നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ ലോ കോളജ് വിദ്യാര്‍ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ്. എറണാകുളം ലോ കോളജ് പ്രിന്‍സിപ്പലാണ് വിദ്യാര്‍ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇന്ന് തന്നെ വിഷയത്തില്‍ മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മറുപടി തൃപ്‌തികരമല്ലെങ്കില്‍ നടപടിയെടുക്കമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.
'തങ്കം' സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അപര്‍ണ ബാലമുരളി കോളജില്‍ എത്തിയപ്പോഴായിരുന്നു നടിയോട് ലോ കോളജിലെ വിദ്യാര്‍ഥി മോശമായി പെരുമാറിയത്. അപര്‍ണയ്‌ക്ക് പൂവ് നല്‍കാനായി വേദിയില്‍ കയറിയ വിദ്യാര്‍ഥി നടിയുടെ കയ്യില്‍ പിടിക്കുകയും തോളില്‍ കയ്യിടാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. വിദ്യാര്‍ഥിയുടെ ഈ പ്രവര്‍ത്തിയില്‍ നടി അസ്വസ്ഥയാകുകയും എന്താടോ, ലോ കോളജ് അല്ലേ, എന്ന് ചോദിക്കുകയും ചെയ്‌തു. സംഭവത്തില്‍ സ്‌തബ്‌ധയായിപ്പോയെന്ന് പിന്നീട് അപര്‍ണ പ്രതികരിച്ചിരുന്നു.
ഒരു സ്‌ത്രീയുടെ സമ്മതം ചോദിക്കാതെ അവരുടെ ദേഹത്ത് കൈ വയ്‌ക്കുന്നത് ശരിയല്ലെന്ന് ഒരു ലോ കോളജ് വിദ്യാര്‍ഥി മനസ്സിലാക്കിയില്ല എന്നത് ഗുരുതരമാണെന്നാണ് അപര്‍ണ പ്രതികരിച്ചത്. കൈ പിടിച്ച് എഴുന്നേല്‍പ്പിച്ചത് തന്നെ ശരിയല്ലെന്നും ഒരു സ്‌ത്രീയോട് കാണിക്കേണ്ട മര്യാദ അല്ലെന്നും നടി വ്യക്തമാക്കി. അതേസമയം സംഭവത്തില്‍ പരാതിപ്പെടുന്നില്ലെന്നും സംഘാടകരോട് പരിഭവം ഇല്ലെന്നും അപര്‍ണ ബാലമുരളി വ്യക്തമാക്കി.
വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ച് എറണാകുളം ഗവ.ലോ കോളജ് യൂണിയനും രംഗത്തെത്തിയിരുന്നു. സംഭവ സമയത്ത് തന്നെ യൂണിയന്‍ ഭാരവാഹി ഖേദം അറിയിച്ചിരുന്നു. സിനിമ താരത്തിന് നേരെ വിദ്യാര്‍ഥികളില്‍ ഒരാളില്‍ നിന്നുമുണ്ടായ അനിഷ്‌ട സംഭവം ഏറെ ഖേദകരമാണെന്നാണ് കോളജ് യൂണിയന്‍ പറഞ്ഞത്.
അപര്‍ണയോട് വിദ്യാര്‍ഥി മോശമായി പെരുമാറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതോടെ വലിയ വിമര്‍ശനമാണ് കോളജ് യൂണിയന് എതിരെ ഉയരുന്നത്. ഇത്രയും ആളുകളുടെ മുന്നില്‍വച്ച് നടിയോട് മോശമായി പെരുമാറിയ വിദ്യാര്‍ഥിക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിദ്യാര്‍ഥിക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ്.
Also Read: 'സമ്മതം ചോദിക്കാതെ ദേഹത്ത് കൈ വയ്‌ക്കുന്നത് ശരിയല്ല'; എതിര്‍പ്പുമായി അപര്‍ണ ബാലമുരളി