കാസർകോട്: മലയാളി യുവാവ് ബെംഗളൂരുവിൽ കുത്തേറ്റ് മരിച്ച സംഭവത്തിൽ ക്വട്ടേഷൻ സംഘത്തിന് ആളുമാറിയതെന്ന് സ്ഥിരീകരിച്ച് ബെംഗളൂരു പൊലീസ്. കാസർകോട് രാജപുരം സ്വദേശി സനു തോംസണാണ് കൊല്ലപ്പെട്ടത്. പ്രാഥമിക അന്വേഷണത്തിൽ തന്നെ സനുവിനെ ആളുമാറി കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
കൊലപാതക സംഘം തേടിയത് മറ്റൊരാളെ ആണെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരുവിലെ ജിഗാനി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ വച്ചാണ് ക്വട്ടേഷൻ സംഘം സനുവിനെ കൊലപ്പെടുത്തിയത്. സംഭവ സ്ഥലത്തെ സിസിടിവിയിൽ പ്രതികളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.
പ്രത്യേക പൊലീസ് സംഘത്തിന്‍റെ നേതൃത്വത്തിലാണ് കേസിൽ അന്വഷണം നടക്കുന്നത്. അതേസമയം സംഭവത്തിൽ കാര്യക്ഷമമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സനുവിന്‍റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി. ആദ്യ ഘട്ടത്തിൽ ബെംഗളൂരു പൊലീസിന്‍റെ ഭാഗത്ത് നിന്ന് മോശമായ പ്രതികരണമാണ് ഉണ്ടായതെന്ന് സനുവിന്‍റെ കുടുംബം ആരോപിച്ചു.
കഴിഞ്ഞ വ്യാഴാഴ്‌ചയാണ്(14.07.2022) ബെംഗളൂരുവിലെ മെക്കാനിക്കൽ കമ്പനിയിൽ ജീവനക്കാരനായ സനു തോംസണിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം കുത്തി കൊലപ്പെടുത്തിയത്. സനു കഴിഞ്ഞ പത്ത് വർഷമായി ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്.