തിരുവനന്തപുരം : യുവസംവിധായിക നയന സൂര്യയുടെ മരണത്തിൽ, കാണാതായ തൊണ്ടിമുതലുകൾ തിരികെ കിട്ടി. നയനയുടെ മുറിയിലുണ്ടായിരുന്ന ബെഡ്‌ഷീറ്റും തലയണയും ചില വസ്‌ത്രങ്ങളുമാണ് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നിന്ന് കിട്ടിയത്. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ സാധനങ്ങൾ കൂട്ടി ഇട്ടിരുന്ന സ്ഥലത്താണ് നയനയുടെ മുറിയിൽ നിന്ന് രണ്ട് വർഷങ്ങൾക്ക് മുൻപ് പൊലീസ് ശേഖരിച്ച വസ്‌തുക്കള്‍ ഉണ്ടായിരുന്നത്.
അതേസമയം മരണസമയത്ത് നയന ധരിച്ചിരുന്ന വസ്‌ത്രങ്ങൾ ഇത് വരെ പൊലീസിന് ലഭിച്ചിട്ടില്ല. കണ്ടെടുത്ത തൊണ്ടിമുതലുകൾ നിലവിൽ ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ക്രൈംബ്രാഞ്ചിന്‍റെ നിർദേശപ്രകാരമാണ് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർ തന്നെ തെരച്ചിൽ നടത്തിയത്.
ആർ ഡി ഒ കോടതിയാണ് നയനയുടെ വസ്‌തുക്കൾ പൊലീസിന് സൂക്ഷിക്കാൻ നൽകിയത്. നയനയുടെ ചുരിദാർ, അടിവസ്‌ത്രം, തലയണയുറ, പുതപ്പ് എന്നിവയാണ് കോടതി കൈമാറിയത്. 2019 ഫെബ്രുവരി 23ന് രാത്രിയാണ് ആൽത്തറയിലെ വാടകവീട്ടിൽ നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണം ആത്മഹത്യ ആകാമെന്നായിരുന്നു കേസിൽ ആദ്യം അന്വേഷണം നടത്തിയ മ്യൂസിയം പൊലീസിന്‍റെ നിഗമനം. എന്നാൽ കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ സംഭവം വിവാദമാവുകയായിരുന്നു. പൊലീസിന്‍റെ അന്വേഷണത്തിൽ ഗുരുതര വീഴ്‌ച സംഭവിച്ചുവെന്ന് ജില്ല ക്രൈം റെക്കോർഡ്‌സ് ബ്യൂറോ അസിസ്റ്റന്‍റ് കമ്മിഷണറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വ്യക്തമായി.
also read: നയന സൂര്യന്‍ മരിക്കുന്നതിന് മുമ്പ് ക്രൂര മര്‍ദനത്തിന് ഇരയായിരുന്നു; സുഹൃത്തിന്‍റെ നിര്‍ണായക മൊഴി
പിന്നീട് കമ്മിഷണറുടെ നിർദേശപ്രകാരം അന്വേഷണ ചുമതല ക്രൈം ബ്രാഞ്ചിന്‍റെ പ്രത്യേക സംഘത്തിന് കൈമാറുകയായിരുന്നു. തുടർന്ന് നയനയുടെ താമസസ്ഥലത്ത് എത്തിയ സംഘം പരിശോധന നടത്തുകയും സുഹൃത്തുകളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു.