നന്ദേഡ് (മഹാരാഷ്‌ട്ര): മഹാരാഷ്‌ട്രയില്‍ ഷേവിങിനെച്ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് രണ്ട് കൊലപാതകങ്ങളില്‍. നന്ദേഡ് ജില്ലയിലെ ബോധി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകങ്ങള്‍ അരങ്ങേറിയത്. ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന സലൂണ്‍ ഷോപ്പ് ഉടമയും, ഷോപ്പിലെത്തിയ യുവാവുമാണ് കൊല്ലപ്പെട്ടത്.
ബോധി ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന സലൂണിലെത്തിയ യുവാവിനോട് കടയുടമയായ അനില്‍ മാരുതി ഷിന്‍ഡെ താടിയുടെ പകുതി ഭാഗം മാത്രം ഷേവ് ചെയ്‌ത ശേഷം മറു വശം ഷേവ് ചെയ്യാനായി പണം ആവശ്യപ്പെട്ടു. എന്നാല്‍ ഷേവിങ് പൂര്‍ത്തിയായ ശേഷം പണം നല്‍കാം എന്നായിരുന്നു കടയിലെത്തിയ വെങ്കട് സുരേഷ് ദേവ്‌കര്‍ എന്ന യുവാവിന്‍റെ പ്രതികരണം. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു.
ഇരുവരും തമ്മിലുള്ള തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. തുടര്‍ന്ന് രോഷാകുലനായ കടയുടെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് യുവാവിനെ കഴുത്തില്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ യുവാവിന്‍റെ ബന്ധുക്കളാണ് സലൂണ്‍ ഉടമയെ കൊലപ്പെടുത്തിയത്.
സംഭവസ്ഥലത്തെത്തി സലൂണിന് തീയിട്ട ശേഷമാണ് സലൂണ്‍ ഉടമയെ സമീപത്തുള്ള ഭാർ മാർക്കറ്റിൽ വച്ച് ആള്‍കൂട്ടം കൊലപ്പെടുത്തിയത്. സലൂണ്‍ ഉടമയുടെ വീടും സംഘം തീയിട്ട് നശിപ്പിച്ചിരുന്നു. അതേസമയം സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.