തൃശൂര്‍: വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ അസിസ്റ്റന്റ് പ്രൊഫസർ അറസ്റ്റില്‍. കാലിക്കറ്റ് സര്‍വകലാശാലയുടെ തൃശൂര്‍ അരണാട്ടുകരയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ ഓഫ് ഡ്രാമയിലെ ബിരുദ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ അസിസ്റ്റന്റ് പ്രൊഫസർ ഡോ. എസ്. സുനില്‍ കുമാറിനെയാണ് തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. മോശം സന്ദേശങ്ങള്‍ മൊബൈല്‍ ഫോണിലൂടെ അയച്ചെന്നും അശ്ലീലച്ചുവയുള്ള ഭാഷയില്‍ സംസാരിച്ചെന്നും തുടര്‍ന്ന് ലൈംഗികാതിക്രമത്തിന് മുതിര്‍ന്നുവെന്നുമായിരുന്നു വിദ്യാര്‍ഥിനിയുടെ പരാതി.
അറസ്റ്റ് വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന്
എസ്.പിക്ക് നല്കിയ പരാതിയെ തുടര്‍ന്ന് തൃശൂര്‍ വെസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. വകുപ്പ് മേധാവിയടക്കമുള്ള അധ്യാപകരോട് പരാതി പറഞ്ഞെങ്കിലും പരിഗണിച്ചില്ലെന്ന് പറയുന്നു. ഇതേതുടർന്ന് അധ്യാപകനെതിരെ സമരം ശക്തമാക്കി വിദ്യാര്‍ഥികൾ രംഗത്ത് വന്നിരുന്നു. തൃശൂർ ജോണ്‍ മത്തായി സെന്ററില്‍ നടന്ന സമരം നിരീക്ഷിക്കാന്‍ എത്തിയ പൊലീസുകാരേയും പി.ടി.എ. പ്രസിഡന്റ് അടക്കമുള്ളവരേയും വിദ്യാര്‍ഥികള്‍ തടഞ്ഞുവച്ചിരുന്നു.
തുടർന്ന് എ.സി.പിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് എത്തി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് കാമ്പസില്‍ കുടങ്ങിയവരെ പുറത്തുവിടാൻ വിദ്യാര്‍ഥികള്‍ തയ്യാറായത്. പ്രതിഷേധ ഗാനങ്ങളും നാടകങ്ങളും, മേളവും, സ്കിറ്റുകളുമായി വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തിന് ശേഷമാണ് അറസ്റ്റുണ്ടായത്. കണ്ണൂര്‍ സ്വദേശിയായ അധ്യാപകന് പ്രതിഷേധം ഉയര്‍ന്ന നാള് മുതല്‍ ഒളിവിലായിരുന്നു.
also read: കച്ച ബദാം ഗായകന് അപകടത്തില്‍ പരിക്ക്
വിദ്യാര്‍ഥികളില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഡോ. സുനില്‍കുമാറിനെ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അധ്യാപകന് കാമ്പസ് പരിസരത്ത് പ്രവേശിക്കരുതെന്നും ഉത്തരവിലുണ്ട്.