പാലക്കാട്: വ്യവസായിയെ ഹണി ട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും തട്ടിയ സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. തൃശ്ശൂര്‍ ചാലക്കുടി സ്വദേശികളായ ഇന്ദ്രജിത്ത് (20), റോഷിത് (20) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് ഇരുവരെയും ടൗണ്‍ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്‌തത്.
സംഭവത്തില്‍ ആറ് പേര്‍ ചൊവ്വാഴ്‌ച(30.08.2022) അറസ്റ്റിലായിരുന്നു. കൊല്ലം സ്വദേശിയും എറണാകുളം കാക്കനാട്ട് താമസക്കാരിയുമായ ദേവു (24), ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശിയായ ഗോകുല്‍ദീപ് (29), കോട്ടയം പാലാ സ്വദേശി ശരത് (24), തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശികളായ അജിത്ത് (20), വിനയ് (24), ജിഷ്‌ണു (20) എന്നിവരാണ് മുമ്പ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
അറസ്റ്റിലായ മുഴുവന്‍ പേരെയും ഒരുമിച്ചിരുത്തി പൊലീസ് ചോദ്യം ചെയ്യും. ഓഗസ്റ്റ് 28നാണ് ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായി സംഘത്തിന്‍റെ തട്ടിപ്പിന് ഇരയായത്. 'ഫീനിക്‌സ് കപ്പിള്‍സ്' എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ചാണ് ഇയാളെ സംഘം വലയില്‍ വീഴ്‌ത്തിയത്.
സംഘത്തിലെ കോട്ടയം സ്വദേശി ശരതാണ് ആദ്യം ഇന്‍സ്റ്റഗ്രാമിലൂടെ സ്‌ത്രീയെന്ന വ്യാജേന വ്യവസായിയെ പരിചയപ്പെട്ടത്. എന്നാല്‍ ഇയാള്‍ വലയിലായെന്ന് മനസിലാക്കിയ സംഘം പിന്നീട് എറണാകുളത്തെ താമസക്കാരിയായ ദേവുവിനെ കൊണ്ട് വ്യവസായിക്ക് ശബ്‌ദ സന്ദേശം അയപ്പിച്ചു. ഇയാളുമായി കൂടുതല്‍ അടുപ്പത്തിലായ യുവതി ഭര്‍ത്താവ് ഗള്‍ഫിലാണെന്നും വീട്ടില്‍ രോഗിയായ അമ്മ മാത്രമാണുള്ളതെന്നും പറഞ്ഞ് കബളിപ്പിച്ചു.
തുടര്‍ന്ന് നേരില്‍ കാണാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞ് വീട്ടിലേക്ക് ക്ഷണിക്കുകയുമായിരുന്നു. വ്യവസായിയെ വിളിച്ച് വരുത്തുന്നതിന് യുവതി യാക്കരയില്‍ ഒരു വീട് വാടകയ്‌ക്കെടുത്തു. തുടര്‍ന്ന് യുവതിയെ കാണാനായി ഞായറാഴ്‌ച(28.08.2022) വ്യവസായി യാക്കരയിലെത്തി.
ഇതോടെയാണ് എട്ട് പേരടങ്ങുന്ന സംഘം ഇയാളെ തട്ടിപ്പിനിരയാക്കിയത്. പണം, മൊബൈല്‍ ഫോണ്‍, സ്വര്‍ണാഭരണം എന്നിവയെല്ലാം സംഘം കവര്‍ന്നു.
also read: ഹണി ട്രാപ്പ് തട്ടിപ്പ്, ഇന്‍സ്റ്റഗ്രാം താരങ്ങള്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍