ചെന്നൈ : തമിഴ്‌നാട്ടിലെ റാണിപ്പേട്ടിലെ ജ്വല്ലറിയില്‍ വന്‍ മോഷണം. 5 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും 20 ലക്ഷം രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങളും കവര്‍ന്നു. അറക്കോണം സ്വദേശി ശ്രീധറിന്‍റെ (36) ഉടമസ്ഥതയിലുള്ള പേപ്പര്‍ മില്‍സ് റോഡിലെ ജെഎല്‍ ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്.
വ്യാഴാഴ്‌ച രാത്രി കട അടച്ചതിന് ശേഷമാണ് സംഭവം. രാത്രി കച്ചവടം കഴിഞ്ഞ് കട അടച്ച ജീവനക്കാര്‍ താക്കോല്‍ ശ്രീധറിന് നല്‍കിയിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്‌ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. കടയുടെ ഷട്ടര്‍ വെല്‍ഡിങ് മെഷീന്‍ ഉപയോഗിച്ച് മുറിച്ചാണ് മോഷ്‌ടാക്കള്‍ അകത്തുകടന്നത്.
ജ്വല്ലറിക്ക് അകത്തുള്ള ലോക്കര്‍ മെഷീന്‍ഗണ്‍ ഉപയോഗിച്ച് തകര്‍ത്ത് ആഭരണങ്ങള്‍ കവരുകയായിരുന്നു. സിസിടിവിയുടെ വയര്‍ മുറിച്ചിടുകയും ഹാര്‍ഡ് ഡിസ്‌ക് മോഷ്‌ടിക്കുകയും ചെയ്‌തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ശ്രീധര്‍ തിരുവികാനഗര്‍ പൊലീസില്‍ സ്റ്റേഷനില്‍ പരാതി നല്‍കി.
പൊലീസ് ജ്വല്ലറിയില്‍ പരിശോധന നടത്തി. ഫോറന്‍സിക് വിദഗ്‌ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു. ജ്വല്ലറിക്ക് സമീപമുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ പരിശോധനയില്‍ രാത്രി രണ്ട് മണിയോടെ ഇന്നോവ കാറിലെത്തിയ സംഘമാണ് ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. മോഷ്‌ടാക്കള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.
വെല്‍ഡിങ് കട്ടര്‍ ഉപയോഗിച്ച് ഷട്ടര്‍ മുറിച്ചാണ് മോഷ്‌ടാക്കള്‍ അകത്ത് കയറിയതെന്നും സ്വര്‍ണം മാത്രം 9 കിലോയോളം നഷ്ടമായിട്ടുണ്ടെന്നും അഡിഷണല്‍ പൊലീസ് കമ്മിഷണര്‍ അന്‍ബു പറഞ്ഞു. ജ്വല്ലറിയില്‍ നിന്ന് ലഭിച്ച വിരലടയാളവും സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണ്. അന്വേഷണം ഊര്‍ജിതമാണ്. കടയിലെ ജീവനക്കാരുടെ വിവരങ്ങള്‍ അടക്കം ശേഖരിച്ച് പരിശോധന നടക്കുന്നുണ്ട്. കേസ് അന്വേഷിക്കുന്നതിനായി ആറ് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്നും കമ്മിഷണര്‍ വ്യക്തമാക്കി.
സാധാരണയായി മേഖലയില്‍ രാത്രി പൊലീസ് പട്രോളിങ് നടത്താറുണ്ട്. എന്നാല്‍ പൊലീസ് പട്രോളിങ് നടത്താത്ത സമയത്താണ് മോഷണം നടന്നത്. കഴിഞ്ഞ മൂന്ന് മാസമായി ജ്വല്ലറിയ്‌ക്ക് സെക്യൂരിറ്റി ജീവനക്കാരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.