കൊല്ലം: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ സമഗ്ര വിദ്യാഭ്യാസ-തൊഴില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമെന്ന് ഡോ. ശശിതരൂര്‍ എംപി. കുണ്ടറ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.സി വിഷ്ണുനാഥിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ നൂറ് എഞ്ചിനീയര്‍മാരെയെടുത്താല്‍ എണ്‍പത് പേരും പഠിച്ച പണിയല്ല ചെയ്യുന്നത്. അതിനുള്ള അവസരം കേരളത്തില്‍ ഇല്ല. ഇവിടെ നിന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ മറ്റ് രാജ്യങ്ങളില്‍ പഠനത്തിന് പോകുന്നു. വിദേശത്തുള്ള പ്രശസ്തമായ യൂണിവേഴ്‌സിറ്റികള്‍ കേരളത്തില്‍ ആരംഭിക്കണം. പുതിയ തൊഴില്‍ സംസ്‌കാരവും തൊഴിലവസരങ്ങളും ഉണ്ടാകണം. അതിന് യുഡിഎഫിന് പദ്ധതിയുണ്ട്. അത് നടപ്പാക്കുമെന്നും തരൂർ പറഞ്ഞു.
അഞ്ചാം ക്ലാസുകാരി മുതല്‍ ഫാര്‍മസി വിദ്യാര്‍ഥി വരെ എംപിയോട് ചോദ്യങ്ങള്‍ ഉന്നയിച്ചു. കുണ്ടറയെ ലോകോത്തരമാക്കുന്നതിനുള്ള പദ്ധതികളും ചര്‍ച്ച ചെയ്യപ്പെട്ടു. സ്ഥാനാര്‍ഥി പിസി വിഷ്ണുനാഥ് ആമുഖ പ്രഭാഷണം നടത്തി.