ചെന്നൈ : പതിനൊന്നാം ക്ലാസ് വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായതിനെ തുടർന്ന്, തമിഴ്‌നാട് മുന്‍ മന്ത്രി ഡി.ജയകുമാറിന്റെ മകള്‍ ജയപ്രിയ ഒളിവില്‍. മനപ്പൂര്‍വമല്ലാത്ത നരഹത്യ ചുമത്തി കേസെടുത്ത പ്രതിയെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. ജയപ്രിയയുടെ ഉടമസ്ഥതയിലുള്ള വിവാഹമണ്ഡപത്തിലെ ലിഫ്‌റ്റ് തകര്‍ന്നാണ് വിദ്യാര്‍ഥിനി കൊല്ലപ്പെട്ടത്.
വെള്ളിയാഴ്‌ചയായിരുന്നു (13 മെയ്) കേസിനാസ്‌പദമായ സംഭവം. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ഹാളിലെത്തിയ പെണ്‍കുട്ടിയും സുഹൃത്തുക്കളും കെട്ടിടത്തിന്‍റെ രണ്ടാം നിലയിലെത്താന്‍ ലിഫ്‌റ്റില്‍ കയറുകയായിരുന്നു. അപകടത്തില്‍ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി സംഭവസ്ഥലത്തുവച്ച് മരിച്ചു, കുട്ടിക്കൊപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് തിരുവള്ളൂർ ജില്ലയിലെ ഗുമ്മിഡിപൂണ്ടിയിലെ വിവാഹ മണ്ഡപത്തിൽ ഹാൾ സൂപ്പർവൈസർ ഡി.തിരുനാവക്കരശു, ലിഫ്റ്റ് ഓപ്പറേഷൻസ് ഇൻചാർജ് പുളിയന്തോപ്പ് സ്വദേശി എസ്.കക്കൻ, മാനേജർ ബി.വെങ്കിടേശൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
ആവശ്യമുള്ള മാനദണ്ഡങ്ങള്‍ പാലിച്ചല്ല ലിഫ്‌റ്റ് നിര്‍മിച്ചിരിക്കുന്നതെന്ന് പരിശോധനയില്‍ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ 2015 ല്‍ നിര്‍മിച്ച കെട്ടിടത്തിന്‍റെ ലിഫ്റ്റ് ആളുകളെ കയറ്റാന്‍ വേണ്ടി ഉള്ളതല്ലെന്നും, ഭക്ഷണവും മറ്റ് സാധനങ്ങളും കൊണ്ട് പോകാന്‍ ഉപയോഗിക്കുന്നതാണെന്നും ഹാള്‍ സൂപ്പര്‍വൈസര്‍ അഭിപ്രായപ്പെട്ടു.