും അവിടത്തെ ജനങ്ങളുടെയും പുരോഗതിക്കായി താന്‍ നിസ്വാർഥമായി പ്രവർത്തിച്ചുവരികയാണെന്നും അത് തുടരുമെന്നും അദ്ദേഹം കുറിച്ചു.
ഫേസ്‌ബുക്കിലൂടെയായിരുന്നു കൃഷ്‌ണ കുമാറിന്‍റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രത്തിനൊപ്പം ദീര്‍ഘമായൊരു കുറിപ്പുമാണ് താരം പങ്കുവച്ചിരിക്കുന്നത്. 'നമസ്‌കാരം സഹോദരങ്ങളേ, ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഞാനുമായി ബന്ധപ്പെട്ട് ചില ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും സമൂഹമാധ്യമങ്ങളിൽ കറങ്ങി നടക്കുന്നത് കാണാനിടയായി.
പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗമെന്ന നിലയ്ക്ക് കേന്ദ്ര നേതൃത്വത്തിനെ ഞാന്‍ എന്‍റെ നിലപാടുകൾ അറിയിച്ചുകഴിഞ്ഞു. പക്ഷേ ഒരു കലാകാരനും രാഷ്ട്രീയക്കാരനും എന്ന നിലയിൽ എന്‍റെ ഏറ്റവും പ്രാഥമികമായ കടമ, എന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന നിങ്ങള്‍ ഓരോരുത്തരോടും എന്‍റെ നിലപാടുകൾ അർധശങ്കയില്ലാത്തവണ്ണം ചുരുങ്ങിയ വാക്കുകളിൽ വിശദീകരിക്കുകയെന്നത് തന്നെയാണ്. കാരണം നിങ്ങളാണ് എന്‍റെ ശബ്‌ദം. തിരുവനന്തപുരവും, പിന്നെ നിങ്ങളെല്ലാവരും തന്നെയാണ് എനിക്കെന്നും മുഖ്യം.
- " class="align-text-top noRightClick twitterSection" data="">
അതിനാൽ തന്നെ എന്‍റെ നിലപാട് നിങ്ങളോട് നേരിട്ട് അറിയിക്കേണ്ടത് അത്യാവശ്യമാണ്. എന്തുകൊണ്ടാണ് ഞാൻ ബിജെപിയിൽ അംഗമായത് എന്ന് പറഞ്ഞുകൊണ്ടുതന്നെ ആരംഭിക്കാം. 2021ലാണ് ഞാൻ പാർട്ടിയിൽ വന്നതെങ്കിലും ചെറുപ്പം മുതൽ തന്നെ, ശാഖകളിൽ നിന്ന് പകർന്നുകിട്ടിയ ദേശീയ ബോധവും അച്ചടക്കവും സേവന മനോഭാവവും ഞാനെന്ന വ്യക്തിയെ രൂപപ്പെടുത്തുന്നതിൽ നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട്. അതിന്‍റെ സ്വാഭാവികമായ തുടർച്ചയായിട്ടാണ് ബിജെപിയുടെ പ്രത്യയ ശാസ്ത്രവുമായി മാനസികമായി എനിക്ക് ഐക്യപ്പെടാനായത്.
പക്ഷേ നരേന്ദ്ര മോദി എന്ന ഐതിഹാസിക വ്യക്തിത്വവും അദ്ദേഹത്തിന്‍റെ നേതൃത്വ പാടവവുമാണ് എന്നെ ഏറ്റവുമധികം അതിശയിപ്പിച്ചതും സ്വാധീനിച്ചതും. അദ്ദേഹത്തിന്‍റെയും പാർട്ടിയുടെയും വിജയത്തിന് വേണ്ടി പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിച്ചു. എനിക്കേറ്റവും പ്രിയപ്പെട്ട തിരുവനന്തപുരത്തിന് വേണ്ടി പ്രവർത്തിക്കാൻ വലിയൊരവസരം വന്നപ്പോൾ ഞാന്‍ ആ വലിയ തീരുമാനം എടുത്തു. അന്നുമുതൽ ഇന്നീ നിമിഷം വരെ ആ തീരുമാനത്തിൽ ഞാൻ അഭിമാനിക്കുന്നു, അടിയുറച്ച് വിശ്വസിച്ച് പ്രവർത്തിക്കുന്നു.
അടുത്തിടെ നടന്ന ഒരു പൊതു യോഗത്തിൽ എന്‍റെ ഇരിപ്പിട ക്രമീകരണം സംബന്ധിച്ച് ചില പ്രതികരണങ്ങളും ചർച്ചകളും നടന്നിരുന്നു. പൊതു പരിപാടികൾ പ്രാഥമികമായി സംഘടിപ്പിക്കുന്നത് പ്രാദേശിക നേതൃത്വമാണ്. ഇരിപ്പിട ക്രമീകരണം നിർണയിക്കുന്നതും അവർ തന്നെ. സ്‌റ്റേജിൽ ഇരിപ്പിടം അനുവദിച്ചത് കൊണ്ടോ അതിന്‍റെ കുറവു കൊണ്ടോ -- തിരുവനന്തപുരത്തിന്‍റെ ഉന്നമനത്തിനായി ഞാൻ നടത്തിവരുന്ന പ്രവർത്തനങ്ങളെ അത് യാതൊരു തരത്തിലും ബാധിക്കാൻ പോകുന്നില്ലെന്ന് എന്നെ അറിയുന്ന നിങ്ങൾക്കെല്ലാം അറിയാം. എല്ലാ ജനവിഭാഗങ്ങളുടെയും വികസനത്തിലും ക്ഷേമത്തിലുമാണ് എന്‍റെ ശ്രദ്ധ എന്നും കേന്ദ്രീകരിച്ചിട്ടുള്ളത്. ഇരിപ്പിടങ്ങളല്ല, നമ്മളുടെ പ്രവൃത്തികളും, നയങ്ങളും, മൂല്യങ്ങളുമാണ് നമ്മെ അടയാളപ്പെടുത്തുന്നത് എന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു.
ദീർഘിപ്പിക്കുന്നില്ല. ഞാൻ ബിജെപിയോട് എന്നെന്നും പ്രതിജ്ഞാബദ്ധനാണെന്ന് നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. ഒരു സമർപ്പിത ബിജെപി പ്രവർത്തകൻ എന്ന നിലയിൽ, തിരുവനന്തപുരത്തിന്‍റെയും അവിടത്തെ ജനങ്ങളുടെയും പുരോഗതിക്കായി ഞാൻ നിസ്വാർഥമായി പ്രവർത്തിച്ചുവരികയാണ്, അത് തുടരുക തന്നെ ചെയ്യും. നല്ല മാറ്റങ്ങൾക്ക് പിന്നിലെ ചാലക ശക്തിയായി പ്രവർത്തിക്കുക എന്നതുമാത്രമാണ് എന്‍റെ ലക്ഷ്യം. ഈ ദൗത്യത്തോടുള്ള എന്‍റെ സമർപ്പണം ദൃഢമായി തന്നെ തുടരും.
കാരണം, വെറും ആവേശം കൊണ്ടോ അല്ലെങ്കിൽ എന്തെങ്കിലും ആവശ്യങ്ങൾ നേടിയെടുക്കാനോ അല്ല, മറിച്ച് തികഞ്ഞ ആദർശ ബോധം കൊണ്ട് മാത്രം ഈ പാത തിരഞ്ഞെടുത്ത ആളാണ് ഞാൻ. നരേന്ദ്ര മോദി എന്ന സൂര്യനാണ് ഭാരതത്തെ സ്നേഹിക്കുന്ന ഓരോരുത്തർക്കുമെന്നപോലെ എന്‍റെയും ഊർജസ്രോതസ്സ്. അതാണെന്‍റെ ശക്തി. അതാണെന്‍റെ വിജയവും.
ചിലരുണ്ട്. സൂര്യൻ എന്നും ഒരേ സ്ഥാനത്തുതന്നെയാണെന്നും, ഭൂമിയാണ് അതിനുചുറ്റും കറങ്ങി, എന്നും രാവിലെ നമ്മെ ആ പ്രകാശ വർഷം കണികാണിക്കുന്നതെന്നും, അറിയാത്ത ചിലർ. അവർ ചിന്തിക്കുന്നത് അവരാണ് എല്ലാമെന്നും, എല്ലാ ദിവസവും സൂര്യൻ ഇങ്ങോട്ടുവന്ന് അവരെ കണ്ട് വണങ്ങിപ്പോവുകയും ആണെന്നാണ്. സൂര്യനില്ലെങ്കിൽ നമ്മളാരും ഇല്ലെന്ന ലളിതമായ സത്യം പോലും അവർ മനസ്സിലാക്കുന്നില്ല.
Also Read: Ramasimhan Aboobakker Quits BJP | 'സിപിഎമ്മിലേക്ക് ഇല്ല': രാമസിംഹന്‍ അബൂബക്കർ ബിജെപി വിട്ടു
ഇനിയും നേരം വെളുക്കാത്ത ആ ചിലരെ പറ്റി, 'കൃഷ്‌ണകുമാർ ബിജെപി വിടുന്നതിനെ കുറിച്ച്' എഴുതിയവർക്കായി ഇത്രമാത്രം പറയുന്നു - ഞാൻ എന്‍റെ ഇന്നിംഗ്‌സ് ആരംഭിച്ചിട്ടേയുള്ളൂ. ഒത്തിരിയൊത്തിരി കാര്യങ്ങൾ ചെയ്യാനുണ്ട്. മാറ്റത്തിന്‍റെ കാറ്റ് തിരുവനന്തപുരത്ത് വീശാനാരംഭിച്ചിട്ടുണ്ട്. ദേശീയ നേതൃത്വം എന്നിലേൽപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനുണ്ട്. എല്ലാവർക്കും നന്‍മകൾ നേരുന്നു, ജയ് ഹിന്ദ്' - കൃഷ്‌ണ കുമാര്‍ കുറിച്ചു.