കണ്ണൂർ: പയ്യന്നൂർ വെള്ളൂരിലെ ക്ഷേത്രത്തിൽ തെയ്യത്തിനിടെ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൻ്റെ തുടർച്ചയായി യുവാവിന് ക്രൂര മർദനം. വെള്ളൂർ സ്‌കൂളിനു സമീപത്ത് താമസിക്കുന്ന പെയിൻ്റിങ് തൊഴിലാളിയായ പി.കെ രാഹുലിനാണ് വീടിന് സമീപം വച്ച് മർദനമേറ്റത്. പത്തിലേറെ ബൈക്കുകളിലായെത്തിയ 20ഓളം പേർ രാഹുലിനെ മർദിക്കുകയായിരുന്നു.
കുടക്കത്ത് ഭഗവതി ക്ഷേത്രത്തിലെ തെയ്യത്തിനിടെ ഏപ്രിൽ 3ന് പുലർച്ചെ ഇരു വിഭാഗം യുവാക്കൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. അതിൻ്റെ തുടർച്ചയായി ഏപ്രിൽ 4 തിങ്കളാഴ്‌ച രാത്രി 9 മണിയോടെ രാഹുലിനെ വീടിന് സമീപം വച്ച് മർദിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ രാഹുൽ കണ്ണൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
രാഹുലിൻ്റെ കൈക്കും മുഖത്തും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇടത്തേ കണ്ണിൻ്റെ കാഴ്‌ചയ്ക്കും പ്രശ്‌നമുണ്ട്. രാഹുലിന്‍റെ മൊബെൽ ഫോണും എറിഞ്ഞ് കേടുവരുത്തി.
മർദനത്തിൽ നിന്നും രാഹുലിനെ രക്ഷിക്കാൻ ശ്രമിച്ച സുഹൃത്തായ കിരണിൻ്റെ ഫോണും ഡ്രൈവിങ് ലൈസൻസും മർദനത്തിനിടെ നഷ്‌ടപ്പെട്ടിട്ടുണ്ട്. തെയ്യത്തിനിടെയുണ്ടായ സംഘർഷം ഒഴിവാക്കാൻ വേണ്ടി ഇടപെട്ടതല്ലാതെ മറ്റൊന്നും ചെയ്‌തിട്ടില്ലെന്നും തന്നെ സംഘടിതമായി മർദിച്ചത് എന്തിനെന്ന് അറിയില്ലെന്നും രാഹുൽ പറഞ്ഞു. സംഭവത്തിൽ എട്ടു പേർക്കെതിരെയും കണ്ടാലറിയാവുന്ന പത്തോളം പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
Also Read: പാലക്കാട് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു: ക്രൂരത ബൈക്ക് മോഷണം ആരോപിച്ച്