ഗൈഘട്ട( പശ്ചിമ ബംഗാൾ) : പൂട്ടിക്കിടന്ന വീട്ടിൽ അസ്ഥികൂടം കണ്ടെത്തി. പശ്ചിമ ബംഗാളിലെ ഗൈഘട്ടയിലെ ഗോപോളിലാണ് സംഭവം. 42 കാരനായ മനോജ് സർദാറിന്‍റേതാണ് അസ്ഥികൂടമെന്ന് സ്ഥിരീകരിച്ചു.
ഇതിന് സമീപത്തുനിന്ന് ലഭിച്ച വസ്‌ത്രം ഇയാളുടേത് തന്നെയാണെന്ന് മനോജിന്‍റെ ഭാര്യ മാധബി തിരിച്ചറിയുകയായിരുന്നു. അഞ്ച് വർഷം മുൻപാണ് മനോജിനെ കാണാതായത്. ഇതേതുടർന്ന് ഗൈഘട്ട പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. പലയിടത്തും അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല.
കഴിഞ്ഞ ദിവസം ഗോപോള്‍ ലോക്‌നാഥ് സംഘത്തിലെ അംഗങ്ങൾ കാളീപൂജ ചെയ്യുന്നതിനായി അടഞ്ഞുകിടന്ന വീട് വൃത്തിയാക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. തുടർന്ന് ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മനോജ് ആത്മഹത്യ ചെയ്‌തതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി അസ്ഥികൂടം പരിശോധനയ്ക്കായി അയച്ചു. മരണത്തിന്‍റെ യഥാർഥ കാരണം പുറത്തുകൊണ്ടുവരണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.