തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവാവിനെ മർദിച്ച സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരനെതിരെ നടപടി. മർദിച്ച ജീവനക്കാരനെ ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തിയതായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ.നിസാറുദ്ദീന്‍ അറിയിച്ചു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് നിർദേശം നൽകിയിരുന്നു.
വിശദമായ അന്വേഷണത്തിന് ശേഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും സൂപ്രണ്ട് അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. നെടുമങ്ങാട് സ്വദേശികളായ രണ്ടു യുവാക്കളെയാണ് സെക്യൂരിറ്റി ഓഫീസറുടെ മുറിക്കു സമീപം വച്ച് വാർഡന്മാർ ക്രൂരമായി മർദിച്ചത്.
രോഗിക്ക് കൂട്ടിരിക്കാൻ വന്നവരാണ് മർദനത്തിനിരയായത്. പുറത്തുപോയി വന്ന ഇവർ ഒ.പി കവാടത്തിലൂടെ ആശുപത്രിക്ക് അകത്തേക്കു കയറാൻ ശ്രമിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. തുടർന്ന് വാർഡന്മാരും യുവാക്കളും തമ്മിൽ വാക്കേറ്റമുണ്ടായി.
കൂടുതൽ വാർഡന്മാരെത്തി യുവാക്കളെ സെക്യൂരിറ്റി ഓഫീസറുടെ മുറിക്ക് സമീപം കസേരയിലിരുത്തി ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. എന്നാൽ ഒ.പിയിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നാണ് ആശുപത്രി ജീവനക്കാരുടെ വാദം.
അതേസമയം സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ലെന്ന് മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തായിട്ടും മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തുകയോ അന്വേഷിക്കുകയോ ചെയ്തില്ലെന്നും ആക്ഷേപമുയരുന്നുണ്ട്.