ത്രില്ലർ സിനിമകൾ കാണാൻ പൊതുവെ നമുക്ക് ഇഷ്‌ടമാണ്. വളരെ അപൂർവമായി മാത്രമാണ് മലയാളത്തില്‍ മികച്ച ത്രില്ലർ സിനിമകൾ ജനിക്കുന്നത്. അത്തരത്തില്‍ 2013 ഓഗസ്റ്റ് 13ന് മലയാളി സിനിമാസ്വാദകരിലേക്ക് എത്തിയ ചിത്രമാണ് 'മെമ്മറീസ്'. പൃഥ്വിരാജിനെ നായകനാക്കി ത്രില്ലർ സിനിമകളുടെ തമ്പുരാൻ ജീത്തു ജോസഫ് സംവിധാനം ചെയ്‌ത ക്രൈം ത്രില്ലർ. 10 വർഷങ്ങൾക്കിപ്പുറവും മടുപ്പിക്കാത്ത ദൃശ്യ വിരുന്നൊരുക്കുകയാണ് ഈ ചിത്രം.
ത്രില്ലർ ചിത്രങ്ങൾ കൊണ്ട് മലയാള സിനിമ പ്രേക്ഷകരെ ഞെട്ടിച്ച സംവിധായകനെന്ന ടൈറ്റിൽ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട് ജീത്തു ജോസഫ്. 'മെമ്മറീസി'ന് പുറമെ ജീത്തു ഒരുക്കിയ 'ദൃശ്യം', 'ഡിക്‌ടറ്റീവ്' തുടങ്ങിയ ത്രില്ലർ ചിത്രങ്ങൾ നമുക്ക് മുന്നിലുണ്ട്. സസ്‌പെൻസ് ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്‌മയിപ്പിക്കുന്ന ജീത്തു ജോസഫ് മാജിക് പൂർണമായും കാണാൻ കഴിയും 'മെമ്മറീസി'ൽ.
'സാം അലക്‌സ്'... അയാളുടെ കഥയാണ് 'മെമ്മറീസ്'. ഓർമകളുടെ കയ്‌പേറിയ തുരുത്തില്‍ നിന്നും രക്ഷപ്പെടാനായി അയാൾ പല വഴികളും തേടുന്നു. ഓർമകൾക്ക് മരണമില്ലെന്നാണല്ലോ പൊതുവെ പറയാറ്. സാം അലക്‌സ് എന്ന സമർഥനായ പൊലീസ് ഓഫിസര്‍ക്കും കാലിടറുന്നത് അവിടെയാണ്. ഏറ്റവും പ്രിയപ്പെട്ട മനുഷ്യരെ കൺമുന്നില്‍ നഷ്‌ടമാകുന്നിടത്താണ് സാമിന്‍റെ ജീവിതത്തിന്‍റെ താളം തെറ്റുന്നത്.
വെറും മനുഷ്യനായി മദ്യത്തില്‍ പൂർണമായും അയാൾ അഭയം പ്രാപിച്ചേക്കാം. എന്നാൽ അത്തരമൊരു അന്ത്യമല്ല പ്രേക്ഷകർക്കാവശ്യം. അവർക്ക് വേണ്ടത് സാമിന്‍റെ മടങ്ങിവരവാണ്. ആ വഴിത്തിരിവില്‍ തന്നെയാണ് 'മെമ്മറീസി'ന്‍റെ തുടക്കവും.
ജീവിതത്തില്‍ പൊടുന്നനെയുണ്ടാകുന്ന ചില ദുരന്തങ്ങള്‍ ഒരു വ്യക്തിയെ ഉലച്ചുകളയുന്ന പ്രമേയം മലയാള സിനിമയില്‍ പുതിയതൊന്നുമല്ല. അത്തരമൊരു സാഹചര്യത്തില്‍ മദ്യത്തില്‍ അഭയം പ്രാപിക്കുന്നതും നാം കണ്ടുതഴമ്പിച്ചതാണ്. എന്നാൽ ഈ ചിത്രം അതിൽ നിന്നെല്ലാം അൽപം ഗതിമാറി സഞ്ചരിക്കുന്നുണ്ട്.
മനുഷ്യന്‍റെ കഴിവുകളെയും സാമർഥ്യത്തെയും മദ്യാസക്തി ബാധിക്കുന്നു എന്ന് കൃത്യമായി സിനിമ പറഞ്ഞുവയ്‌ക്കുന്നുണ്ട്. 'മെമ്മറീസ്' വ്യത്യസ്‌തമാകുന്നതും അത്തരമൊരു കഥപറച്ചിൽ രീതിയിലാണ്. 80കളില്‍ തുടങ്ങി ഇപ്പോഴും തുടരുന്ന നായകന്‍റെ ദിനചര്യയില്‍ സ്വാഭാവികമായി കൂടിച്ചേരുന്ന 'ദുശീലങ്ങളി'ല്‍ ഒന്നുമാത്രമെന്ന രീതിയെയും ഈ ചിത്രം ഉടച്ചുവാർക്കുന്നു.
പൃഥ്വിരാജിന്‍റെ കൈകളില്‍ സാം അലക്‌സ് ഭദ്രമായിരുന്നു. ഒരു നടൻ എന്ന നിലയിൽ ഗംഭീരമായിത്തന്നെ മുന്നോട്ടു പോയികൊണ്ടിരിക്കുകയാണ് എന്ന് സാം അലക്‌സിനെ കയ്യടക്കത്തോടെ അഭ്രപാളിയിൽ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം തെളിയിച്ചു. ഡിറ്റക്‌ടീവ്, സസ്‌പെൻസ്, സൈക്കോളജിക്കൽ, ത്രില്ലർ സിനിമകൾക്കും ധൈര്യപൂർവം ടിക്കറ്റെടുക്കാൻ മലയാളി പ്രേക്ഷകരെ പാകപ്പെടുത്തി ഈ ചിത്രം.
സൂപ്പർ താരത്തിന്‍റെ ഏച്ചുകെട്ടലുകളോ അമാനുഷികമായ ഫൈറ്റ് രംഗങ്ങളോ 'മെമ്മറീസി'ലില്ല. ഏറ്റവും നിശബ്‌ദമായ അന്തരീക്ഷത്തിലും ശ്വാസം അടക്കിപ്പിടിച്ച് കണ്ടിരിക്കാൻ ചിത്രം പ്രേക്ഷകനെ അനുവദിക്കുന്നു. അതിന് പശ്ചാത്തലമൊരുക്കിയ സംവിധായകനും സംഗീതജ്ഞനുമെല്ലാം കയ്യടി അർഹിക്കുന്നുണ്ട്. ഒരു ത്രില്ലർ ചിത്രത്തിന്‍റേതായ അന്തരീക്ഷം പൂര്‍ണമാക്കുന്നുണ്ട് സെജോ ജോൺ ഒരുക്കിയ പശ്ചാത്തല സംഗീതം.
കഥാപശ്‌ചാത്തലത്തില്‍ ഒരുപക്ഷെ സാം അലക്‌സിന്‍റെ അമ്മയും അനിയനും മറ്റ് കുടുംബ പ്രശ്‌നങ്ങളുമെല്ലാം ആവര്‍ത്തനവിരസമായി തോന്നിയേക്കാം. എന്നാല്‍ അവയെല്ലാം കഥാനായകന്‍റെ ജീവിതത്തിന്‍റെ ഭാഗമാണ് എന്നതിനാൽ മാറ്റിനിർത്താനും ആവില്ല. ക്രിസ്റ്റ്യാനിറ്റിയും അതിനോട് ചേർന്നുള്ള പശ്ചാത്തലവുമെല്ലാം മെമ്മറീസിന്‍റെ ഭാഗമാണ്.
മലയാളത്തിലെ ഏറ്റവും മികച്ച ത്രില്ലർ എന്ന പട്ടമൊന്നും 'മെമ്മറീസി'ന് നൽകുന്നില്ല. ഹോളിവുഡ് സിനിമകളിലേതുപോലെ ഒരേ നിരയില്‍ ഒരുപാട് കാഴ്‌ചകള്‍ കാട്ടിത്തരുന്ന രംഗങ്ങള്‍ കാണികൾക്ക് ദഹിച്ചെന്ന് വരില്ല. ഗ്രാഫിക്‌സിലെ പോരായ്‌മയും ഇടയ്‌ക്ക് കല്ലുകടിയാകുന്നുണ്ട്.
എന്നാൽ ഇത്തരമൊരു പ്രമേയം, കഥാതന്തു, ജോണർ ആവിഷ്‌കരിക്കാനുള്ള സംവിധായകന്‍റെ ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാകില്ല. എന്തുതന്നെ ആയാലും മലയാള സിനിമയിലെ ത്രില്ലറുകളുടെ താളുകളില്‍ 'മെമ്മറീസ്' ശ്രദ്ധേയമായ ഒരധ്യായം കൂടി ചേര്‍ക്കുന്നുണ്ട്. 10 വർഷങ്ങൾക്കിപ്പുറവും മിനി സ്‌ക്രീനിൽ തെളിയുന്ന 'മെമ്മറീസ്' എന്ന പേര് കാണികളെ ആകർഷിച്ചുകൊണ്ടിരിക്കുന്നു. ഒരു ത്രില്ലർ ചിത്രം വീണ്ടും വീണ്ടും കാണാൻ പ്രേക്ഷകനെ പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ അതുതന്നെയാണ് ആ ചിത്രത്തിന്‍റെ വിജയം. അങ്ങനെ നോക്കുമ്പോൾ ജീത്തു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്‌ത 'മെമ്മറീസ് 'ഇന്നും മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്‌ട ചിത്രങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിക്കുന്നു.