എറണാകുളം: നെടുമ്പാശ്ശേരി ലഹരിക്കടത്തിന് പിന്നിലെ തീവ്രവാദ ബന്ധം തേടി അന്വേഷണ ഏജൻസികൾ. രാജ്യാന്തര വിപണിയില്‍ 36 കോടി വിലയുള്ള 18 കിലോ മെഥാക്വിനോളുമായി പാലക്കാട് സ്വദേശി മുരളീധരൻ നായർ ഞായറാഴ്ച(21.08.2022) കൊച്ചി വിമാനത്താവളത്തിൽ പിടിയിലായി. ഇയാൾ രാജ്യാന്തര ലഹരിക്കടത്ത് സംഘത്തിലെ കണ്ണിയെന്നാണ് കസ്റ്റംസ് നൽകുന്ന വിവരം.
പ്രതിയെ ആന്റി ടെററിസ്റ്റ് സ്ക്വാഡ് ഉൾപ്പെടെ വിവിധ ഏജൻസികൾ ചോദ്യം ചെയ്തു. വിശദമായ ചോദ്യം ചെയ്യലിലാണ് ലഹരിക്കടത്തിന് പിന്നിലെ രാജ്യാന്തര ബന്ധം വ്യക്തമായത്. ഇവർക്ക് പിന്നിൽ തീവ്രവാദ ഗ്രൂപ്പുകൾ ഉണ്ടോയെന്നും പരിശോധിച്ച് വരികയാണ്.
വനിതകള്‍ നിയന്ത്രിക്കുന്ന സംഘത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ് മുരളീധരന് നായരെന്ന് കസ്റ്റംസ് സംശയിക്കുന്നു. ഇതേ സംഘത്തെ ഇന്ത്യയിൽ നിയന്ത്രിക്കുന്ന യുവതിയാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പിടിയിലായ നൈജീരിയന്‍ സ്വദേശിനിയായ യുകാമ ഇമ്മാനുവേല ഒമിഡുവിനെന്നാണ് കരുതുന്നത്. യുവതിയെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യും.
നൈജീരിയന്‍ സ്വദേശിനി പിടിയിൽ: സിംബാബ്വെയില് നിന്ന് മയക്കുമരുന്ന് വാങ്ങിയ മുരളീധരന് നായര്‍ ദോഹ വഴി കൊച്ചിയിലെത്തിച്ച ശേഷം ഡല്‍ഹിയിലുള്ള നൈജീരിയക്കാരിക്ക് കൈമാറാനായിരുന്നു തീരുമാനം. എന്നാല്‍ ഇത് മുന്‍കൂട്ടി തിരിച്ചറിഞ്ഞ കസ്റ്റംസ് മുരളീധരൻ നായരെ പിടികൂടുകയും ഇയാളുടെ ഫോൺ ഉപയോഗിച്ച് യുവതിയെ കുടുക്കുകയായിരുന്നു. താന്‍ ഉടന്‍ ഡല്‍ഹിയിലെത്തുമെന്ന് മുരളീധരന് നായരുടെ മൊബൈലിൽ നിന്ന് കസ്റ്റംസ് യുവതിക്ക് സന്ദേശമയച്ചു.
ഇത് അനുസരിച്ച് മയക്കുമരുന്ന് കൈപ്പറ്റാൻ ഡൽഹിയിലെ ഹോട്ടൽ റൂമിലെത്തിയ നൈജീരിയക്കാരിയെ കസ്റ്റംസ് കയ്യോടെ പിടികൂടി. കഴിഞ്ഞ ദിവസം അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാൻഡിലായ മുരളീധരനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ രാജ്യാന്തര മയക്കുമരുന്ന് സംഘത്തെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കൊച്ചിയിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രക്കായി എയർ ഏഷ്യ വിമാനത്തിൽ കയറവെയാണ് പാലക്കാട് സ്വദേശി മുരളീധരൻ നായരുടെ ബാഗേജ് പരിശോധന നടത്തിയത്.
സിയാലിന്റെ അത്യാധുനിക 'ത്രി ഡി എം ആർ ഐ' സ്കാനിങ് യന്ത്രം ഉപയോഗിച്ച് സിയാലിന്റെ തന്നെ സുരക്ഷ വിഭാഗം നടത്തിയ പരിശോധനയിലാണ് ബാഗിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ചിരുന്ന ലഹരി വസ്തു കണ്ടെത്തിയത്.
Also read: ഇടുക്കിയിൽ ലഹരി മാഫിയ സജീവം; കർശന പരിശോധനയുമായി എക്സൈസ്