ഇടുക്കി: കോൺഗ്രസ് നേതാവ് എ.കെ ആന്‍റണിക്ക് മറുപടിയുമായി എൽഡിഎഫ് സ്ഥാനാർഥി എം.എം. മണി. തുടര്‍ഭരണം വന്നാല്‍ മുടിയും എന്ന പ്രയോഗം കൊണ്ട് എ.കെ. ആന്‍റണി ഉദ്ദേശിച്ചത് കോണ്‍ഗ്രസ് മുടിയുമെന്നാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്ന് ജയിച്ച് പോയ കോണ്‍ഗ്രസ് എംപിമാരെ കണ്ടെത്താന്‍ പരസ്യം നല്‍കേണ്ട അവസ്ഥയാണെന്നും അദ്ദേഹം പരിഹസിച്ചു.
യുഡിഎഫിനെതിരെയും പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെയും ശക്തമായ വിമർശനമാണ് അദ്ദേഹം നടത്തിയത്. രാഹുല്‍ ഗാന്ധിയുടെ പ്രചാരണം കൊണ്ടൊന്നും യുഡിഎഫിന് കേരളത്തില്‍ ശക്തി പ്രാപിക്കാൻ കഴിയില്ല. ഏഴോളം സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ രക്ഷിയ്ക്കാനാകാത്ത രാഹുല്‍ ഗാന്ധിക്ക് കേരളത്തിലെ കോണ്‍ഗ്രസിനെ എങ്ങനെയാണ് രക്ഷിക്കാൻ കഴിയുക എന്നും അദ്ദേഹം ചോദിച്ചു. ഇത്തവണ തുടര്‍ ഭരണം ഉറപ്പാണ്. ഭരണം ഇല്ലാത്തതിനാല്‍ ചക്കര കുടത്തില്‍ കൈയിട്ട് വാരാന്‍ കഴിയാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ് എന്നും എം.എം. മണി ആക്ഷേപിച്ചു. കറുത്തവനോ വെളുത്തവനോ എന്ന് നോക്കേണ്ട. പണിയറിയാമോ എന്നാണ് നോക്കേണ്ടത്. തനിക്ക് പണിയറിയാമെന്ന് എല്ലാവര്‍ക്കും മനസിലായെന്നും എം.എം. മണി പറഞ്ഞു.
ഉടുമ്പന്‍ചോലയില്‍ മൂന്നാം തവണ ജനവിധി തേടുന്ന എം.എം മണി ഇത്തവണ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് എല്‍ഡിഎഫിന്‍റെ വിലയിരുത്തല്‍. മണ്ഡലത്തില്‍ പ്രചാരണ പരിപാടികള്‍ പുരോഗമിക്കുകയാണ്.