കോട്ടയം: പുതിയ സിനിമയുടെ വിശേഷം ഇടിവി ഭാരതുമായി പങ്കുവച്ച് സംവിധായകൻ ജോഷി മാത്യു. രാജീവ് ഗാന്ധി വധക്കേസിൽ 30 വർഷം ജയിൽ ശിക്ഷയനുഭവിച്ച പേരറിവാളന്‍റെ കഥയാണ് ജോഷി മാത്യു സിനിമയാക്കുന്നത്. മകനെ മോചിപ്പിക്കാന്‍ പേരറിവാളന്‍റെ അമ്മ നടത്തിയ പോരാട്ടമാണ് 'അമ്മ' എന്ന് പേരിട്ട തമിഴ് സിനിമയുടെ ഉള്ളടക്കം.
മലയാള സിനിമയ്‌ക്ക് നിരവധി ക്ലാസിക്കുകള്‍ സമ്മാനിച്ച പി പത്‌മരാജന്‍റെ അസിസ്റ്റന്‍റായിരുന്നു ജോഷി മാത്യു. പല പത്‌മരാജന്‍ സിനിമകളിലും അസോസിയേറ്റ് ഡയറക്‌ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്‌മരാജന്‍റ കൂടെയുള്ള പ്രവര്‍ത്തനമാണ് തന്നെ ഒരു ചലച്ചിത്രകാരനാക്കിയതെന്ന് ജോഷി മാത്യു പറയുന്നു.
ജോഷി മാത്യുവിന്‍റെ 2009 ൽ പുറത്തിറങ്ങിയ 'പത്താം നിലയിലെ തീവണ്ടി' എന്ന ചിത്രത്തിന് ഫിപ്രസി ഇന്‍റർനാഷണൽ ഫിലിം അവാർഡും, 'ഒരു ബ്ലാക്ക് ഫോറസ്റ്റ്' എന്ന ചിത്രത്തിന് നാഷണൽ അവാർഡും സംസ്ഥാന അവാർഡും ലഭിച്ചു. അങ്ങ് ദൂരെ ഒരു ദേശം എന്ന ചിത്രത്തിനും സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അവാർഡുകൾ പ്രചോദനമാണെന്നും സംവിധായകൻ പറഞ്ഞു.
നക്ഷത്ര കൂടാരം, ഒരു കടങ്കഥ പോലെ, മാൻ ഓഫ് ദി മാച്ച്, രാജധാനി തുടങ്ങിയ വാണിജ്യ ചിത്രങ്ങളും ജോഷി മാത്യു സംവിധാനം ചെയ്‌തിട്ടുണ്ട്. എന്നാൽ പിന്നീട് വാണിജ്യ സാധ്യതയ്‌ക്ക് പുറമെ സീരിയസായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രങ്ങളുടെ സംവിധായകനായി ജോഷി മാത്യു മാറി. സിനിമയിലെ ന്യൂജെൻ കലാകാരന്‍മാരില്‍ പ്രതീക്ഷയും വിശ്വാസവുമുണ്ടെന്നും ജോഷി പറഞ്ഞു.