തിരുവനന്തപുരം : നടി ലെന മതിയായ യോഗ്യതയോ ലൈസന്‍സോ നേടിയ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റല്ലെന്ന് വ്യക്തമാക്കി ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്സ് കേരള ഘടകം (Actor Lena's Controversial Statements). റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട അംഗീകാരമുള്ള സൈക്കോളജിസ്റ്റല്ല ലെനയെന്ന് കേരള ഘടകം പ്രസിഡന്‍റ് ഡോ. ശ്രീലാല്‍ എ, ഡോ. ബിജി വി എന്നിവര്‍ പ്രസ്താവനയില്‍ അറിയിക്കുകയായിരുന്നു. ലെനയുടെ വിവാദ അഭിമുഖത്തിന് പിന്നാലെ വിശദമായ പരിശോധന നടത്തിയാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് വാര്‍ത്താക്കുറിപ്പില്‍ ഇരുവരും വ്യക്തമാക്കി.
'ലെന പങ്കുവച്ചിരിക്കുന്ന അഭിപ്രായങ്ങള്‍ മതിയായ യോഗ്യതയും അംഗീകാരവും മികവുമുള്ള ഒരാളില്‍ നിന്നുണ്ടാകുന്ന വാക്കുകളല്ല. അവരുടെ തെറ്റായ വാദഗതികള്‍ ആളുകളെ വഴിതെറ്റിക്കാനും ക്ലിനിക്കല്‍ സൈക്കോളജി മേഖലയെക്കുറിച്ച് മോശം ധാരണ ഉണ്ടാക്കാനും കാരണമാകുന്നതാണ്. ലെന ഞങ്ങളുടെ സംഘടനയില്‍ അംഗമല്ല. അവരുടെ പ്രസ്താവനകളെ പിന്തുണയ്ക്കില്ല. അതിന്‍മേല്‍ സംഘടനയ്ക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്നും വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു.
ക്ലിനിക്കല്‍ സൈക്കോളജി രംഗം അടക്കം ഏത് ആരോഗ്യ ശാഖയുമായും ബന്ധപ്പെട്ട് വിവരങ്ങള്‍ തേടുമ്പോള്‍ യുക്തമായ യോഗ്യതയുള്ള യഥാര്‍ഥ പ്രൊഫഷണലുകളുടെ വാക്കുകള്‍ മുഖവിലയ്‌ക്കെടുക്കേണ്ടത് അനിവാര്യമാണ്. നിലവിലെ വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍, ക്ലിനിക്കല്‍ സൈക്കോളജി മേഖലയുടെ മികവും ധാര്‍മികതയും ഉയര്‍ത്തിപ്പിടിക്കാന്‍ ഈ വിശദീകരണം സഹായിക്കുമെന്ന് കരുതുന്നു' - കേരള ഘടകം പ്രസ്‌താവനയില്‍ വ്യക്തമാക്കി.
ദി ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസ് അഭിമുഖത്തില്‍ ലെന പറഞ്ഞത് : ഇരുപതുകളില്‍ ആയിരിക്കെ ഞാന്‍ പലതിലും പരീക്ഷണം നടത്തിയിരുന്നു. വിവാഹം കഴിച്ച ഉടനാണ്, ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കും ഒപ്പം 23ാം വയസില്‍ കൊടൈക്കനാലില്‍ പോയി മഷ്റൂം കഴിച്ചു. തുടര്‍ന്ന് കാട്ടിലിരുന്ന് ധ്യാനിച്ചു. എന്താണ് ദൈവം എന്നറിയാനാണ് ഇങ്ങനെ ചെയ്‌തത്. പൂര്‍വ ജന്‍മത്തില്‍ ഞാന്‍ ബുദ്ധിസ്റ്റ് സന്യാസിയായിരുന്നു.
സൈലോസൈബിക് ഇക്കാലത്ത് അറുപത് ശതമാനത്തില്‍ അധികമാളുകള്‍ പരീക്ഷിക്കുന്നുണ്ട്. പക്ഷേ ഇരുപത് വര്‍ഷം മുന്‍പ് അപൂര്‍വമാണ്. അത് പരീക്ഷിക്കുന്ന സമയത്ത് ഞാനൊരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായിരുന്നു. ഇത് മാനസികാരോഗ്യത്തിനുള്ള മരുന്നുകളില്‍ ഉപയോഗിക്കുന്നുണ്ട്.
സൈക്കഡലിക് പ്രശ്നങ്ങള്‍ക്കുള്ള മരുന്നുകളിലാണ് ഇവ പ്രയോജനപ്പെടുത്തുന്നത്. ഇത് വലിയ മാറ്റങ്ങളുണ്ടാക്കുന്നതായി ഗവേഷണങ്ങളില്‍ പറയുന്നുണ്ട്. ഇത്തരം പ്ലാന്‍റ് മെഡിസിനുകള്‍ ഉപയോഗിക്കേണ്ടതുണ്ട്.
ശാസ്ത്രീയ അടിത്തറയുള്ളതല്ല ലെനയുടെ വാദഗതികളെന്ന് ചൂണ്ടിക്കാട്ടി നിരവധി ചികിത്സകരും മനശ്ശാസ്ത്ര വിദഗ്ധരും ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. രൂക്ഷ വിമര്‍ശനമാണ് ചികിത്സാമേഖലകളില്‍ നിന്നുള്ളവര്‍ നടിക്കുനേരെ ഉന്നയിക്കുന്നത്. അബദ്ധജടില ധാരണകള്‍ പൊതുമധ്യത്തില്‍ പങ്കുവച്ച് നടി ആളുകളെ വഴിതെറ്റിക്കുകയാണെന്ന് കുറ്റപ്പെടുത്തലുകളും ഉയര്‍ന്നിട്ടുണ്ട്.