എറണാകുളം: വിദേശത്ത് നിന്ന് പാർസലായി കൊച്ചിയിലേക്ക് ലഹരി മരുന്ന് എത്തിച്ച കേസിൽ രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി ഫസലു, തിരുവനന്തപുരം സ്വദേശി ആദിത്യ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ മേൽവിലാസത്തിൽ ദോഹ, നെതർലൻഡ് എന്നിവിടങ്ങളിൽ നിന്നാണ് ലഹരി മരുന്നുകളെത്തിയത്.
രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ലഹരി മരുന്നുകൾ പിടികൂടിയത്. രണ്ടു പാര്‍സലുകളിലായി 31 എല്‍എസ്‌ഡി സ്റ്റാമ്പുകളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ 26 എല്‍എസ്‌ഡി സ്റ്റാമ്പ് ഫസലുവിന്‍റെ മേല്‍വിലാസത്തിലും, 5 എണ്ണം ആദിത്യയുടെ മേല്‍വിലാസത്തിലുമായിരുന്നു എത്തിയത്.
ഇതേതുടര്‍ന്ന് ഇവരുടെ വീടുകളിലെത്തിയും എക്സൈസ് പരിശോധന നടത്തി. ഫസലുവിന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ എല്‍എസ്‌ഡി ഉള്‍പ്പടെയുള്ള ലഹരി മരുന്നുകള്‍ എക്സൈസ് പിടികൂടി. ഫസലു നേരത്തെയും സമാന കേസുകളില്‍ പ്രതിയാണെന്ന് എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പിവി ഏലിയാസ് പറഞ്ഞു.
ALSO READ: കണ്ണൂർ നഗരത്തിലെ മയക്കുമരുന്ന് വേട്ട; മുഖ്യപ്രതി പിടിയില്‍
പാര്‍സല്‍ സര്‍വ്വീസുകൾ വഴി കേരളത്തില്‍ ലഹരി മരുന്നുകള്‍ എത്തുന്നു എന്ന വിവരത്തെ തുടര്‍ന്ന് എക്സൈസ് പരിശേധന ശക്തമാക്കിയതായും, ഇത്തരത്തില്‍ ലഹരിമരുന്നുകള്‍ അയക്കുന്നവരെ കണ്ടെത്താന്‍ നടപടികള്‍ ഊര്‍ജിതമാക്കിയതായും അദ്ദേഹം പറഞ്ഞു. ഫസലു അയച്ച പാര്‍സലായെത്തിയ ലഹരിമരുന്നുകള്‍ കൈപ്പറ്റിയ കേസില്‍ മട്ടാഞ്ചേരി സ്വദേശി ഗോവിന്ദ് രാജ് എന്ന പ്രതിയെയും ഇന്ന് എക്സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.