എറണാകുളം: മംഗളൂരു സ്‌ഫോടനക്കേസിലെ പ്രതി ഷാരിഖ് ആലുവയില്‍ എത്തിയതിന്‍റെ കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന്. സെപ്‌റ്റംബര്‍ 13 മുതല്‍ 18 വരെ അഞ്ച് ദിവസമാണ് ഷാരിഖ് ആലുവയില്‍ തങ്ങിയത്. ആലുവയിലെ വിവിധ കേന്ദ്രങ്ങളില്‍ എ ടി എസ് പരിശോധന നടത്തി. വിഷയം ചർച്ച ചെയ്യാൻ കേന്ദ്ര-സംസ്ഥാന സുരക്ഷ ഏജൻസികളുടെ ഉന്നതതല യോഗം കൊച്ചിയിൽ ചേർന്നു.
ആലുവയിലെ ലോഡ്‌ജിലായിരുന്നു ഷാരിഖ് താമസിച്ചത്. ലോഡ്‌ജിലും ഇയാള്‍ എത്തിയ മറ്റ് സ്ഥലങ്ങളിലും റെയ്‌ഡ് നടത്തിയ എ ടി എസ് ലോഡ്‌ജ് ഉടമയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. അതേസമയം ആലുവയിലെ താത്കാലിക വിലാസം നല്‍കി ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ചില സാധനങ്ങളും ഷാരിഖ് വാങ്ങി.
വണ്ണം കുറയ്ക്കുന്നതിനുള്ള ടമ്മി ട്രിമ്മറും ഫേസ് വാഷും വാങ്ങിയിരുന്നു. ഇത് എന്തിന് വേണ്ടിയാണെന്നും ആലുവയിൽ താമസിച്ചതെന്തിനാണെന്നും അന്വേഷണ ഏജൻസികൾ പരിശോധിക്കുകയാണ്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലെ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിലും സുരക്ഷ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
വിവിധ കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം കൊച്ചിയിലെ കേന്ദ്ര ഐ ബി ഓഫിസിൽ ചേർന്നു. റോ, ഐ ബി, എ ടി എസ് എന്നിവയുടെ സംയുക്ത യോഗം ചേർന്നാണ് സ്ഥിതിഗതികൾ വിലയിരുത്തിയത്. പ്രതി ഷാരിഖ് മംഗളുരിവിൽ ഓട്ടോറിക്ഷയിൽ നടത്തിയ കുക്കർ ബോംബ് സ്ഫോടനം ഭീകരാക്രമണങ്ങളുടെ ഭാഗമാണെന്നാണ് സംശയിക്കുന്നത്.