ഇന്ത്യൻ സിനിമയുടെ 'ഉലക നായക'ന്‍റെ പിറന്നാളാണിന്ന്. അതെ, കമൽഹാസന് ഇന്ന് (നവംബർ 07) 69 വയസ് തികയുകയാണ്. വിസ്‌മയ താരത്തിന്‍റെ ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകരും സിനിമാലോകവും. സമൂഹ മാധ്യമങ്ങളിൽ ജന്മദിന ആശംസകളുടെ കുത്തൊഴുക്കാണ്. ആറ് പതിറ്റാണ്ടിലേറെ നീണ്ടുനിൽക്കുന്ന അഭിനയ ജീവിതത്തിനിടെ കമൽ ഹാസൻ അഭ്രപാളിയിൽ മനോഹരമാക്കിയ ജീവസുറ്റ കഥാപാത്രങ്ങളെ, കലാസഷ്‌ടികളെ ഓർത്തെടുക്കുക കൂടിയാണ് ആരാധകർ ഇന്നേ ദിവസം.
- " class="align-text-top noRightClick twitterSection" data="">
1959 ഓഗസ്റ്റ് 12 - കമൽഹാസനെ സംബന്ധിച്ച് മാത്രമല്ല, സിനിമാലോകത്തിനും ഏറെ സവിശേഷമായ ഒരു ദിനമാണിത്. 'കളത്തൂർ കണ്ണമ്മ' എന്ന ചിത്രം പുറത്തുവന്ന ദിവസം. കമൽ ഹാസൻ ബാലതാരമായി എത്തിയ കന്നി ചിത്രം. ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്‌കാരവും സ്വന്തമാക്കാൻ അദ്ദേഹത്തിനായി. പിന്നീടങ്ങോട്ട് എത്രയോ സിനിമകൾ, വൈവിധ്യം നിറഞ്ഞ കഥാപാത്രങ്ങൾ, മുഖത്തും കണ്ണുകളിലും നിറയുന്ന വിവിധ ഭാവങ്ങൾ!
- " class="align-text-top noRightClick twitterSection" data="">
പ്രേക്ഷകരുടെ കണ്ണുകളിൽ വിരിയുന്ന അത്ഭുതത്തിന്‍റെ, സന്തോഷത്തിന്‍റെ, വേദനയുടെ, ആശ്ചര്യത്തിന്‍റെ മൂലകാരണത്തിലേക്ക് കമൽഹാസൻ വളർന്നുവന്നു. തിരശീലയിൽ തെളിയുന്ന കമലിന്‍റെ മുഖം കണ്ട് പ്രേക്ഷകർ കോരിത്തരിച്ചു, ആർത്തനാദംപോൽ കയ്യടികൾ ഉയർന്ന് കേട്ടു. പതിറ്റാണ്ടുകൾക്കിപ്പുറവും ആ കയ്യടികളുടെ ആക്കം കൂടിയതല്ലാതെ കുറഞ്ഞിട്ടില്ലെന്ന് കട്ടായം.
- " class="align-text-top noRightClick twitterSection" data="">
ലോകേഷ് കനകരാജ്, നാഗ് അശ്വിൻ തുടങ്ങിയ യുവ സംവിധായകരും മണിരത്‌നത്തെയും ഷങ്കറിനെയും പോലുള്ള ലെജന്‍ററി സംവിധായകരും ഒരുപോലെ തങ്ങളുടെ നായകനെ കമൽഹാസന്‍റെ കൈകളിൽ ഭദ്രമായി ഏൽപ്പിക്കുന്നു. കമൽഹാസന്‍റെ മഹത്തായ ഈ ചലച്ചിത്രയാത്ര, പതിറ്റാണ്ടുകളുടെ സപര്യ പ്രേക്ഷകരെ മാത്രമല്ല സിനിമാലോകത്തെ പുതു തലമുറകളെ കൂടി പ്രചോദിപ്പിക്കുന്നതാണ്.
ബാലതാരമായി എത്തി, നടനായും സംവിധായകനായും നിർമാതാവായും തിരക്കഥാകൃത്തായും ഡാൻസറായും തിളങ്ങാൻ കമലിനായി. തമിഴ്, ഹിന്ദി, മലയാളം, തെലുഗു, കന്നട തുടങ്ങി തെന്നിന്ത്യൻ ഭാഷാ ചിത്രങ്ങളിലും ബോളിവുഡിലും അദ്ദേഹം തന്‍റെ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. മറ്റുള്ളവർ മൗനം പാലിക്കുന്നിടങ്ങളിൽ പോലും മടിക്കാതെ അഭിപ്രായങ്ങൾ തുറന്നുപറഞ്ഞ് തന്‍റെ രാഷ്‌ടീയവും വ്യക്തമാക്കാറുണ്ട് അദ്ദേഹം.
വൈവിധ്യമാർന്ന കഥാപാത്രങ്ങളെ ഉൾക്കൊള്ളാനുള്ള അദ്ദേഹത്തിന്‍റെ സമാനതകളില്ലാത്ത കഴിവ് ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. പൊട്ടിച്ചിരിപ്പിക്കുന്ന ഹാസ്യനടനായും കരയിപ്പിക്കുന്ന വിഷാദനായകനായും തന്ത്രശാലിയായ എതിരാളിയായും മാറാൻ ഞൊടിയിടയിൽ അദ്ദേഹത്തിന് കഴിയുന്നു എന്നത് തന്നെയാണ് 'ബഹുമുഖ പ്രകടനത്തിന്‍റെ അധിപൻ' എന്ന ലേബലിലേക്ക് കമൽഹാസൻ എന്ന പേര് തുന്നിച്ചേർക്കാൻ കാരണം.
നാലു തവണയാണ് കമലിനെ തേടി ദേശീയ പുരസ്‌കാരം എത്തിയത്. 'മൂൻട്രാം പിറൈ', 'നായകൻ', 'തേവർ മകൻ', 'ഇന്ത്യൻ' എന്നീ ചിത്രങ്ങളിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം കമൽ സ്വന്തമാക്കി. കമൽഹാസൻ - മണിരത്നം കൂട്ടുകെട്ടിന്‍റെ 'നായകൻ' ഇന്നും പലരുടെയും ഫേവറിറ്റ് ലിസ്റ്റിലെ ചിത്രമാണ്. മൂന്നര പതിറ്റാണ്ടിലേറെയുള്ള കാത്തിരിപ്പിനൊടുവിൽ കമൽഹാസനും മണിരത്‌നവും വീണ്ടും ഒന്നിക്കുന്ന 'തഗ് ലൈഫ്' എന്ന സിനിമ കുറച്ചൊന്നുമല്ല പ്രേക്ഷകരെ ആവേശത്തിലാക്കുന്നത്. ഇരുവരും തീർക്കുന്ന ദൃശ്യ വിസ്‌മയം തിരശീലയിൽ കാണാൻ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് ആരാധകരും സിനിമാലോകവും.
കമൽ തന്‍റെ കഥാപാത്രങ്ങളെ അതിന്‍റെ പൂർണതയിലേക്കെത്തിക്കാൻ അർപ്പിക്കുന്ന അസാധാരണമായ പ്രതിബദ്ധത കൂടിയാണ് വർഷങ്ങൾക്കിപ്പുറമുള്ള ഈ കൂട്ടുകെട്ടിന്‍റെ പുനഃസംഗമം എടുത്തുകാണിക്കുന്നത്. സംവിധായകന്‍റെ ദർശനത്തിലേക്ക് അനായാസമായി ഇഴകിച്ചേർന്ന് കഥാപാത്രത്തിലേക്ക് ആഴത്തിൽ ഇറങ്ങാനുള്ള കമലിന്‍റെ കഴിവ് മണിരത്നം തന്നെ പലപ്പോഴായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 1987ൽ പുറത്തിറങ്ങിയ 'നായകൻ', അതിന്‍റെ സൂക്ഷ്‌മമായ കഥപറച്ചിലിന്‍റെയും ആഖ്യനത്തിന്‍റെയും പേരിൽ ആഘോഷിക്കപ്പെടുന്ന ഒരു മാസ്റ്റർപീസ് ആയി ഇന്നും തുടരുന്നു.
തമിഴകത്തെ ഹിറ്റ് മേക്കർ ലോകേഷ് കനകരാജ്, കമൽഹാസനുമായി കൈകോർത്തപ്പോഴും പ്രേക്ഷകർക്ക് ലഭിച്ചത് മറക്കാനാകാത്ത ദൃശ്യാനുഭവമാണ്. 'വിക്രം' എന്ന സിനിമയിലെ ഇവരുടെ കൂടിച്ചേരൽ സമകാലിക സംവിധായകർ പോലും നിത്യഹരിത നടനെ തേടിച്ചെല്ലുന്നതിന്‍റെ പിന്നിലെ പ്രായം തളർത്താത്ത 'അഭിനയ വീര്യം' എന്ന ഒറ്റ കാരണത്തിലേക്ക് വിരൽ ചൂണ്ടുന്നു. ഒരു സംവിധായകന്‍റെയും അസിസ്റ്റന്‍റായി പ്രവർത്തിക്കുകയോ ഫിലിം സ്‌കൂളിൽ പോകുകയോ ചെയ്‌തിട്ടില്ലാത്ത ലോകേഷ് കനകരാജ്, കമൽഹാസന്‍റെ സിനിമകളാണ് തന്‍റെ പാഠപുസ്‌തകമെന്ന് ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
ദേശീയ അവാർഡ് ജേതാവായ സംവിധായകൻ നാഗ് അശ്വിൻ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ സിനിമ കൂടിയായ തന്‍റെ 'കൽകി 2898 എഡി'യിലെ പ്രതിനായകനായി തിരഞ്ഞെടുത്തത് കമൽഹാസനെയാണ് എന്നതും ശ്രദ്ധേയം. പ്രഭാസ്, ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഒരു ഇതിഹാസ സിനിമാറ്റിക് അനുഭവം തന്നെയാകും പ്രേക്ഷകർക്ക് സമ്മാനിക്കുക എന്നാണ് വിലയിരുത്തലുകൾ. ഷങ്കറിന്‍റെ ഇതിഹാസ ചിത്രം ഇന്ത്യന്‍റെ രണ്ടാം ഭാഗമായ ഇന്ത്യൻ 2വും പ്രദർശനത്തിന് ഒരുങ്ങുകയാണ്.
വെറുമൊരു നടൻ മാത്രമല്ല, സിനിമയുടെ ആത്മാവിനെ തൊട്ട ചുരുക്കം കലാകാരന്മാരിൽ ഒരാൾ കൂടിയാണ് കമൽഹാസൻ. താൻ ജീവൻ പകരുന്ന കഥാപാത്രങ്ങളുടെ പൂർണതയ്‌ക്കായി അദ്ദേഹം ചെലുത്തുന്ന ശ്രദ്ധയും അർപ്പണബോധവുമെല്ലാം എടുത്തുപറയേണ്ടതാണ്. സംവിധായകന്‍റെ ഉള്ളിലെ കഥാപാത്രങ്ങളെ ജീവസുറ്റതാക്കാനുള്ള ഈ കഴിവ് അദ്ദേഹത്തെ ഓരോ സംവിധായകരുടെയും സ്വപ്‌ന നടനാക്കി നിലനിർത്തുന്നു. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ചലച്ചിത്ര ലോകത്ത്, വ്യത്യസ്‌ത മേഖലകളിൽ പരീക്ഷണം നടത്താനും സിനിമയുടെ ചട്ടക്കൂടുകളെയും അതിരുകളെയും ഭേദിക്കാനും കമൽഹാസൻ എന്ന അതുല്യ പ്രതിഭ ഒരുകാലത്തും മടി കാണിച്ചിട്ടില്ല എന്നതിനാൽ തന്നെ പ്രേക്ഷകരും തങ്ങളുടെ കാത്തിരിപ്പ് തുടരുകയാണ്.
READ ALSO: 'തഗ് ലൈഫ്'; കമൽഹാസൻ - മണിരത്‌നം ചിത്രത്തിന്‍റെ ടൈറ്റിൽ പുറത്ത്, ആവേശക്കൊടുമുടിയിൽ ആരാധകർ