ഇടുക്കി : ഇലന്തൂര്‍ നരബലിയുടെ വാര്‍ത്തകള്‍ കേരള മനസ്സാക്ഷിയെ ഭീതിയിലാഴ്‌ത്തുകയാണ്. എന്നാല്‍ നാല് പതിറ്റാണ്ട് മുൻപ് മാധ്യമങ്ങൾ അത്ര സജീവമല്ലാത്ത കാലത്ത് ഇടുക്കി പനംകുട്ടിയില്‍ നാടിനെ നടുക്കിയ ഒരു നരബലി നടന്നിരുന്നു. അത് റിപ്പോർട്ട് ചെയ്‌ത പ്രാദേശിക പത്ര പ്രവർത്തകനാണ് ധനപാലൻ മങ്കുവ.
1981-ൽ ഇടുക്കി പനംകുട്ടിയിൽ നടന്ന നരബലിയില്‍ ഇരയായ സോഫിയ അനുഭവിച്ച ക്രൂരതകള്‍ ഞെട്ടലോടെ ഇന്നും അദ്ദേഹം ഓർത്തെടുക്കുന്നു. സംസ്ഥാനത്ത് ഇനി ഒരിക്കലും നരബലി ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു.
പനംകുട്ടിയെ നടുക്കിയ നരബലി എന്ന ഹെഡ് ലൈനോടെ ധനപാലനാണ് അന്ന് ആ വാർത്ത പുറം ലോകത്തെ അറിയിക്കുന്നത്. ആ കാര്‍ഷിക കുടിയേറ്റ ഗ്രാമത്തിലെ ഹനുമാന്‍ കുന്നില്‍ നിധിയ്ക്ക് വേണ്ടി പതിനേഴുകാരിയായ സോഫിയ എന്ന പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചുമൂടിയത് ഞെട്ടലോടെയാണ് അന്ന് കേരളം കേട്ടത്.
തുടർന്നും നരബലികള്‍ ഇടുക്കിയിലും കേരളത്തിന്‍റെ വിവിധ പ്രദേശങ്ങളിലും ഉണ്ടായി. അന്ധവിശ്വാസം ആളുകളില്‍ എത്രമേല്‍ തീവ്രമാണെന്നാണ് നിലവിലെ വാര്‍ത്തകള്‍ വ്യക്തമാക്കുന്നതെന്നും ധനപാലന്‍ പറയുന്നു.