കണ്ണൂർ ജില്ലയിൽ കണ്ടൽ വനങ്ങളാൽ പ്രകൃതി മനോഹരമാണ് തളിപ്പറമ്പ്. കണ്ണൂർ സർവ്വകലാശാലയുടെ ആസ്ഥാനം ഉൾപ്പെടുന്ന തളിപ്പറമ്പ് നിയോജക മണ്ഡലം ടൂറിസം മേഖലയിലും വിദ്യാഭ്യാസ മേഖലയിലും ഒരു പോലെ മികവു പുലർത്തുന്ന പ്രദേശമാണ്. എംവി രാഘവൻ, എംവി ഗോവിന്ദൻ, സികെപി പത്മനാഭൻ തുടങ്ങിയ സിപിഎം നേതാക്കളെ നിയമസഭയിലെത്തിച്ച ചരിത്രും തളിപ്പറമ്പിനുണ്ട്.
മണ്ഡലത്തിന്‍റെ ചരിത്രം
1967ല്‍ രൂപീകൃതമായ ശേഷം ഒരു തവണ മാത്രമാണ് തളിപ്പറമ്പ് കോൺഗ്രസിനൊപ്പം നിന്നത്. 1970-ൽ കെപിസിസി അംഗവും നിയമ സഭാ ചീഫ് വിപ്പും ആയ സിപി ഗോവിന്ദൻ നമ്പ്യാരാണ് തളിപ്പറമ്പിൽ വിജയിച്ച ഏക കോൺഗ്രസ് എംഎൽഎ. 1977ൽ എംവി രാഘവൻ മണ്ഡലം കോൺഗ്രസിൽ നിന്ന് തിരിച്ചു പിടിച്ചു. അതിനു ശേഷം ഇന്നുവരെ എന്നും ചരിത്ര ഭൂരിപക്ഷം നൽകി മാത്രമാണ് മണ്ഡലം ഇടതുമുന്നണിയെ നിയമസഭയിൽ എത്തിക്കുന്നത്. 1980ലും 82 ലും സി.പി മുസ്സാൻകുട്ടിയും 1987-ൽ കെ.കെ.എൻ പരിയാരവും അദ്ദേഹത്തിന്‍റെ മരണത്തെതുടർന്ന് 1989-ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ പാച്ചേനി കുഞ്ഞിരാമനും 96ലും 2001ലും എംവി ഗോവിന്ദനും, 2006-ൽ സികെപി പത്മനാഭനും 2011ലും 2016 ലും ജെയിംസ് മാത്യുവും തളിപ്പറമ്പിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി.
മണ്ഡലത്തിന്‍റെ രാഷ്ട്രീയം
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ തളിപ്പറമ്പ് മുനിസിപ്പാലിറ്റി, ആന്തൂർ മുനിസിപ്പാലിറ്റി എന്നിവയും കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ, ചപ്പാരപ്പടവ്, കുറുമാത്തൂർ, പരിയാരം, മലപ്പട്ടം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് തളിപ്പറമ്പ് നിയമസഭാമണ്ഡലം. ആന്തൂർ പഞ്ചായത്തിനെ 1990ലാണ് തളിപ്പറമ്പ് നഗരസഭയോട് കൂട്ടിച്ചേർത്തത്. തളിപ്പറമ്പ് മുനിസിപ്പാലിറ്റി യു.ഡി.എഫാണ് ഭരിക്കുന്നത്. മുസ്ലീം ലീഗിന് നിർണായക സ്വാധീനം ഉള്ള മേഖലയാണ് തളിപ്പറമ്പ് മുനിസിപ്പാലിറ്റി. ആന്തൂർ മുനിസിപ്പാലിറ്റിയിൽ പ്രതിപക്ഷം പോലും ഇല്ലാതെ സി.പി.എം ഭരിക്കുന്നു.
2019 ലെ വോട്ടർ പട്ടിക പ്രകാരം 200288 വോട്ടർമാരാണുള്ളത്. 95084 പുരുഷൻമാരും 107203 സ്‌ത്രീ വോട്ടർമാരും.2019ൽ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ നേരിയ വോട്ടിന്‍റെ ലീഡ് യുഡിഎഫ് ഈ മണ്ഡലത്തിൽ നേടിയിരുന്നു എന്നാൽ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വ്യക്തമായി സ്വാധീനം എൽഡിഎഫിന് ലഭിച്ചു.
നിയമസഭ തെരഞ്ഞെടുപ്പ് 2011
2011 ൽ സിറ്റിങ് എംഎൽഎ സികെ പദ്മനാഭനെ മാറ്റി ജെയിംസ് മാത്യുവിന് അവസരം നൽകിയപ്പോൾ പ്രാദേശിക തലത്തിൽ കടുത്ത എതിർപ്പുയർന്നിരുന്നു. ഈ എതിർപ്പ് യുഡിഎഫിന് മുതലാക്കാൻ കഴിഞ്ഞില്ലെന്ന് പറയുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം. 27861 വോട്ടുകൾക്കായിരുന്നു ജെയിംസ് മാത്യുവിന്‍റെ ജയം. കേരള കോൺഗ്രസിന്‍റെ കൈവശമായിരുന്ന ഈ സീറ്റിൽ ചങ്ങനാശ്ശേരി സ്വദേശി ജോബ് മൈക്കിൾ ആയിരുന്നു എതിരാളി. 83%പോളിങ് നടന്ന തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥി ജെയിംസ് മാത്യുവിന് 81031(56.13) വോട്ടും യുഡിഎഫ് സ്ഥാനാർഥി ജോബ് മൈക്കിളിന് 53170 (31.73) വോട്ടും ബിജെപി സ്ഥാനാർഥി കെ ജയപ്രകാശിന് 6492(4.50) വോട്ടും ലഭിച്ചു.
നിയമസഭ തെരഞ്ഞെടുപ്പ് 2016
രണ്ടാം അങ്കത്തിൽ ജെയിംസ് മാത്യുവിന് ചരിത്ര ഭൂരിപക്ഷമാണ് മണ്ഡലം നൽകിയത്. 41617 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു ജയിംസ് മാത്യുവിന്‍റെ വിജയം. പോൾ ചെയ്തത്തിന്‍റെ 57.26 ശതമാനം വോട്ടും നേടിയായിരുന്നു ജെയിംസ് മാത്യുവിന്‍റെ വിജയം. 159113 പേർ വോട്ട് രേഖപെടുത്തിയ തെരഞ്ഞെടുപ്പിൽ ജെയിംസ് മാത്യുവിന് 91106(57.26) വോട്ടും കേരളകോൺഗ്രസ് (എം) സ്ഥാനാർഥി രാജേഷ് നമ്പ്യാർ 50489 (31.73) വോട്ടും ബിജെപി സ്ഥാനാർഥി ബാലകൃഷണൻ മാസ്റ്റർക്ക് 14742(9.27) വോട്ടും ലഭിച്ചു. ബിജെപിക്ക് ശക്തമായ വേരോട്ടമില്ലാത്ത നിയോജക മണ്ഡലമാണ് തളിപ്പറമ്പ്.
തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ 2020ലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം
തളിപ്പറമ്പ് മുനിസിപാലിറ്റി-യു.ഡി.എഫ്
ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്-യു.ഡി.എഫ്
കൊളച്ചേരി ഗ്രാമപഞ്ചായത്ത്-യു.ഡി.എഫ്
മയ്യിൽ ഗ്രാമപഞ്ചായത്ത്-എൽഡിഎഫ്
കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത്-എൽഡിഎഫ്
കുറുമാത്തൂർ ഗ്രാമപഞ്ചായത്ത്-എൽഡിഎഫ്
പരിയാരം ഗ്രാമപഞ്ചായത്ത്-എൽഡിഎഫ്
മലപ്പട്ടം ഗ്രാമപഞ്ചായത്ത്-എൽഡിഎഫ്
ആന്തൂർ മുനിസിപാലിറ്റി-എൽഡിഎഫ്
നിയമസഭ തെരഞ്ഞെടുപ്പ് 2021 സ്ഥാനാർഥി പ്രതീക്ഷ
രണ്ട് തവണ മത്സരിച്ച ജയിംസ് മാത്യു ഇത്തവണ മാറി നിൽക്കാനാണ് സാധ്യത. മാറി നിന്നാൽ മുതിർന്ന നേതാവ് എംവി ഗോവിന്ദൻ മാസ്റ്റർ എൽഡിഎഫ് സ്ഥാനാർഥിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ കേരള കോൺഗ്രസ് എമ്മിന്‍റെ കൈയിലുണ്ടായിരുന്ന സീറ്റ് ഒരുവിഭാഗത്തിന്‍റെ മുന്നണി മാറ്റത്തോടെ കോൺഗ്രസ് ഏറ്റെടുത്ത് മത്സരിക്കാനാണ് സാധ്യത. കെഎസ്‌യു സംസ്ഥാന ഉപാധ്യക്ഷൻ വി.പി അബുദുൽ റഷീദിന്‍റെ പേരാണ് പറഞ്ഞു കേൽക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വ്യക്തമായ സ്വാധീനം ഉളള മണ്ഡലത്തിൽ റഷീദിലൂടെ പിടിച്ചെടുക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. എഐസിസി വക്താവ് ഡോ ഷമാ മുഹമ്മദിന്‍റെ പേരും പരിഹണന പട്ടികയിലുണ്ട്. ഏറ്റവും മികച്ച സ്ഥാനാർഥിയെ ഇറക്കി മണ്ഡലത്തിലെ സ്വാധീനം വർധിപ്പിക്കനാണ് ബിജെപി ശ്രമിക്കുക.