മുംബൈ : മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബേസിൽ ജോസഫ്. തൻ്റെ അഭിനയ മികവിലൂടെ ബിഗ് സ്‌ക്രീനിൽ തിളങ്ങിയ നടൻ ഇന്ന് മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട യുവതാരമാണ്. എന്നാൽ ഒരു അഭിനേതാവ് എന്ന നിലയിൽ മാത്രം മുന്നോട്ടുപോകാൻ ബേസിൽ ജോസഫിന് കഴിയുമായിരുന്നില്ല. കാരണം അദ്ദേഹത്തിൻ്റെ കഴിവ് അതിനും അപ്പുറമായിരുന്നു. തുടർന്ന് ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രവർത്തിച്ച് മലയാള സിനിമയിൽ തൻ്റേതായ ഇടം നേടാന്‍ ബേസിലിന് സാധിച്ചു.
ഹിന്ദുസ്ഥാൻ ടൈംസ് ഒടിടി പ്ലേ 'ചേഞ്ച് മേക്കേഴ്‌സ്': ഈയിടെ മുംബൈയിൽ നടന്ന ഹിന്ദുസ്ഥാൻ ടൈംസ് ഒടിടി പ്ലേ 'ചേഞ്ച് മേക്കേഴ്‌സ്' അവാർഡ് ദാന ചടങ്ങിൽ 'ഇൻസ്‌പയറിങ് ഫിലിം മേക്കർ ഓഫ് ദ ഇയർ' അവാർഡ് സ്വന്തമാക്കി മലയാള സിനിമയ്ക്ക് അഭിമാനമായി മാറിയിരിക്കുകയാണ് ബേസിൽ. പാൻ ഇന്ത്യൻ സിനിമയായ മിന്നൽ മുരളിക്കായാണ് ബേസിലിന് അവാർഡ് ലഭിച്ചത്. അവാർഡ് ലഭിച്ചതിലെ സന്തോഷവും നന്ദിയും അറിയിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ ബേസിൽ പങ്കുവച്ച പോസ്റ്റിൽ അഭിനേതാക്കളായ ജോജു ജോർജ്, കാന്താര ഫെയിം ഋഷഭ് ഷെട്ടി, ബോളിവുഡ് നടൻ രാജ് കുമാർ റാവു എന്നിവരോടൊപ്പമുള്ള ബേസിലിന്‍റെ സെൽഫിയും കാണാൻ സാധിക്കും. ചിത്രങ്ങൾ പങ്കുവച്ചതിനുശേഷം നിരവധി പേരാണ് ബേസിലിൻ്റെ പോസ്റ്റിൻ്റെ കമൻ്റ് വിഭാഗത്തിൽ എത്തിയിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
also read: പരിനീതി ചോപ്രയും രാഘവ് ഛദ്ദയും ഡൽഹി വിമാനത്താവളത്തിൽ; വിവാഹ വാര്‍ത്ത വീണ്ടും സജീവമാകുന്നു
വിനീതിൻ്റെ സഹസംവിധായകനായി അരങ്ങേറ്റം : വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‌ത ‘തിര’ എന്ന സിനിമയിൽ സഹസംവിധായകനായിട്ടായിരുന്നു ബേസിലിൻ്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. ഇതിനുശേഷം അഭിനയത്തിൽ കൈ വച്ച ബേസിൽ ഹോംലി മീൽസ് എന്ന സിനിമയിൽ ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചു. കിട്ടിയത് ഒരു ചെറിയ കഥാപാത്രമാണെങ്കിലും സിനിമയിൽ വളരെ മികച്ച പ്രകടനം കാഴ്‌ചവച്ച ബേസിൽ അന്നേ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനുശേഷം വിനീത് ശ്രീനിവാസൻ, ബിജു മേനോൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരെ അണിനിരത്തി ബേസിൽ സംവിധാനം ചെയ്‌ത 'കുഞ്ഞിരാമായണം' ഒരു ബ്ലോക്ക് ബസ്റ്റർ ഹിറ്റായി മാറി.
കഠിന കഠോരമീ അണ്ഡകടാഹം : ഇതിനുശേഷം തൻ്റെ ഉറ്റ സുഹൃത്തായ ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ സംവിധാനം ചെയ്‌ത ഗോദയും വൻ ഹിറ്റായതോടെ ഒരു പ്രോമിസിങ് സംവിധായകൻ എന്ന നിലയിൽ ബേസിൽ മലയാള സിനിമയിൽ അറിയപ്പെട്ടു. ടൊവിനോ നായകനായി എത്തിയ മിന്നൽ മുരളിയാണ് ബേസിലിൻ്റെ സംവിധാനത്തിൽ ഏറ്റവും ഒടുവിൽ എത്തിയ ചിത്രം. നേരിട്ട് ഒടിടി റിലീസായി എത്തിയ സിനിമയ്‌ക്ക് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്. 'കഠിന കഠോരമീ അണ്ഡകടാഹം' ആണ് ബേസിലിൻ്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ സിനിമ. പെരുന്നാൾ റിലീസായി എത്താനിരിക്കുന്ന സിനിമ നവാഗതനായ മുഹസിൻ ആണ് സംവിധാനം ചെയ്‌തിരിക്കുന്നത്.