തമിഴിലെ യുവ താരനിരയില്‍ ശ്രദ്ധേയനായ കാർത്തി പുതിയ ചിത്രവുമായി വീണ്ടുമെത്തുന്നു. രാജു മുരുകൻ രചനയും സംവിധാനം നിർവഹിക്കുന്ന ചിത്രമായ ‘ജപ്പാനി’ലാണ് താരം നായകനാകുന്നത്. ചിത്രത്തിന്‍റെ ടീസർ പുറത്തു വന്നു.
- " class="align-text-top noRightClick twitterSection" data="">
'പൊന്നിയിൻ സെല്‍വനി'ല്‍ ശ്രദ്ധേയ പ്രകടനം കാഴ്‌ചവച്ച കാർത്തി ആക്ഷൻ എന്‍റർടെയ്‌നറുമായാണ് ഇത്തവണ എത്തുന്നത്. കാർത്തിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ ടീസർ പുറത്തിറക്കിയത്. വ്യാഴാഴ്‌ച 46-ാം ജന്‍മദിനം ആഘോഷിക്കുന്ന താരത്തിന് പിറന്നാൾ സമ്മാനമായി എത്തിയ ടീസർ ആരാധക വൃന്ദം ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.
വ്യത്യസ്‌തമായ ലുക്കിലാണ് കാർത്തി ‘ജപ്പാനി’ൽ പ്രത്യക്ഷപ്പെടുന്നത്. ഏറെ നിഗൂഢതകൾ ഒളിപ്പിച്ചുവച്ചു കൊണ്ട് അവസാനിക്കുന്ന ടീസർ യഥാർഥത്തില്‍ 'ആരാണ് ജപ്പാൻ’ എന്ന ചോദ്യം ആസ്വാദകരില്‍ ബാക്കിയാക്കുന്നു. ജപ്പാന്‍ മെയ്‌ഡ് ഇന്‍ ഇന്ത്യ എന്ന കാർത്തിയുടെ ഇന്‍ട്രോയും കാഴ്‌ചക്കാരില്‍ കൗതുകമുണർത്തുന്നു. കാർത്തിയുടെ ഇരുപത്തിയഞ്ചാമത്തെ സിനിമ കൂടിയാണ് 'ജപ്പാൻ'.
ഡ്രീം വാരിയർ പിക്‌ചർസിന്‍റെ ബാനറില്‍ എസ്.ആർ.പ്രകാശ് ബാബു, എസ്.ആർ.പ്രഭു എന്നിവർ നിർമിക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ് അണിയിച്ചൊരുക്കുന്നത്. ഡ്രീം വാരിയർ പിക്‌ചർസ് നിർമിക്കുന്ന ആറാമത്തെ കാർത്തി ചിത്രമാണ് 'ജപ്പാൻ'. മലയാളിയായ അനു ഇമ്മാനുവലാണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, എന്നീ അഞ്ചു ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രം പ്രേക്ഷകരെ രസിപ്പിക്കുമെന്നതില്‍ തർക്കമില്ല. കോമഡിക്കും പ്രധാന്യമുള്ള ചിത്രം പ്രേക്ഷകരെ ചിരിപ്പിക്കുമെന്നുറപ്പ്. 'ജപ്പാന്റെ' മലയാളം ടീസറും അണിയറക്കാർ പുറത്തു വിട്ടിട്ടുണ്ട്.
ഗോലി സോഡ, കടുക് എന്നീ സിനിമകൾ സംവിധാനം ചെയ്‌ത, ഛായാഗ്രാഹകൻ കൂടിയായ വിജയ് മിൽടനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തെലുങ്ക് നടൻ സുനിലാണ് ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന മറ്റൊരു താരം. രവി വർമനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ.
പൊന്നിയിൻ സെൽവനില്‍ ക്യാമറ ചലിപ്പിച്ചതും രവി വർമനായിരുന്നു. ജി.വി. പ്രകാശ് കുമാറാണ് ജപ്പാന്റെ സംഗീത സംവിധായകൻ. അനൽ-അരസ് ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.
മണിരത്നം അണിയിച്ചൊരുക്കിയ 'പൊന്നിയിൻ സെല്‍വനി'ല്‍ കാർത്തി ശ്രദ്ധേയ പ്രകടനമാണ് കാഴ്‌ചവെച്ചത്. അതേസമയം 'സര്‍ദാര്‍' ആണ് കാർത്തി സോളോ നായകനായി ഒടുവിലെത്തിയ ചിത്രം. പി എസ് മിത്രനാണ് ഈ ചിത്രം സംവിധാനം ചെയ്‌തത്. 'സര്‍ദാറി'ന്റെ തിരക്കഥ ഒരുക്കിയതും സംവിധായകൻ പി എസ് മിത്രൻ തന്നെയാണ്. പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ലക്ഷ്‍മണ്‍ കുമാർ ആയിരുന്നു നിർമാണം. ജോര്‍ജ് സി വില്യംസ് ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്‍റെ എഡിറ്റർ റൂബന്‍ ആണ്. ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്‍മി, സഹനാ വാസുദേവൻ, മുരളി ശർമ്മ, എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.