ന്യൂഡല്‍ഹി: അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ രാഷ്‌ട്രീയവത്‌കരിക്കാന്‍ ശ്രമിക്കുകയാണെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍. ചലച്ചിത്ര മേളകളില്‍ കാണിക്കാന്‍ തക്കവണ്ണം നിലവാരമുള്ള ചിത്രങ്ങളാണ് തിരഞ്ഞെടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഗോവയില്‍ വച്ച് നടന്ന 53-ാമത് അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിലെ 'ദ കാശ്‌മീര്‍ ഫയല്‍സ്' വിവാദത്തെക്കുറിച്ച് 'സ്വയംവരം' ചിത്രത്തിന്‍റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിത്രത്തെക്കുറിച്ച് പരസ്യവിമര്‍ശനം നടത്തി ജൂറി ചെയര്‍മാന്‍: അന്താരാഷ്‌ട്ര മത്സരവിഭാഗത്തില്‍ കശ്‌മീര്‍ ഫയല്‍സ് ഇടംപിടിച്ചതില്‍ ജൂറി അംഗങ്ങള്‍ ഞെട്ടിയെന്നും ഇത്തരം സിനിമകള്‍ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടുള്ളതല്ലെന്നും മേളയില്‍ സ്‌ക്രീന്‍ ചെയ്‌ത 14 അന്താരാഷ്‌ട്ര സിനിമകളില്‍ മോശമായത് 15-ാമത് പ്രദര്‍ശിപ്പിച്ച ഈ ചിത്രമാണെന്നുമായിരുന്നു ഇസ്രയേലി സംവിധായകന്‍ കൂടിയായ ജൂറി ചെയര്‍മാന്‍ നാദവ് ലാപിഡ് പറഞ്ഞത്. ഈ വിമര്‍ശനത്തോട് തങ്ങള്‍ പൂര്‍ണമായും യോജിക്കുന്നുവെന്ന് പറഞ്ഞ് മറ്റ് ജൂറി അംഗങ്ങള്‍ കൂടിയായ ജിങ്കോ ഗോട്ടോ, പാസ്‌കെൽ ചാവൻസ്, ഹാവിയർ അംഗുലോ ബാർട്ടൂറൻ എന്നിവരും രംഗത്തെത്തിയിരുന്നു. മേളയുടെ സമാപന ചടങ്ങില്‍ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ അടക്കമുള്ള മന്ത്രിമാര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു നാദവ് ലാപിഡിന്‍റെ പരസ്യ വിമര്‍ശനം.
അതേസമയം, സഹ ജൂറി അംഗം സുദീപ്‌തോ സെൻ, ലാപിഡിന്‍റെ പ്രസ്‌താവനയോട് വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. 'ദ കശ്‌മീർ ഫയൽസി'നെ കുറിച്ചുള്ള ലാപിഡിന്‍റെ പ്രസ്‌താവന പൂർണമായും വ്യക്തിപരമാണെന്ന് അദ്ദേഹം പറഞ്ഞു. താനോ, മറ്റ് ജൂറി അംഗങ്ങളോ തങ്ങളുടെ ഇഷ്‌ടങ്ങളെക്കുറിച്ചോ അനിഷ്‌ടങ്ങളെക്കുറിച്ചോ പരാമർശിച്ചിട്ടില്ലെന്നും സെൻ ട്വിറ്ററിൽ കുറിച്ചിരുന്നു.
ചെയര്‍മാന്‍റെ വിമര്‍ശനം വ്യക്തിപരമെന്ന് ജൂറി അംഗം: ജൂറി എന്ന നിലയിൽ, ഒരു സിനിമയുടെ സാങ്കേതിക, സൗന്ദര്യാത്മക നിലവാരം, സാമൂഹിക സാംസ്‌കാരിക പ്രസക്തി എന്നിവ വിലയിരുത്താനാണ് തങ്ങൾ നിയോഗിക്കപ്പെട്ടത്. ഒരു സിനിമയേയും കുറിച്ച് തങ്ങൾ ഒരു തരത്തിലുമുള്ള രാഷ്‌ട്രീയ അഭിപ്രായങ്ങളിൽ ഏർപ്പെടുന്നില്ല. അഥവാ അങ്ങനെ ചെയ്യുന്നുവെങ്കില്‍ തീർച്ചയായും വ്യക്തിപരമാണെന്നും സെൻ കൂട്ടിച്ചേർത്തു. ലാപിഡിനെ അനുകൂലിച്ച് 'ഇത് ലോകത്തിന് വളരെ വ്യക്തമാണ്' എന്ന കുറിപ്പോടെ നടി സ്വര ഭാസ്‌കർ രംഗത്തെത്തിയിരുന്നു.
വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്‌ത 'ദ കശ്‌മീർ ഫയൽസ്' പുറത്തിറങ്ങിയ ശേഷം രൂക്ഷവിമര്‍ശനമാണ് പല കോണുകളില്‍ നിന്നും ഉയര്‍ന്നത്. ചരിത്രത്തെ വളച്ചൊടിച്ച് സംഘപരിവാര്‍ രാഷ്‌ട്രീയം പ്രചരിപ്പിക്കാനാണ് ചിത്രം പുറത്തിറക്കിയതെന്നായിരുന്നു വിമര്‍ശനം. ആയിരക്കണക്കിന് കശ്‌മീര്‍ പണ്ഡിറ്റുകളെ വംശഹത്യ ചെയ്‌തുവെന്ന തരത്തില്‍ തെറ്റായ കണക്കും ചരിത്രവും പറയുന്ന സിനിമയ്‌ക്ക് കേന്ദ്ര സര്‍ക്കാര്‍ നികുതി ഇളവ് നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കള്‍ ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയതും ശ്രദ്ധേയമായിരുന്നു.