തിരുവനന്തപുരം: കാസർകോട് ലോക്സഭാ മണ്ഡലത്തിലെ കള്ള വോട്ട് വിവാദത്തിൽ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണക്കെതിരെ സിപിഎം നിയമനടപടിക്കൊരുങ്ങുന്നു. ടിക്കാറാം മീണയുടെ നടപടി ഏകപക്ഷീയം എന്ന് വിലയിരുത്തിയ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, പാർട്ടി കേന്ദ്ര നേതൃത്വവുമായി ആലോചിച്ചശേഷം കോടതിയെ സമീപിക്കാനാണ് നീക്കം നടത്തുന്നത്.
കണ്ണൂർ, കാസർകോട് ജില്ലകളിൽ സിപിഎം പ്രവർത്തകർ ഒന്നിലധികം തവണ വോട്ട് രേഖപ്പെടുത്തുകയും ഇത് കളളവോട്ടാണെന്ന് ജില്ലാ കലക്ടർമാർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണക്ക് റിപ്പോർട്ട് നല്‍കുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കള്ള വോട്ട് ചെയ്തെന്ന് തെളിഞ്ഞ നാലുപേർക്കെതിരെ ജനപ്രാതിനിധ്യ നിയമവും ഇന്ത്യൻ ശിക്ഷാ നിയമവും അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്യാൻ ടിക്കാറാം മീണ ഉത്തരവിടുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നടപടികൾ ഏകപക്ഷീയമെന്ന് ഇന്നു ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.
ഇതിന്‍റെ അടിസ്ഥാനത്തിൽ ടിക്കാറാം മീണയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. സിപിഎം കേന്ദ്ര നേതൃത്വവുമായി ആലോചിച്ച ശേഷമായിരിക്കും തുടർനടപടികൾ. ഇടതു പ്രവർത്തകർക്കെതിരെ കേസ് എടുക്കാൻ ടിക്കാറാം മീണ തിടുക്കം കാട്ടിയെന്ന് യോഗത്തിൽ വിമർശനമുയർന്നു. അതേസമയം ലീഗ് പ്രവർത്തകർ കള്ള വോട്ട് ചെയ്ത സംഭവത്തിൽ അവരിൽ നിന്ന് വിശദീകരണം കേട്ട ശേഷം മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തുടർനടപടികൾ സ്വീകരിച്ചത്. സിപിഎമ്മിനോട് ഉള്ള പക്ഷപാതിത്വപരമായ സമീപനമാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ഈ നടപടിയെന്നും യോഗം വിലയിരുത്തി. കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിൽ സിപിഎം കള്ളവോട്ട് ചെയ്തത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ യുഡിഎഫ് ശേഖരിക്കുന്നതിനിടെയാണ് ഭരണ മുന്നണിയിലെ മുഖ്യ കക്ഷി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ നിയമ പോരാട്ടവുമായി രംഗത്തുവന്നിരിക്കുന്നത്.