എറണാകുളം: പ്രശസ്‌ത തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ജോണ്‍ പോള്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. ദീർഘനാളായി ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
രണ്ട് മാസത്തോളമായി വിവിധ ആശുപത്രികളിലായി ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു അദ്ദേഹം. ശ്വാസ തടസ്സവും രക്തത്തില്‍ ഓക്‌സിജന്‍റെ അളവ് കുറഞ്ഞതും അദ്ദേഹത്തെ അവശ നിലയിലാക്കിയിരുന്നു. ക്രിട്ടിക്കല്‍ കെയര്‍ ടീമിന്‍റെ ചികിത്സ വേണ്ടിവന്നതോടെ ഒരു മാസം മുമ്പാണ് ആദ്യം ചികിത്സിച്ച ആശുപത്രിയില്‍ നിന്നും അദ്ദേഹത്തെ മാറ്റിയത്. അദ്ദേഹത്തിന്‍റെ നില ഗുരുതരമായതോടെ പരിചരണത്തിന് പ്രത്യേക മെഡിക്കല്‍ സംഘത്തെയും നിയോഗിച്ചിരുന്നു.
സ്‌കൂള്‍ അധ്യാപകനായിരുന്ന പുതുശ്ശേരി പി.വി പൗലോസിന്‍റെയും റബേക്കയുടെയും അഞ്ചുമക്കളിൽ നാലാമനായി 1950 ഒക്ടോബർ 29ന് കൊച്ചിയിലാണ് ജോൺ പോളിന്‍റെ ജനനം. എറണാകുളം മഹാരാജാസ് കോളജിൽ നിന്ന് ഇക്കണോമിക്‌സിൽ ബിരുദാനന്തരബിരുദം നേടി. കാനറാ ബാങ്കിൽ ഉദ്യോഗസ്ഥനായും ജോലി നോക്കിയിരുന്നു. സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ബാങ്ക് ജോലി രാജി വെക്കുകയായിരുന്നു. കൊച്ചിയിലെ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു ജോൺ പോൾ.
42 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ അദ്ദേഹം മലയാള സിനിമക്കും, സിനിമാസ്വാദകര്‍ക്കും സമ്മാനിച്ചത് നിരവധി ചിത്രങ്ങളാണ്. നൂറോളം ചിത്രങ്ങള്‍ക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. നിരവധി ചലച്ചിത്ര ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം. ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, തുടങ്ങിയ നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥയെഴുതിയിട്ടുണ്ട്. കമൽ സംവിധാനം ചെയ്‌ത പ്രണയമീനുകളുടെ കടൽ എന്ന ചിത്രത്തിന്‍റെ തിരക്കഥയാണ് അവസാനമായി എഴുതിയത്.
മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ്, മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശിയ അവാർഡ് ഉൾപ്പടെ നിരവധി പുരസ്ക്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഫിലിം സൊസൈറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം മാക്‌ട സംഘടനയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്നു.
Also Read: ആ തൂലിക നിലച്ചു… ജോണ്‍ പോള്‍ ഇനി ഓര്‍മകളില്‍