കൊല്ലം: പൊലീസിൽ പരാതി നൽകാൻ പ്രേരിപ്പിച്ചെന്ന് ആരോപിച്ച് യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഘത്തിലെ നാലുപേരെ അറസ്റ്റ് ചെയ്‌തു. പാറമടയിലെ ഒളിത്താവളത്തിൽ നിന്ന് കിളികൊല്ലൂർ പൊലീസാണ് ഇവരെ പിടികൂടിയത്.
Also Read: വന്‍ കഞ്ചാവ് വേട്ട ; പിടിച്ചത് 3,400 കിലോ,3 പേര്‍ കസ്റ്റഡിയില്‍
കിളികൊല്ലൂർ ചമ്പക്കുളം സ്വദേശി സജിൻ, പേരൂർ സ്വദേശി സജീവ്, കൊറ്റങ്കര സ്വദേശി ജഹാസ്, ചമ്പക്കുളം സ്വദേശി റാഫി എന്നിവരാണ് അറസ്റ്റിലായത്. ഓഗസ്റ്റ് 18ന് ചമ്പക്കുളം ക്ഷേത്രത്തിന് വടക്ക് താമസിക്കുന്ന മണികണ്‌ഠനെയാണ് മാരകായുധങ്ങൾ ഉപയോഗിച്ച് ആറംഗസംഘം മർദിച്ചത്.
മണികണ്‌ഠൻ്റെ പ്രേരണ മൂലമാണ് ഇയാളുടെ സുഹൃത്ത് പൊലീസിൽ പരാതി നൽകിയതെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവം കഴിഞ്ഞ് ഒളിവിൽ പോയ പ്രതികൾ വർക്കല, കുളത്തൂപുഴ എസ്റ്റേറ്റ് എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു.
പൊലീസിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പിടികൂടുന്നതിനിടയിൽ കിളികൊല്ലുർ എസ്.ഐ അനീഷിന് പരുക്കേറ്റു.
പ്രതികളിൽ ഒരാൾ രണ്ട് കാപ്പ കേസിലും ഒരു കൊലപാതകക്കേസിലും പ്രതിയാണ്. മറ്റുള്ളവരുടെ പേരിലും നിരവധി കേസുകൾ ഉള്ളതായി പൊലീസ് അറിയിച്ചു. സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്.