പൂനെ : കോളജ് വിദ്യാര്‍ഥിനിയെ സുഹൃത്തുക്കളുടെ സഹായത്തോടെ മദ്യം നല്‍കി ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കി. ലാതുര്‍ സിറ്റിയിലെ കോളജില്‍ പഠിക്കുന്ന 16 കാരിയായ വിദ്യാര്‍ഥിയെയാണ് പെണ്‍സുഹൃത്തുക്കളുടെ സഹായത്തോടെ ഓട്ടോറിക്ഷ ഡ്രൈവര്‍ ബലാത്സംഗം ചെയ്‌തത്. സംഭവത്തില്‍ പെണ്‍കുട്ടി പരാതിപ്പെട്ടതോടെ അഞ്ചുപേര്‍ക്കെതിരെ പോക്‌സോ നിയമം ഉള്‍പ്പടെ ചുമത്തി പൊലീസ് കേസെടുത്തു.
സൗഹൃദം കലര്‍ത്തിയ ചതി : ജനുവരി 18 ബുധനാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം. ലാതുര്‍ സിറ്റിയില്‍ താമസിക്കുന്ന പെണ്‍കുട്ടി പതിവുപോലെ കോളജിലേക്ക് പുറപ്പെട്ടു. ഉച്ചയ്ക്ക് കാന്‍റീനില്‍ ഇരിക്കുകയായിരുന്ന വിദ്യാര്‍ഥിയെ മൂന്ന് പെണ്‍സുഹൃത്തുക്കള്‍ പാര്‍ട്ടിയിലേക്കെന്നറിയിച്ച് അംബോജോഗൈ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലേക്കെത്തിക്കുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കളില്‍ ഒരാള്‍ തന്‍റെ ഭര്‍ത്താവിനെ ഫോണിലൂടെ അവിടേക്ക് ക്ഷണിച്ചു. ഇതുപ്രകാരം സുഹൃത്തിന്‍റെ ഭര്‍ത്താവും ഓട്ടോറിക്ഷ ഡ്രൈവറും സംഭവസ്ഥലത്തേക്കെത്തി.
തുടര്‍ന്ന് ലഹരി നല്‍കി ഓട്ടോറിക്ഷ ഡ്രൈവര്‍ പെണ്‍കുട്ടിയെ ക്രൂരമായി പീഡനത്തിനിരയാക്കുകയായിരുന്നു. പീഡനശ്രമം പെണ്‍കുട്ടി ചെറുത്തതോടെ ഇയാള്‍ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി. ഈ സമയം പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും ഭര്‍ത്താവും സ്ഥലംവിട്ടിരുന്നു. വൈകുന്നേരം ആറുമണിയായതോടെ പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ നിന്ന് ഇറക്കിവിട്ട് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ബോധം തിരിച്ചുകിട്ടിയ ശേഷം പെണ്‍കുട്ടി സ്വമേധയാ നഗരത്തിലെ എംഐഡിസി പൊലീസ് സ്‌റ്റേഷനിലെത്തി സംഭവത്തില്‍ പരാതിപ്പെട്ടു.
കേസെടുത്ത് പൊലീസ് : പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ്, ഓട്ടോറിക്ഷ ഡ്രൈവര്‍, പെണ്‍കുട്ടിയുടെ മൂന്ന് പെണ്‍സുഹൃത്തുക്കള്‍, ഇവരിലൊരാളുടെ ഭര്‍ത്താവ് തുടങ്ങിയവര്‍ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376 (2) (ജെ), 328, 506, 34 വകുപ്പുകളും 2012 ലെ പോക്‌സോ നിയമവും ഉള്‍പ്പെടുത്തി ജിയുആര്‍ നമ്പര്‍. 41/23 എന്ന നമ്പറിലാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തില്‍ ഒരാള്‍ പിടിയിലായെന്നും മറ്റ് നാലുപേര്‍ ഒളിവിലാണെന്നും എംഐഡിസി പൊലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്‌ടര്‍ സഞ്ജീവന്‍ മിറക്കിള്‍ ഇടിവി ഭാരതിനോട് ഫോണില്‍ പ്രതികരിച്ചു.